പുറത്തു നിന്ന് എന്തു വാങ്ങിക്കഴിക്കുമ്പോഴും പേടിയാണ് ആളുകള്‍ക്ക്. അത് പച്ചക്കറികളായാലും പഴവര്‍ഗങ്ങളായാലും മറ്റെന്തു തന്നെയാണെങ്കിലും. എന്നാല്‍ ആപ്പിള്‍ പ്രിയര്‍ക്ക് ഇനി അവയുടെ പുറത്തു തിളങ്ങി നില്‍ക്കുന്ന മെഴുകും കീട നാശിനികളെ കുറിച്ചുള്ള പേടിയൊന്നും വേണ്ട. ഇതുകാരണം ആപ്പിള്‍ കഴിക്കാത്തവര്‍ക്കൊക്കെ ഇനി ധൈര്യമായി കഴിക്കാം.
കടകളില്‍ വില്‍ക്കുന്ന ആപ്പിള്‍ ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കാന്‍ വേണ്ടിയാണ് കൃത്രിമ മെഴുക് പുരട്ടുന്നത്. ഇവ നീക്കം ചെയ്താല്‍ ആപ്പിളിന്റെ രുചിയോ ഗുണമോ നഷ്ടപ്പെടുമോ എന്ന പേടിയും വേണ്ട. ഇതൊന്നും നഷ്ടപ്പെടാതെ തന്നെ ആപ്പിളിന്റെ മെഴുകും പുറത്തുള്ള രാസവസ്തുക്കളും നീക്കാന്‍ ഈ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു നോക്കാം.

ചെറു ചൂടു വെള്ളം
ആപ്പിള്‍ വൃത്തിയാക്കാനായി ഏറ്റവും ലളിതമായ മാര്‍ഗമാണ് ചെറു ചൂടുള്ള വെള്ളം. അതുപോലെ മൃദുവായൊരു വെജിറ്റബിള്‍ ബ്രഷും വേണം. ഇതിനു വേണ്ടി ആപ്പിള്‍ ചെറിയ ചൂടുവെള്ളത്തിലിട്ട് വയ്ക്കുക. തിളപ്പിക്കരുത്. ശേഷം ബ്രഷ് കൊണ്ട് മൃദുവായി പുറം ഭാഗം സ്‌ക്രബ് ചെയ്യുക.
ശേഷം വൃത്തിയുള്ള തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ ആപ്പിളിന്റെ രുചിയില്‍ മാറ്റം വരാതെ വേഗത്തില്‍ ഉപരിതലത്തിലെ മെഴുകുകളും അഴുക്കുകളും കളയാന്‍ സാധിക്കുന്നതാണ്.

വിനാഗിരി വെള്ളം
ആപ്പിളിനു പുറത്തുള്ള മെഴുക് കളയാനായി ഒരു പാത്രം വെള്ളത്തില്‍ അല്‍പം വെള്ള വിനാഗിരി ചേര്‍ക്കുക. ശേഷം 10 മിനിറ്റ് ആപ്പിള്‍ അതില്‍ മുക്കിവയ്ക്കുക. ശേഷം നല്ല വെള്ളത്തില്‍ കഴുകിയെടുത്തു തുടച്ചു വയ്ക്കുക.
നാരങ്ങാ നീര് – ബേക്കിങ് സോഡ
ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയും 2 ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്തുക. ആപ്പിള്‍ 10 മിനിറ്റുവരെ മുക്കിവയ്ക്കുക. ശേഷം നല്ല വെള്ളത്തില്‍ കഴുകിയെടുക്കുക. നാരങ്ങാ നീരിലടങ്ങിയ സിട്രിക് ആസിഡ് ആപ്പിളിനു പുറത്തുള്ള മെഴുക് അലിയിപ്പിക്കുന്നതാണ്. ബേക്കിങ് സോഡ കീടനാശിനിയുടെ അവശിഷ്ടങ്ങളെയും നീക്കം ചെയ്യുന്നു.
തിളയ്ക്കുന്ന വെള്ളത്തിലിട്ടു വയ്ക്കല്‍
സാധാരണ ആളുകള്‍ ചെയ്യുന്നതാണ് തിളയ്ക്കുന്ന വെള്ളത്തില്‍ ആപ്പിള്‍ മുക്കി വയ്ക്കുക എന്നത്. ഇതുവഴി മെഴുക് ആവരണം മൃദുവാക്കുകയും നീക്കം ചെയ്യാന്‍ എളുപ്പമാവുകയും ചെയ്യുന്നതാണ്.
വെള്ളം തിളപ്പിച്ച ശേഷം 10 സെക്കന്‍ഡ് മുക്കിവയ്ക്കുക. അതിനു ശേഷം തുണി ഉപയോഗിച്ച് തുടക്കുക. വേഗം തന്നെ തണുത്ത വെള്ളത്തില്‍ കഴുകകയും വേണം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കാണുന്ന കട്ടിയുള്ള ആപ്പിളുകളിലെ വാക്‌സുകള്‍ ഇങ്ങനെ നീക്കം ചെയ്യാവുന്നതാണ്.
ഉപ്പു വെള്ളത്തില്‍
ഒരു പാത്രം ചെറു ചൂടുള്ള വെള്ളത്തില്‍ 2 ടേബിള്‍ സ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. ഇതിലേക്ക് ആപ്പിള്‍ കുറച്ചു സമയം കുതിര്‍ത്തു വയ്ക്കുക. ശേഷം തുടച്ചെടുത്ത് ശുദ്ധമായ വെള്ളത്തില്‍ നന്നായി കഴുകുക. ആപ്പിളിനു മുകളിലുള്ള രാസ അവശിഷ്ടങ്ങളൊക്കെ മാറി ക്കിട്ടുന്നതാണ്. ഇതൊരു പ്രകൃതിദത്തരീതി കൂടിയാണ്.















