നിങ്ങളുടെ ക്രെഡിറ്റ് കാർഡിലെ ചെറിയ തിളങ്ങുന്ന ഹോളോഗ്രാം (Hologram) നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അത് അലങ്കാരത്തിനുള്ളല്ല, വലിയൊരു സുരക്ഷാ ചരിത്രം അതിന് പിന്നിലുണ്ട്. പതിറ്റാണ്ടുകളായി, ഈ ചെറിയ ചിത്രം ക്രെഡിറ്റ് കാർഡുകളുടെ പ്രധാന സുരക്ഷാ സവിശേഷതയായി കണക്കാക്കപ്പെടുന്നു.
തുടക്കം 1980-കളിൽ
1980-കളിൽ വിസ (Visa) കമ്പനിയാണ് സുരക്ഷ ഉറപ്പാക്കാൻ തങ്ങളുടെ കാർഡുകളിൽ ഒരു ചെറിയ പ്രാവിൻ്റെ ഹോളോഗ്രാം ആദ്യമായി അവതരിപ്പിച്ചത്. ആ കാലത്ത്, കാർഡ് ഇടപാടുകൾ കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഇംപ്രിൻ്റ് മെഷീനുകൾ ഉപയോഗിച്ചാണ് നടന്നിരുന്നത്. ഈ മെഷീൻ ഉപയോഗിച്ച് വ്യാപാരികൾ കാർഡ് നമ്പറിൻ്റെ ഫോട്ടോസ്റ്റാറ്റ് പോലെ ഒരു പകർപ്പ് എടുത്തിരുന്നു.
വ്യാജ കാർഡുകൾ തടയാൻ
വ്യാജ ക്രെഡിറ്റ് കാർഡുകൾ ഉണ്ടാകുന്നത് അക്കാലത്ത് ഒരു വലിയ പ്രശ്നമായിരുന്നു. വ്യാപാരികൾക്ക് ഒരു കാർഡ് ശരിക്കുള്ളതാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് ഹോളോഗ്രാം ചേർത്തത്. ഹോളോഗ്രാമുകൾ അതേപടി പകർത്തിയെടുക്കാൻ വളരെ പ്രയാസമാണ്.
കാർഡ് അൽപം ചെരിച്ചുപിടിച്ചാൽ ഈ ഹോളോഗ്രാം യഥാർത്ഥമാണോ എന്ന് വ്യാപാരികൾക്ക് എളുപ്പത്തിൽ പരിശോധിക്കാൻ സാധിച്ചിരുന്നു. ചില പഴയ കാർഡുകളിൽ സാധാരണ വെളിച്ചത്തിൽ കാണാത്ത പ്രാവിൻ്റെ ചിത്രം ഉണ്ടാകും. അൾട്രാവയലറ്റ് (UV) ലൈറ്റിൽ മാത്രമേ അത് കാണാൻ കഴിയൂ.
ഇപ്പോഴത്തെ സ്ഥിതി
പഴയ കാലത്ത് കാർഡിൻ്റെ ആധികാരികത ഉറപ്പാക്കാൻ വിശ്വസനീയമായ ഡിജിറ്റൽ സംവിധാനങ്ങൾ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ചിപ്പ് സാങ്കേതികവിദ്യ, കോൺടാക്റ്റ്‌ലെസ് NFC പേയ്മെന്റുകൾ, CVV കോഡുകൾ തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് തട്ടിപ്പുകൾ കണ്ടെത്തുന്നത്.
അതുകൊണ്ടുതന്നെ, സുരക്ഷാ സവിശേഷത എന്ന നിലയിൽ ഹോളോഗ്രാമിൻ്റെ പ്രാധാന്യം കുറഞ്ഞു. എങ്കിലും, കാർഡ് നിർമ്മാണത്തിന് ചെലവ് കുറവായതുകൊണ്ടും വിസയുടെ പ്രാവും മാസ്റ്റർകാർഡിൻ്റെ ഗ്ലോബും (Mastercard Globe) പോലുള്ള ബ്രാൻഡ് ഐഡന്റിറ്റിയുടെ ഭാഗമായതുകൊണ്ടും ഇത് ഇപ്പോഴും കാർഡുകളിൽ തുടരുന്നു.
ഇന്ന്, ഇത് കൂടുതലും ഒരു ദൃശ്യ സൂചന മാത്രമാണ്. യഥാർത്ഥ സുരക്ഷ കൈകാര്യം ചെയ്യുന്നത് ആധുനിക സാങ്കേതികവിദ്യയാണ്.















