---പരസ്യം---

പ്രതീക്ഷയുടെ പുതുകിരണം; ഗ്രൂപ്പ് വ്യത്യാസമില്ലാതെ രക്തം സ്വീകരിക്കാവുന്ന വൃക്ക വികസിപ്പിച്ച് ഗവേഷകർ

On: October 18, 2025 11:33 PM
Follow Us:
പരസ്യം

ന്യൂഡൽഹി: രക്തഗ്രൂപ്പ് വ്യത്യാസമില്ലാതെ സ്വീകരിക്കാവുന്ന വൃക്ക വികസിപ്പിച്ചെടുത്ത് ഗവേഷകർ. കാനഡയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഗവേഷകരാണ് അവയവമാറ്റ ശസ്ത്രക്രിയയിൽ വഴിത്തിരിവാകുന്ന കണ്ടുപിടിത്തത്തിന് പിന്നിൽ. എ രക്ത ഗ്രൂപ്പ് ഉള്ള ദാതാവിൽ നിന്ന് സ്വീകരിച്ച വൃക്ക ബയോ എൻസൈമുകൾ ഉപയോഗിച്ച് എല്ലാവർക്കും സ്വീകരിക്കാവുന്ന ഒ ഗ്രൂപ്പ് ആക്കി മാറ്റുകയായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, അവിവോ ബയോമെഡിക്കൽ എന്നിവർ ചേർന്നാണ് ഇതിനുള്ള ബയോ എൻസൈമുകൾ വികസിപ്പിച്ചത്.

ഇങ്ങനെ മാറ്റം വരുത്തിയ കിഡ്നി മസ്തിഷ്‍ക മരണം സംഭവിച്ച ഒരു വ്യക്തിയുടെ ശരീരത്തിൽ കുടുംബാംഗങ്ങളുടെ അനുമതിയോടെ വെച്ചുപിടിപ്പിച്ചായിരുന്നു പരീക്ഷണം. ദിവസങ്ങളോളം കാര്യമായ പ്രതിപ്രവർത്തനങ്ങളില്ലാതെ കിഡ്നി പ്രവർത്തിച്ചുവെന്ന് നേച്ചർ ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

കിഡ്നി മാറ്റ ശസ്ത്രക്രിയക്ക് ഊഴവും ദാതാക്കളെയും കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഗവേഷണ ഫലം. ഇതാദ്യമായാണ് മാറ്റം വരുത്തിയ കിഡ്നി മനുഷ്യശരീരത്തിൽ പ്രവർത്തിപ്പിക്കുന്നതെന്ന് എൻസൈം വികസിപ്പിക്കുന്നതിൽ നേതൃത്വം നൽകിയവരിലൊരാളായ യു.ബി.സി പ്രൊഫസർ എമരിറ്റസ് ഓഫ്​ കെമിസ്ട്രി ഡോ. സ്റ്റീഫൻ വി​തേഴ്സ് പറഞ്ഞു.ആശാവഹം ഗവേഷണഫലം

വൃക്ക മാറ്റിവെക്കലിന് രോഗികളുടെയും ദാതാവിന്റെയും രക്തഗ്രൂപ്പുകൾ സമാനമാകണമെന്ന വലിയ കടമ്പയാണ് ഗവേഷണത്തിലൂടെ ശാസ്ത്രലോകം മറികടക്കുന്നത്. ഏത് രക്തഗ്രൂപ്പിലുള്ള വൃക്കയും മാറ്റിവെക്കാമെന്ന് വരുന്നതോടെ ദാതാക്കളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാവുകയും ശസ്ത്രക്രിയകളിലെ വിജയ ശതമാനം വർധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

ഒരുപതിറ്റാണ്ടിലധികം നീണ്ട ഗവേഷണത്തിന്റെ ഫലമാണ് ക​ണ്ടെത്തലെന്ന് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയ (യു.ബി.സി) പ്രസ്താവനയിൽ വ്യക്തമാക്കി. 2010 ആദ്യം ഡോ. വിതേഴ്സ്, യു.ബി.സി പ്രൊഫസറും സുഹൃത്തും ഗവേഷകനുമായ ഡോ. ​ജയചന്ദ്രൻ കിഴക്കേടത്തും ചേർന്നാണ് ഗവേഷണങ്ങൾക്ക് തുടക്കമിട്ടത്. ഗ്രൂപ്പ് നിർണയിക്കുന്ന പ്രത്യേക പഞ്ചസാര നീക്കി സാർവദാതാവായ രക്തം സൃഷ്ടിക്കുകയായിരുന്നു ഗവേഷണത്തിന്റെ ലക്ഷ്യം.

