---പരസ്യം---

അമീബിക് മസ്തിഷ്‌കജ്വരം: കോളിഫോമും കാരണമാകാം,കിണറും കക്കൂസും തമ്മിലുള്ള അകലം ശരിയാണോയെന്ന് പരിശോധിക്കണം

On: October 27, 2025 1:32 PM
Follow Us:
പരസ്യം

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം ബാധിക്കുന്നവര്‍ ഏറുമ്പോള്‍ ആശങ്കയായി ജലാശയങ്ങളിലെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം. കിണറുകളിലടക്കം കോളിഫോം ബാക്ടീരിയ കാണപ്പെടുന്നുണ്ട്. അടുത്തിടെ രോഗബാധ സ്ഥിരീകരിച്ച പലസ്ഥലങ്ങളിലും നടത്തിയ പരിശോധനയില്‍ ഇവയെ കണ്ടെത്തിയതായി ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ പറയുന്നു.

അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കാന്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യവും ഒരു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബറില്‍ മാത്രം സംസ്ഥാനത്ത് 54 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത്. എട്ടുപേര്‍ മരിക്കുകയും ചെയ്തു.

മൂന്നുവര്‍ഷം മുന്‍പ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ 70 ശതമാനം കുടിവെള്ളസ്രോതസ്സുകളിലും അമിത അളവില്‍ കോളിഫോം ഉള്ളതായി കണ്ടെത്തിയിരുന്നു. ശൗചാലയമാലിന്യങ്ങള്‍ തന്നെയാണ് ഇതിനു കാരണമായി കണ്ടെത്തിയതും. ഈ സ്ഥിതിക്ക് ഇപ്പോഴും മാറ്റംവന്നിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കുഴല്‍ക്കിണര്‍ വെള്ളത്തിലും മാലിന്യം

അടുത്തിടെ കഴക്കൂട്ടം മേഖലയിലെ വീടുകളിലെ വെള്ളം പരിശോധിച്ചപ്പോള്‍ പലവീടുകളിലെയും വെള്ളം ഉപയോഗയോഗ്യമല്ലെന്ന റിപ്പോര്‍ട്ടാണ് കിട്ടിയത്. അടുത്തടുത്ത് വീടുകള്‍ വരുമ്പോള്‍ കിണറുകളിലെ കോളിഫോം സാന്നിധ്യം ഉയരാന്‍ സാധ്യതയുള്ളതായി പറയപ്പെടുന്നുണ്ട്. കക്കൂസുകളുടെ കുഴിക്കു സമാന്തരമായി കിണറുകളും വരുന്ന സ്ഥലങ്ങളില്‍ ഇവയില്‍ നിന്നുള്ള മാലിന്യങ്ങള്‍ കിണറുകളിലെത്താന്‍ സാധ്യത കൂടുതലാണ്.

പ്ലാസ്റ്റിക് സെപ്റ്റിക് ടാങ്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഇത്തരത്തില്‍ മാലിന്യം കലരാനുള്ള സാഹചര്യം കുറയും. എന്നാല്‍, ഫ്‌ളാറ്റുകള്‍ മാത്രമുള്ള പ്രദേശങ്ങളിലെ കിണറുകളിലും കോളിഫോം തോത് ഉയരുന്നുണ്ട്. 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലെ വെള്ളം പരിശോധിച്ചപ്പോള്‍വരെ കോളിഫോം സാന്നിധ്യം കണ്ടെത്തി.

അമീബ ഭക്ഷിക്കുന്നത് കോളിഫോം ബാക്ടീരിയയെ

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠനങ്ങളിലും കിണറുകളിലെ വെള്ളത്തില്‍ കോളിഫോം സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. അമീബ ഭക്ഷിക്കുന്നത് കോളിഫോം ബാക്ടീരിയയെയാണ്. അതിനാല്‍ കോളിഫോം ബാക്ടീരിയയുടെ എണ്ണം ക്രമാതീതമായാല്‍ അമീബിക് മസ്തിഷ്‌കജ്വരം വരാനുള്ള സാധ്യതയും ഏറെയാണ്. പൊതു ജലാശയങ്ങളിലും നദികളിലും മറ്റും ശൗചാലയ മാലിന്യമുള്‍പ്പെടെ കൊണ്ടുവന്നു തള്ളുന്നത് വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വീടുകളിലെ കിണറുകളും പൈപ്പുകളും ഉപയോഗിക്കുന്നവര്‍ക്കും പൊതുജലാശയങ്ങളില്‍ കുളുക്കുന്നവര്‍ക്കുമടക്കം അടുത്തകാലത്ത് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു.

ക്ലോറിനേഷന്‍ ചെയ്യാം

1000 ലിറ്റര്‍ വെള്ളത്തിന് രണ്ടര ഗ്രാം എന്ന കണക്കില്‍ ബ്ലീച്ചിങ് പൗഡര്‍ ബക്കറ്റില്‍ എടുക്കുക. ഇതില്‍ വെള്ളം ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കിയശേഷം ബക്കറ്റില്‍ മുക്കാല്‍ഭാഗം വെള്ളമൊഴിച്ച് ഇളക്കിയിട്ട് 10 മിനിറ്റ് വെക്കണം. ഇത് കഴിയുമ്പോള്‍ ലായനിയിലെ ചുണ്ണാമ്പ് ബക്കറ്റിന്റെ ചുവടെ അടിയും. മുകളിലെ വെള്ളത്തില്‍ ക്ലോറിന്‍ ലയിച്ചുചേരും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഇത് ഒഴിച്ചശേഷം ബക്കറ്റ് കിണറിനുള്ളിലേക്ക് ഇറക്കി വെള്ളത്തില്‍ ശക്തിയായി പൊക്കുകയും താഴ്ത്തുകയും ചെയ്യുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കിണര്‍ ഉപയോഗിച്ച് തുടങ്ങാം. സൂപ്പര്‍ ക്ലോറിനേഷനാണെങ്കില്‍ 1000 ലിറ്റര്‍ വെള്ളത്തിന് അഞ്ച് ഗ്രാം എന്ന കണക്കില്‍ ബ്ലീച്ചിങ് പൗഡര്‍ എടുക്കണം.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!