മത്സ്യകൃഷിയില്‍ ഇന്ന് ഒരു പുതുവൈപ്പ് വളര്‍ന്ന് വരുന്നുണ്ട്. വിപണി കൂടുതലായി ആവശ്യപ്പെടുന്ന രുചിയിലും പോഷകഗുണങ്ങളിലും സമ്പന്നമായ മത്സ്യങ്ങളെ വളര്‍ത്തുന്നതാണ് പ്രവണത. ഉപഭോക്താക്കളുടെ ആരോഗ്യബോധവും ഗുണമേന്മയുള്ള ഭക്ഷണത്തിനുള്ള ആവശ്യവും കൂടിയതോടെ, മത്സ്യ കര്‍ഷകരും ഉയര്‍ന്ന ഗുണനിലവാരമുള്ള ഇനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണ്.
കൂടുതല്‍ രുചിയും പോഷക ഗുണങ്ങളുമുള്ള മത്സ്യങ്ങളെയാണ് വളര്‍ത്താന്‍ മത്സ്യ കര്‍ഷകര്‍ തെരഞ്ഞെടുക്കുന്നതും. എന്നാല്‍ ചൈനയിലെ രണ്ടു കര്‍ഷകര്‍ തിരഞ്ഞെടുത്തിരിക്കുന്നത് തങ്ങള്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് രുചി ലഭിക്കാന്‍ പ്രയോഗിക്കുന്ന തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നല്ല എരിവുള്ള മുളകാണത്രേ മത്സ്യങ്ങള്‍ക്ക് ഇവര്‍ തീറ്റയായി നല്‍കുന്നത്.
ഹുനാന്‍ പ്രവിശ്യയിലെ ചാങ്ഷയില്‍ ജിയാങ് ഷെങ് എന്ന 40കാരനും സുഹൃത്ത് കുവാങും ചേര്‍ന്ന് നടത്തുന്ന കുളമാണ് വാര്‍ത്തകളില്‍ നിറയുന്നത്. കുളത്തിന്റെ വലുപ്പം അദ്ഭുതപ്പെടുത്തുന്നതാണ്. 10 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഭീമന് കുളത്തില്‍ 2000 ത്തിലേറെ മത്സ്യങ്ങളെയാണ് ഇവര്‍ വളര്‍ത്തുന്നത്. ഇവയുടെ തീറ്റയ്ക്കായി ഇവര്‍ നല്കുന്നതോ പല തരത്തിലുള്ള മുളകുകളും.
ദിവസവും മുളകുകളാണ് മത്സ്യങ്ങള്‍ക്കു തീറ്റയായി നല്‍കുന്നത്. ഇങ്ങനെ ഇവ കൂടുതല്‍ രുചിയുള്ളതും തിളക്കമുള്ളതുമായി മാറുമെന്നും ജിയാങ് അവകാശപ്പെടുന്നു. ചില ദിവസങ്ങളിലോ 5,000 കിലോ ഗ്രാം മുളകു വരെ വേണ്ടി വരുമെന്നും ഇവര്‍ പറയുന്നു.
കോണ്‍ പെപ്പര്‍, മില്ലറ്റ് പെപ്പര്‍ തുടങ്ങി മനുഷ്യര്‍ സാധാരണയായി ഉപയോഗിക്കുന്ന മുളക് ഇനങ്ങളാണ് മത്സ്യങ്ങള്‍ക്കും നല്‍കുന്നത്. ആദ്യമൊക്കെ മുളക് കഴിക്കാന്‍ മത്സ്യങ്ങള്‍ക്ക് മടിയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. പിന്നീട് മുളക് മാത്രം തേടിപ്പിടിച്ച് കഴിക്കുന്ന സ്ഥിതിയായി.
എരിവുള്ള ഭക്ഷണം കഴിച്ചാല്‍ മനുഷ്യര്‍ വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ വെള്ളത്തില്‍ കഴിയുന്നതിനാല്‍ മത്സ്യങ്ങള്‍ക്ക് അത് പ്രശ്നമില്ലെന്നാണ് ജിയാങിന്റെ വാദം. മത്സ്യങ്ങള്‍ക്കാണെങ്കില്‍ മനുഷ്യരെ പോലെ നാവില്‍ രാസ മുകുളങ്ങള്‍ ഇല്ലെന്നും ഇവ ഗന്ധത്തിലൂടെയാണ് ഭക്ഷണം തെരഞ്ഞെടുക്കുന്നതെന്നും മുളകുകളില്‍ ഏറെ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ടെന്നുമൊക്കെയാണ് ജിയാങിന്റെ വാദം.
മുളകിലെ പോഷക ഘടകങ്ങള്‍ മത്സ്യങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുമെന്നും അവയുടെ വളര്‍ച്ച അത് വേഗത്തിലാക്കുമെന്നും ചെതുമ്പലുകള്‍ക്ക് സ്വര്‍ണതിളക്കം നല്‍കുമെന്നും പറയുന്നു. പ്രാദേശിക കര്‍ഷകരില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന മുളകുകള്‍ ആയതിനാല്‍ കൃഷി ലാഭകരമാക്കുമെന്നും ഇവര്‍ പറയുന്നു. കുളം വൈറലായതോടെ ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇവിടേക്കെത്തിക്കൊണ്ടിരിക്കുന്നത്.















