നമ്മുടെ അടുക്കളയില്‍ ഉണ്ടാക്കുന്ന പല കറികളിലും ചേര്‍ക്കുന്ന ചേരുവയാണ് ഇഞ്ചിയും വെളുത്തുള്ളിയും. ഇത് വീട്ടില്‍ തന്നെ നമ്മള്‍ ചതച്ചോ അല്ലെങ്കില്‍ മിക്‌സിയിലിട്ടൊന്ന് പേസ്റ്റാക്കിയോ എടുത്താണ് ചേര്‍ക്കുക. എന്നാല്‍ ഇന്ന് കടകളില്‍ നിന്ന് ഇത് റെഡി ടു യൂസ് ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് വാങ്ങാന്‍ കിട്ടും. ഇഞ്ചിയും വെളുത്തുള്ളിയും തൊലികളഞ്ഞും കഴുകി അത് മിക്‌സിയിലിട്ട് അരച്ചെടുക്കാന്‍ കുറച്ചു സമയം വേണ്ടിവരും.
ഇത് ലാഭിക്കാന്‍ വേണ്ടിയാണ് ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് നമ്മള്‍ വാങ്ങുന്നത്. ഇത് നല്ലൊരു സഹായം തന്നെയാണെന്നതു ശരിതന്നെ. എന്നാല്‍ എത്രമാത്രം സുരക്ഷിതമാണെന്ന് നിങ്ങള്‍ക്കറിയാമോ..? ആരോഗ്യവിദഗ്ധര്‍ പറയുന്നത് ഇത് 100 ശതമാനവും ശരിയല്ലെന്നാണ്. മറ്റു പായ്കറ്റില്‍ വരുന്ന ഭക്ഷണങ്ങള്‍ പോലെ പ്രിസര്‍വേറ്റിവുകളും അഡിറ്റീവുകളും രാസവസ്തുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നതാണ് കാരണം.
എന്തൊക്കെയാണ് ചേര്‍ക്കുന്നത്
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റില്‍ പൊതുവേ ഉപയോഗിക്കുന്നത് സിട്രിക് ആസിഡും സാന്തം ഗമ്മും സിന്തറ്റിക് ഫുഡ് കളറുകളുമാണ് ചേരുവയായി ചേര്‍ക്കുന്നത്. മിതമായ തോതില്‍ ഉപയോഗിച്ചാല്‍ ഇവയൊന്നും കാര്യമായ പ്രശ്‌നം ഉണ്ടാക്കുകയില്ലായിരിക്കാം. എന്നാല്‍ നമ്മുടെ സംവേദനക്ഷമമായ വയറും കുടലുമൊക്കെയുള്ളവര്‍ക്ക് പായ്ക്ക് ചെയ്ത ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റിന്റെ നിത്യോപയോഗം പല പ്രശ്‌നങ്ങളും ഉണ്ടാക്കാം.
പായ്കറ്റിലെ പേസ്‌ററിന്റെ മണത്തിനോ നിറത്തിനോ എന്തെങ്കിലും വ്യത്യാസം ശ്രദ്ധയില്‍പെടുകയോ അത് ഒട്ടിപ്പിടിക്കുന്നതായോ വെള്ളം പോലെ നീണ്ടുകിടക്കുകയോ ചെയ്താല്‍ ആ പായ്ക്ക് അപ്പോള്‍ തന്നെ ഒഴിവാക്കുന്നതായിരിക്കും നന്നാവുക.
കുറച്ചു പൈസ കൊടുത്ത് പുതിയ പായ്ക്ക് വാങ്ങിയാലും കുഴപ്പമില്ല. എക്‌സ്പയറി ഡേറ്റും ലേബലുമൊക്കെ നോക്കി സുരക്ഷ ഉറപ്പാക്കി വാങ്ങിയതയാലും ശരി ഇത്തരം കാര്യങ്ങള്‍ കണ്ടാല്‍ ഉപേക്ഷിക്കുക. പുതിയത് വാങ്ങുകയോ അല്ലെങ്കില്‍ വീട്ടില്‍ ഇതുപോലെ ഉണ്ടാക്കുകയോ ചെയ്യാവുന്നതാണ്.
വീട്ടില്‍ പേസ്റ്റ് തയാറാക്കാം
ഇഞ്ചിയും വെളുത്തുള്ളിയും തൊലിയൊക്കെ കളഞ്ഞ് ഉണക്കിയെടുത്ത ശേഷം ഒരു മിക്‌സിയില്‍ കുറച്ച് എണ്ണയും ഉപ്പും ചേര്‍ത്ത് നല്ലതു പോലെ അരച്ചെടുക്കുക. കെമിക്കല്‍ ഇല്ലാത്ത, പ്രിസര്‍വേറ്റിവ് ഇല്ലാത്ത നല്ല ഒന്നാന്തരം ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഫ്രിഡ്ജില്‍ വച്ചാല്‍ ഒരാഴ്ചവരെ കേടുവരാതെ ഉപയോഗിക്കുകയും ചെയ്യാം.