നിലവിൽ ലോകത്ത് വൃക്കമാറ്റം കാത്തിരിക്കുന്നവരുടെ പട്ടികയിൽ പകുതിയോളം ഒ ​ഗ്രൂപ്പിൽ പെടുന്നവരാണെന്നാണ് കണക്കുകൾ. സാർവദാതാവായതുകൊണ്ടുതന്നെ ഉയർന്ന ആവശ്യകത മൂലം, ഈ വിഭാഗത്തിൽ കിഡ്നി ലഭിക്കാൻ രണ്ടുമുതൽ നാലുവരെ വർഷം കാത്തിരിക്കേണ്ടതായ സാഹചര്യവുമുണ്ട്. ​നിലവിൽ, ജീവനോടെയിരിക്കുന്ന ദാതാവിൽ നിന്ന് മാത്രമാണ് കിഡ്നി സ്വീകരിക്കാനാവുക. സ്വീകർത്താവിന്റെ ശരീരത്തി​ന്റെ ശരീരത്തിന്റെ പ്രതിരോധശേഷിയെ മറികടക്കേണ്ടതുമുണ്ട്.

ഭാവിയിലെ കിഡ്നിമാറ്റ ശസ്ത്രക്രിയകളിൽ വഴിത്തിരിവായേക്കുന്നതാണ് പുതിയ പഠനം

സങ്കീർണമായ വൃക്കമാറ്റ ശസ്ത്രക്രിയയിൽ വലിയ മാറ്റമാണ് പുതിയ ഗവേഷണത്തോടെ വരുന്നത്. പുതുതായി വികസിപ്പിച്ച എൻസൈം ഉപയോഗിച്ച് കിഡ്നിയുടെ ഗ്രൂപ്പ് തന്നെ മാറ്റാനാവും. മാറ്റിവെക്കൽ ശസ്ത്രക്രിയ വേഗത്തിലാക്കാനും സങ്കീർണതകൾ ലഘൂകരിക്കാനുമാവുന്നതിനൊപ്പം രക്ത ഗ്രൂപ്പ് വ്യത്യാസമില്ലാതെ, മരണമടഞ്ഞ ദാതാക്കളിൽ നിന്നുപോലും വൃക്ക സ്വീകരിക്കാനുമാവും.

നിലവിൽ ശരീരത്തിന്റെ സ്വയം പ്രതിരോധ സംവിധാനം മാറ്റിവെച്ച വൃക്കയെ പ്ര​തിരോധിക്കുന്നതോടെ സ്വീകർത്താക്കളിൽ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവാറുണ്ട്. ഇത് ഒഴിവാക്കാൻ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ നിയന്ത്രിക്കുകയോ കുറക്കുകയോ ചെയ്യുന്ന മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ടതായും വരും. ശരീരത്തിന്റെ ഇത്തരം ‘പ്രതിരോധ ആക്രമണങ്ങൾക്ക്’ കാരണമാവുന്ന രക്തഗ്രൂപ്പിന് പിന്നിലുള്ള പ്രത്യേക ആന്റിജനുകളെ വേർപെടുത്തി നിർജീവമാക്കുന്ന രീതിയിലാണ് പുതിയ എൻസൈമുകളുടെ പ്രവർത്തനം. മതിയായ അനുമതികളും ക്ളിനിക്കൽ ട്രയലുകളും പൂർത്തിയാക്കിയ ശേഷമാവും ഗവേഷണ ഫലങ്ങൾ രോഗികളിലേക്ക് എത്തിത്തുടങ്ങുക.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!