നവംബർ മുതൽ സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. എസ്ബിഐ കാർഡ് ഉടമകളും ഈ മാറ്റത്തെ കുറിച്ച് അറിഞ്ഞിരിക്കണം. എസ്‌ബിഐ കാർഡ് വിവിധ ഇടപാടുകൾക്ക് ഈടാക്കുന്ന ചാർജുകൾ പരിഷ്കരിക്കാനൊരുങ്ങുന്നു. 2025 നവംബർ 1 മുതൽ ഈ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. തേർഡ് പാർട്ടി ആപ്പുകൾ വഴിയുള്ള ഇടപാടുകൾ മുതൽ നിരവധി പേയ്മെൻ്റുകളിലാണ് മാറ്റം വരാനിരിക്കുന്നത്. അപ്രതീക്ഷിത കിഴിവുകൾ ഒഴിവാക്കാൻ എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾ ഈ പരിഷ്കരിച്ച നിയമങ്ങൾ കൃത്യമായി പരിശോധിക്കുക;
പുതുക്കിയ ഫീസുകളും ചാർജുകളും
1. വിദ്യാഭ്യാസ പേയ്‌മെന്റുകൾ
നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമമനുസരിച്ച് CRED, MobiKwik പോലുള്ള തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് നടത്തുന്ന വിദ്യാഭ്യാസ പേയ്‌മെന്റുകൾക്ക് ഇടപാട് തുകയുടെ 1% ഫീസ് ഈടാക്കുന്നതാണ്. എന്നാൽ ഉപഭോക്താക്കൾ കോളേജുകളുടെയോ സ്കൂളുകളുടെയോ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ അല്ലെങ്കിൽ ക്യാമ്പസുകളിൽ സ്ഥാപിച്ചിട്ടുള്ള പോയിന്റ് ഓഫ് സെയിൽസ് (POS) മെഷീനുകൾ വഴിയോ കാർഡ് ഉപയോഗിച്ച് നേരിട്ട് പേയ്‌മെന്റുകൾ നടത്തിയാൽ ഫീസ് ഈടാക്കില്ല.
2. വാലറ്റ് ലോഡ് ചാർജുകൾ
എസ്ബിഐ കാർഡ് ഉടമകൾക്ക്, തിരഞ്ഞെടുത്ത മർച്ചന്റ് കോഡുകൾ വഴി 1,000 രൂപയിൽ കൂടുതലുള്ള വാലറ്റ് ലോഡുകൾക്ക് ഇടപാട് തുകയുടെ 1% ചാർജ് ഈടാക്കും. എന്നാൽ 1,000 രൂപയിൽ താഴെയുള്ള ചെറിയ ടോപ്പ്-അപ്പുകൾക്ക് ഈ നിരക്കുകൾ ബാധകമായിരിക്കില്ല.
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാലറ്റുകളിൽ വേഗത്തിൽ ബാലൻസ് ചേർക്കുന്ന Paytm, PhonePe, Amazon Pay, MobiKwik പോലുള്ള ഡിജിറ്റൽ വാലറ്റുകളുടെ സ്ഥിരം ഉപയോക്താക്കളെ ഈ പുതിയ നയം നേരിട്ട് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
3. മറ്റ് നിരക്കുകൾ
- എസ്ബിഐ കാർഡുപയോഗിച്ച് പണമടക്കുമ്പോൾ ഓരോ ഇടപാടിനും 250 രൂപ ഫീസ് ഈടാക്കും.
- ചെക്ക് പേയ്‌മെന്റ് ഫീസ് 200 രൂപയാണ്.
- നിങ്ങളുടെ പേയ്‌മെന്റ് പ്രോസസ് ചെയ്യപ്പെട്ടില്ലെങ്കിൽ തുകയുടെ 2% ഡിസ്ഹോണർ ഫീസ് ഈടാക്കും.
- ക്രെഡിറ്റ് കാർഡ് വഴി പണം പിൻവലിക്കുകയാണെങ്കിൽ തുകയുടെ 2.5% ക്യാഷ് അഡ്വാൻസ് ഫീസ് ഈടാക്കും.
- കാർഡ് മാറ്റുമ്പോൾ 100 രൂപ മുതൽ 250 രൂപ വരെ ഫീസ് ഈടാക്കും. എസ്‌ബിഐ കാർഡ് ഓറം പോലുള്ള പ്രീമിയം കാർഡുകൾക്ക് 1,500 രൂപ ഈടാക്കും.
- നിശ്ചിത തീയതിക്കുള്ളിൽ മിനിമം എമൗണ്ട് ഡ്യൂ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ, ലേറ്റ് പേയ്‌മെന്റ് ചാർജുകൾ ഈടാക്കുന്നതാണ്. ഈ ചാർജുകൾ 1,300 രൂപ വരെ ഉയർന്നേക്കാം.
- കൂടാതെ, തുടർച്ചയായ രണ്ട് ബില്ലിംഗ് സൈക്കിളുകളിൽ മിനിമം എമൗണ്ട് ഡ്യൂ നിശ്ചിത തീയതിക്കകം അടയ്ക്കാതിരുന്നാൽ 100 രൂപ അധിക ഫീസ് ബാധകമാകും.
- എസ്ബിഐ ക്രെഡിറ്റ് കാർഡ് കൈവശമുള്ളവരെല്ലാം ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം. സാമ്പത്തിക ഇടപാടുകൾ കൂടുതൽ ശ്രദ്ധയോടെ നടത്തുന്നതാണ് ഉചിതം.















