ദുബൈ: ഗൾഫിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ ഓൺലൈൻ പോർട്ടലിലൂടെ ചിപ്പ് സഹിതമുള്ള ഇ-പാസ്പോർട്ട് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ അവരുടെ നിലവിലുള്ള പാസ്പോർട്ടുകൾ പുതിയ സാങ്കേതികവിദ്യ പ്രാപ്തമാക്കിയ പതിപ്പ് പ്രകാരം അപ്ഡേറ്റ് ചെയണോ എന്ന് പല പ്രവാസികളുടെയും സംശയം ആണ്. അതിന്റെ ഒറ്റവാക്കിലുള്ള ഉത്തരം ‘വേണ്ട, അത് നിർബന്ധമല്ല’ എന്നാണ്. നിങ്ങളുടെ നിലവിലെ പഴയ പാസ്പോർട്ട്, അത് കാലഹരണപ്പെടുന്നതുവരെ സാധുതയുള്ളതാണ്. ഇന്ത്യാ ഗവൺമെന്റ് നൽകുന്ന എല്ലാ പാസ്പോർട്ടുകളും അവയുടെ കാലാവധി തീരുന്നതുവരെ സാധുതയുള്ളതായി തുടരുമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തത വരുത്തുകയും ചെയ്തു. ഇ-പാസ്പോർട്ട് നൽകുന്നതിന് അതത് പാസ്പോർട്ട് ഓഫീസ് സാങ്കേതികമായി പ്രവർത്തനക്ഷമമാകുമ്പോൾ, ആ പാസ്പോർട്ട് ഓഫീസിന് കീഴിൽ അപേക്ഷിക്കുന്നവർക്ക് ഇ-പാസ്പോർട്ട് ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പുതിയ പാസ്‌പോർട്ട് സേവാ പ്രോഗ്രാം അഥവാ PSP- 2.0
ഇന്ത്യൻ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങൾക്കുമായി ആണ് പുതിയ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (പി.എസ്.പി 2.0) ആരംഭിച്ചത്.
ഇലക്ട്രോണിക് ചിപ്പുകളുള്ള ഇ-പാസ്‌പോർട്ടുകൾ ഇഷ്യൂ ചെയ്യൽ, എഡിറ്റ് ചെയ്യുന്നതിന് അധിക നിരക്കുകളില്ല തുടങ്ങിയവയാണ് ഈ പ്രോഗ്രാമിന്റെ സവിശേഷതകളെന്നും ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. നവീകരിച്ച ജി.പി.എസ്.പി 2.0 പ്ലാറ്റ്‌ഫോം വഴി അപേക്ഷകർക്ക് അവരുടെ രേഖകൾ അപ്‌ലോഡ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ബി.എൽ.എസ് സെന്ററുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ ഈ സംരംഭം സഹായിക്കും. കഴിഞ്ഞദിവസം മുതൽ പ്രാബല്യത്തിലായ ഈ സംവിധാനം മുഖേന
എല്ലാ അപേക്ഷകരും പാസ്‌പോർട്ടുകൾ അപേക്ഷിക്കുന്നതിനോ, പുതുക്കുന്നതിനോ പുതിയ ഓൺലൈൻ പോർട്ടൽ – https://mportal.passportindia.gov.in/gpsp/AuthNavigation/Login – ഉപയോഗിക്കേണ്ടതാണ്.
എന്താണ് ഇ-പാസ്പോർട്ടിനെ വ്യത്യസ്തമാക്കുന്നത്
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) ചിപ്പും പാസ്പോർട്ട് ഉടമയുടെ വ്യക്തിഗത വിശദാംശങ്ങളും ബയോമെട്രിക് വിവരങ്ങളും ഉൾക്കൊള്ളുന്ന പാസ്പോർട്ടിന്റെ ഇൻലേ ആയി ഉൾച്ചേർത്ത ആന്റിനയും ഉള്ള ഒരു സംയോജിത പേപ്പറും ഇലക്ട്രോണിക് പാസ്പോർട്ടുമാണ് ഇ-പാസ്പോർട്ട്. പാസ്പോർട്ടിന്റെ മുൻവശത്തെ കവറിൽ ചുവടെ അച്ചടിച്ച ഒരു ചെറിയ സ്വർണ്ണ നിറ ചിഹ്നമായി ഇ-പാസ്പോർട്ട് തിരിച്ചറിയാൻ കഴിയും.
ഇ-പാസ്പോർട്ടിൽ പാസ്പോർട്ട് നമ്പറിംഗ് സംവിധാനത്തിലും മാറ്റം വന്നിട്ടുണ്ട്. നിലവിലുള്ള പാസ്പോർട്ടുകൾ ഒരു അക്ഷരവും തുടർന്ന് ഏഴ് അക്ക നമ്പറും ആണെങ്കിൽ ഇ-പാസ്പോർട്ട് നമ്പർ രണ്ട് അക്ഷരങ്ങളുടെ ഫോർമാറ്റും തുടർന്ന് ആറ് അക്ക നമ്പറും പിന്തുടരുന്നു.
