ന്യൂയോർക്ക്: വെരിഫൈഡ് അക്കൗണ്ടുകളുള്ള മുതിർന്നവർക്ക് വേണ്ടി ചാറ്റ്ജിപിടിയിലൂടെ ലൈംഗിക വിഷയങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഓപ്പൺഎഐ. മൂന്ന് വർഷത്തോളം ലൈംഗികതയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ വിലക്കിയ ശേഷമാണ് ഈ സുപ്രധാന നയം മാറ്റം. കമ്പനി ‘ധാർമ്മികതയുടെ കാവൽക്കാർ’ അല്ലെന്നും, കൗമാരക്കാർക്ക് നിയന്ത്രണങ്ങളോടെ മുതിർന്നവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും സിഇഒ സാം ആൾട്ട്മാൻ തന്നെ വ്യക്തമാക്കി.
ലൈംഗികത അടിസ്ഥാനമാക്കിയുള്ള എഐ വിപണിയിലേക്ക് കടക്കുന്ന ആദ്യത്തെ കമ്പനിയല്ല ഓപ്പൺഎഐ. 2022-ലെ ജനറേറ്റീവ് എഐയുടെ മുന്നേറ്റത്തിന് ശേഷം വിവാദങ്ങൾ നിറഞ്ഞതെങ്കിലും വളർച്ചയുള്ള ഒരു മേഖലയാണിത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത്തരം വിഷയങ്ങളിൽ മുൻനിര കമ്പനികൾ ആദ്യഘട്ടത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ അതേ വഴി അവരും സ്വീകരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.
നോമി, സിവിറ്റായി തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകൾ ഇതിനോടകം റൊമാന്റിക് അല്ലെങ്കിൽ ലൈംഗിക എഐ ഉപയോക്താക്കളുടെ ആവശ്യം മുതലെടുത്തിട്ടുണ്ട്. എങ്കിലും, അവർക്ക് കേസുകളും കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ധാർമ്മികമായ എതിർപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും ഓപ്പൺഎഐയും ആ വിപണിയിയുടെ സാധ്യത മുതലെടുക്കാൻ ഒരുങ്ങുകയാണ്.
സാമ്പത്തിക നേട്ടമാണ് ഓപ്പൺഎഐയുടെ ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പലരും അഭിപ്രായപ്പെടുന്നു. സബ്‌സ്‌ക്രിപ്‌ഷനുകളുടെ വളർച്ച മന്ദഗതിയിലായതോടെ, മുതിർന്നവർക്കുള്ള ഉള്ളടക്കം വഴി 29 ദശലക്ഷം ഉപയോക്താക്കൾ എഐ സാമീപ്യം തേടുന്ന ഈ വിപണിയിൽ നിന്ന് ഓപ്പൺഎഐക്ക് പെട്ടെന്ന് പണം നേടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ, ഇത് ഭാവനയും യഥാർത്ഥ ബന്ധങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ മായ്‌ച്ചേക്കാമെന്നും, എഐയെ ഒരു ഉത്പാദനക്ഷമതാ ഉപാധിയിൽ നിന്ന് ഇത്തരം കാര്യങ്ങളുടെ മാത്രം കേന്ദ്രമാക്കി മാറ്റുമെന്നും വിമർശകർ മുന്നറിയിപ്പ് നൽകുന്നു. പക്ഷേ അതൊന്നും ചെവിക്കൊള്ളാൻ തയ്യാറാവാതെയാണ് കമ്പനികൾ ഇത്തരം നീക്കങ്ങൾ ആരംഭിക്കുന്നത് എന്നാണ് വിമർശനം.
ഉപയോക്താവിന്റെ സ്വാതന്ത്ര്യവും സുരക്ഷയും ഒരുമിച്ച് കൊണ്ടുപോകാനാണ് ഓപ്പൺഎഐ ശ്രമിക്കുന്നതെന്ന് സാം ആൾട്ട്മാൻ പറഞ്ഞു. മനുഷ്യന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ മുഖ്യധാരാ എഐക്ക് എത്രത്തോളം മുന്നോട്ട് പോകാൻ കഴിയുമെന്ന് ഈ നീക്കം നിർവചിക്കുമെന്നാണ് വിലയിരുത്തൽ. എങ്കിലും സുരക്ഷ, ധാർമ്മികത എന്നിവയാൽ ഊന്നിയുള്ള ചോദ്യങ്ങളും ഭാവിയിൽ ഉയർന്നേക്കാം.
മുതിർന്നവർക്കുള്ള ഉള്ളടക്കം സൃഷ്‌ടിക്കുന്നതിൽ എഐ ധാർമ്മികത എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. ഓപ്പൺഎഐ ഈ മാറ്റങ്ങളുമായി മുന്നോട്ട് പോകുമ്പോൾ, അത് മറ്റ് കമ്പനികളും ഏറ്റുപിടിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. പ്രത്യേകിച്ച് വിപണിയിൽ എഐ കമ്പനികൾ ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്ന ഈ വേളയിൽ.















