ബെംഗളൂരു: കര്‍ണാടകയില്‍ പെണ്‍ഭ്രൂണ ഹത്യ വ്യാപകമായി നടക്കുന്നു എന്ന് വിവരം. ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു തന്നെയാണ് ഇക്കാര്യം നിയമസഭയില്‍ പറഞ്ഞത്. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. ഇതുവരെ എടുത്ത കേസുകളും കോടതി നടപടികളും മന്ത്രി വിശദീകരിച്ചു. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഭ്രൂണഹത്യ നിയമപ്രകാരം കുറ്റകരമാണ്. എന്നാല്‍ സാങ്കേതിക സഹായങ്ങളോടെ ഭ്രൂണ പരിശോധന നടത്തി പെണ്‍കുട്ടിയാണ് എന്ന് അറിഞ്ഞാല്‍ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യാനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. കര്‍ശനമായ നടപടികള്‍ വരുമെന്ന സൂചനയാണ് മന്ത്രി ദിനേശ് ഗുണ്ടുറാവു നല്‍കിയത്.
പെണ്‍ഭ്രൂണഹത്യ നടക്കുന്നത് സംബന്ധിച്ച് എങ്ങനെ കണ്ടെത്തി എന്ന കാര്യം മന്ത്രി വിശദീകരിച്ചു. ചില താലൂക്ക് ആശുപത്രികളില്‍ അസാധാരണമായ രീതിയില്‍ പിറക്കുന്നതെല്ലാം ആണ്‍കുട്ടികളാണ് എന്ന വിവരം ലഭിച്ചതോടെയാണ് രഹസ്യമായി അന്വേഷിച്ചത്. തുടര്‍ന്നാണ് പെണ്‍ഭ്രൂണ ഹത്യ നടക്കുന്നു എന്ന് മനസിലായത് എന്ന് മന്ത്രി പറഞ്ഞു.
ആശുപത്രികളിലും സ്‌കാനിങ് സെന്ററുകളിലും പ്രത്യേക പരിശോധന സര്‍ക്കാര്‍ നടത്തിയിരുന്നു. ഇതില്‍ നിന്ന് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2023 മുതല്‍ 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 46 പേരെ അറസ്റ്റ് ചെയ്തുവെന്നും മന്ത്രി വിശദീകരിച്ചു.
രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ
സ്‌കാനിങ് സെന്ററുകള്‍, അതിന്റെ ഉടമകള്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ 136 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 74 കേസുകളില്‍ പിഴ ചുമത്തി. 65 കേസുകളില്‍ വിചാരണ തുടരുകയാണ്. ഇത്തരം സംഭവങ്ങളെ കുറിച്ച് രഹസ്യമായി വിവരം കൈമാറുന്നവര്‍ക്ക് നേരത്തെ 50000 രൂപ പാരിതോഷികം നല്‍കിയിരുന്നു. തുക ഒരു ലക്ഷമാക്കി കര്‍ണാടക സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന തലത്തില്‍ ഭ്രൂണഹത്യ തടയുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇതില്‍ ബന്ധമുണ്ടന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വന്‍ സംഘം തന്നെ ഇതിന് പിന്നിലുണ്ട് എന്നും സിടി രവി എംഎല്‍എ ചൂണ്ടിക്കാട്ടി. നിയമം മതിയായ രീതിയില്‍ നടപ്പാക്കുന്നില്ലെന്നും ശക്തമായ പുതിയ നിയമം വേണമെന്നും രവി ആവശ്യപ്പെട്ടു.
ഗ്രാണീ മേഖലയില്‍ ഗര്‍ഭിണികളുടെ കണക്ക് എടുക്കാനും തുടര്‍ മാസങ്ങളില്‍ പരിശോധന നടത്താനും സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രത്യേക പദ്ധതിയും ഒരുക്കിയിട്ടുണ്ട് എന്ന് മന്ത്രി വിശദീകരിച്ചു. രാജ്യം ഇത്രയും പുരോഗതി പ്രാപിച്ചിട്ടും പെണ്‍കുട്ടികള്‍ ജനിക്കുന്നത് ഇല്ലാതാക്കുന്നതിന് സംഘടിത പ്രവര്‍ത്തനം നടക്കുന്നു എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്.