നേട്ടങ്ങൾ എന്തൊക്കെയാണ്?
പാസ്പോർട്ട് ഉടമയുടെ ഡാറ്റയുടെ സമഗ്രത നിലനിർത്താനുള്ള മെച്ചപ്പെട്ട കഴിവാണ് ഇ-പാസ്പോർട്ടിന്റെ പ്രധാന നേട്ടം. ഇ-പാസ്പോർട്ടിൽ ഡാറ്റ ബുക്ക്ലെറ്റിൽ അച്ചടിച്ച രൂപത്തിലും ഇലക്ട്രോണിക് ചിപ്പിൽ ഡിജിറ്റലായി ഒപ്പിട്ടും ഉണ്ടായിരിക്കും. അത് ആഗോളതലത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി ആധികാരികത ഉറപ്പാക്കാൻ കഴിയും. അങ്ങനെ, വ്യാജരേഖകളിൽ നിന്നും വ്യാജ പാസ്പോർട്ടുകൾ പോലുള്ള വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ നിന്നും പാസ്പോർട്ടിനെ സംരക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പുതുക്കിയ സംവിധാനം പാസ്‌പോർട്ട് അപേക്ഷാ പ്രക്രിയ വേഗത്തിലും സുതാര്യമായും ഉപയോക്തൃ സൗഹൃദപരമായും മാറ്റാൻ ലക്ഷ്യമിടുന്നു.
പി.എസ്.പി 2.0 നടപ്പിലാക്കുന്നത് വിദേശത്ത് ഇന്ത്യയുടെ പാസ്‌പോർട്ട് സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിനും, യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിന് കൂടുതൽ കാര്യക്ഷമതയും സൗകര്യവും ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വ്യക്തമാക്കി.
മെച്ചപ്പെടുത്തലുകൾ
പാസ്‌പോർട്ട് ഉടമയുടെ ഡിജിറ്റൈസ് ചെയ്ത ഡാറ്റ അടങ്ങിയ ഇലക്ട്രോണിക് ചിപ്പ് ഉൾപെടുത്തിയ ഇ-പാസ്‌പോർട്ടുകൾ നൽകുന്നത് ഉൾപ്പെടെ നിരവധി മെച്ചപ്പെടുത്തലുകൾ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നു. ഇ-പാസ്‌പോർട്ട് വേഗമേറിയതും കൂടുതൽ സുരക്ഷിതവുമായ എമിഗ്രേഷൻ ക്ലിയറൻസ് സുഗമമാക്കും.
ബി.എൽ.എസ് കേന്ദ്രങ്ങളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി രൂപകൽപന ചെയ്‌തിരിക്കുന്ന ഐ.സി.എ.ഒയ്ക്ക് അനുയോജ്യമായ ഫോട്ടോഗ്രാഫുകൾ, ഒപ്പുകൾ, അനുബന്ധ രേഖകൾ എന്നിവ അപേക്ഷകർക്ക് നേരിട്ട് പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യാനും കഴിയുമെന്നതാണ് ഒരു സവിശേഷത. സമർപ്പിക്കുന്നതിന് മുമ്പ് ഐ.സി.എ.ഒയുടെ ഫോട്ടോ മാർഗനിർദേശങ്ങൾ അവലോകനം ചെയ്യാൻ അപേക്ഷകരോട് കോൺസുലേറ്റ് നിർദേശിച്ചു.
കൂടാതെ, അപേക്ഷകർക്ക് ഫോമുകൾ വീണ്ടും ടൈപ്പ് ചെയ്യാതെ തന്നെ ബി.എൽ.എസ് സെന്ററുകളിൽ ചെറിയ തിരുത്തലുകൾ വരുത്താൻ പുതിയ സംവിധാനം അനുവദിക്കുന്നു. ഇത് പ്രക്രിയ കൂടുതൽ ലളിതമാക്കുകയും അത്തരം എഡിറ്റുകൾക്കുള്ള അധിക നിരക്കുകൾ ഒഴിവാക്കുകയും ചെയ്യുന്നു.
എങ്ങനെ അപേക്ഷിക്കണം?
ആദ്യം സൈറ്റിൽ കയറി ഒരു അക്കൗണ്ട് സൃഷ്ടിക്കണം. ലോഗിൻ ചെയ്ത് അപേക്ഷകർക്ക് രജിസ്റ്റർ ചെയ്യാം. ഓൺലൈനായി ഫോം സമർപ്പിച്ച ശേഷം, അവർ അത് പ്രിന്റ് ചെയ്ത് ബി.എൽ.എസ് ഇന്റർനാഷണൽ വെബ്‌സൈറ്റ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. തുടർന്ന്, അപേക്ഷകർ പ്രിന്റ് ചെയ്ത ഫോമും ആവശ്യമായ അനുബന്ധ രേഖകളും സഹിതം തങ്ങളുടെ ബി.എൽ.എസ് കേന്ദ്രം സന്ദർശിക്കുക.















