റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. കേരളത്തില്‍ റെക്കോഡ് വിലയായ 94,920 രൂപയിലാണ് സ്വര്‍ണത്തിന്റെ പവന്‍വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,865 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 9,760 രൂപയില്‍ തന്നെ നില്‍ക്കുന്നു.
വ്യാവസായിക ആവശ്യങ്ങള്‍ വര്‍ധിച്ചതോടെ വെള്ളിവില കുതിക്കുകയാണ്. ഇന്നത്തെ വില 196 രൂപയാണ്. ഈ വര്‍ഷം മാത്രം വിലയില്‍ 82 ശതമാനമാണ് വര്‍ധന. സോളാര്‍ പാനല്‍സ്, വൈദ്യുത വാഹനങ്ങള്‍, സെമികണ്ടക്ടര്‍ തുടങ്ങി ഇലക്‌ട്രോണിക്‌സ് രംഗത്ത് വെള്ളി ഒഴിച്ചുകൂടാനാകാത്ത ലോഹമായി മാറി. അതിനിര്‍ണായക ധാതുക്കളുടെ പട്ടികയില്‍ വെള്ളി ഉള്‍പ്പെടുത്തിയ യുഎസിന്റെ നീക്കവും വില കുതിക്കാനുള്ള കാരണമായി.
കേന്ദ്രബാങ്കുകള്‍ വാങ്ങിക്കൂട്ടുന്നു
ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഇപ്പോഴും ഉയര്‍ന്നു നില്ക്കുകയാണ്. ഓരോ രാജ്യത്തെയും കേന്ദ്രബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇതും വില വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഓഹരി വിപണികളില്‍ നിക്ഷേപിച്ചിരുന്നവരുടെ ശ്രദ്ധയും സ്വര്‍ണത്തിന് മേല്‍ പതിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും വിലവര്‍ധന തുടര്‍ന്നേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്.
നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ വില പുതുക്കാറുണ്ട്.
ഒരു പവന് എത്ര കൊടുക്കണം?
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 94,520 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണത്തിന് ഇതിലുമേറെ വില കൊടുക്കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്താല്‍ വില 1,02,300 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകും.















