പ്രകൃതി വിഭവങ്ങള്‍ ഊറ്റിയെടുത്ത് കൊണ്ടുപോയ ബ്രിട്ടീഷുകാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച ദൗത്യമാണ് നിലമ്പൂരിലെ സ്വര്‍ണ ഖനനം. നിലമ്പൂര്‍ മേഖലയിലെ ഭൂമിക്കടിയില്‍ സ്വര്‍ണമുണ്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് വേണ്ടി പല പഠനങ്ങള്‍ നടക്കുകയും ചെയ്തു. പ്രതീക്ഷിച്ച പോലെ സ്വര്‍ണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് ബ്രിട്ടീഷുകാര്‍ പദ്ധതി ഒഴിവാക്കിയത്. കാലാവസ്ഥ പ്രതികൂലമായതും അവര്‍ക്ക് തിരിച്ചടിയായി.
1870 മുതല്‍ 1899 വരെയാണ് മലബാര്‍ ഗോള്‍ഡ് റഷ് എന്ന പേരില്‍ നിലമ്പൂരിലെ സ്വര്‍ണ ഖനനത്തിന് ബ്രിട്ടീഷുകാര്‍ ശ്രമം നടത്തിയത്. ഇവര്‍ നാടുവിട്ടെങ്കിലും നാട്ടുകാര്‍ സ്വര്‍ണം അരിച്ചെടുത്തിരുന്നു. പലര്‍ക്കും കിട്ടുകയും ചെയ്തു. എന്നാല്‍ അടുത്ത കാലത്തുണ്ടായ പ്രളയവും പ്രകൃതി ദുരന്തങ്ങളും മേഖലയുടെ ഘടനയില്‍ കാതലായ മാറ്റം വരുത്തി എന്നാണ് വിലയിരുത്തല്‍.
നിലമ്പൂരിലെ മണ്ണിനടിയില്‍ ഇപ്പോഴും സ്വര്‍ണ ശേഖരത്തിന് സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മൈനര്‍ മിനറല്‍ ജില്ലാ സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നേരിട്ട് ഖനനം ചെയ്യാവുന്ന സ്വര്‍ണവും മണ്ണില്‍ അലിഞ്ഞ സ്വര്‍ണവുമാണ് ഇവിടെയുള്ളതത്രെ. മരുത പ്രദേശത്താണ് പ്രധാനമായും സ്വര്‍ണ ശേഖരമുള്ളത്. അഞ്ച് ലക്ഷം ടണ്‍ സ്വര്‍ണ ശേഖരം ഇവിടെയുണ്ടെന്നാണ് കെഎംഇഡിപിയുടെ അനുമാനം.
മൈനിങ് എക്‌സ്‌പ്രൊറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് നടത്തിയ പഠനത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാണ്ടിപ്പുഴ-ചാലിയാര്‍ മേഖല, പുന്നപ്പുഴ-കരക്കോട് പുഴ-മാരാടിപ്പുഴ മേഖല എന്നിവിടങ്ങളിലെ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന രീതിയില്‍ സ്വര്‍ണമുണ്ടെന്നും മനസിലാക്കി. എന്നാല്‍ ഇവ ഖനനം ചെയ്ത് എടുക്കാന്‍ സാധിക്കുമോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമായി വന്നേക്കും.
നിലമ്പൂരിലെ സ്വര്‍ണം അരിച്ചെടുക്കല്‍ ഇങ്ങനെ
നിലമ്പൂരിലും പരിസരങ്ങളിലും പ്രാദേശിക അടിസ്ഥാനത്തില്‍ സ്വര്‍ണം അരിക്കല്‍ നടത്തുന്നവരുണ്ടായിരുന്നു. പുഴയുടെ മണ്ണും മണലും കോരിയെടുത്ത് അരിക്കുന്നതാണ് ഈ രീതി. മണ്ണിനേക്കാള്‍ ഭാരം കൂടിയ സ്വര്‍ണത്തരികള്‍ അരിക്കുന്ന പാത്രത്തിന്റെ അടിയില്‍ തങ്ങിനില്‍ക്കും. ഏറെ സമയം പിടിക്കുന്ന ജോലിയാണിത്. അടുത്ത കാലം വരെ ഇത്തരം ശ്രമങ്ങള്‍ നടന്നിരുന്നു എങ്കിലും നിയമവിരുദ്ധ നീക്കമാണിത്.
സ്വര്‍ണ ഖനനം അത്ര എളുപ്പമുള്ള കാര്യമല്ല. കോടികളുടെ നിക്ഷേപം ആവശ്യമായി വരും. കാനഡയിലെ ബാരിക് ഗോള്‍ഡ് ഉള്‍പ്പെടെ സ്വര്‍ണ ഖനനത്തില്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനികളുണ്ട്. സ്വര്‍ണ ശേഖരമുള്ള മണ്ണിലെ മാറ്റങ്ങള്‍ മനസിലാക്കിയാണ് പരിശോധന നടത്തുക. വിശദമായ പരിശോധന നടത്തിയാല്‍ ഇക്കാര്യം സ്ഥിരീകരിക്കും.
ഖനനം നടത്താന്‍ സാധിക്കുമോ, കോടികള്‍ മുടക്കിയുള്ള ഖനനം നടത്തിയാല്‍ ലാഭകരമാകുമോ തുടങ്ങിയ പഠനങ്ങളും നടക്കും. ഇക്കാര്യങ്ങളെല്ലാം ഉറപ്പാക്കിയ ശേഷമാണ് കുഴിച്ചെടുത്തുന്ന ഖനനത്തിന് ഒരുങ്ങുക. ജനവാസമുള്ള മേഖലയില്‍ സ്വര്‍ണ ഖനനം പ്രയാസകരമാകും. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ആയിരക്കണം ഖനനം എന്നതും എടുത്തു പറയേണ്ടതാണ്. ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ സ്വര്‍ണ ഖനനം നടക്കുന്നുണ്ട്.














