---പരസ്യം---

നിപ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരം -മന്ത്രി

On: July 7, 2025 11:13 PM
Follow Us:
പരസ്യം

പാലക്കാട്: നിപ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനിയുടെ (38) ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രണ്ടാമത്തെ ഡോസ് മോണോ ക്രോണല്‍ ആന്‍റി ബോഡി നൽകി. അണുബാധ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ട്. സമ്പർക്കപ്പട്ടികയിൽ 173 പേരാണുള്ളത്. ഇതിൽ നൂറുപേർ പ്രാഥമിക പട്ടികയിലും 73 പേർ സെക്കൻഡറി കോൺടാക്ട് പട്ടികയിലും ഉൾപ്പെടുന്നവരാണ്. ഹൈറിസ്ക് കോൺടാക്ടിലുള്ളത് 52 പേരാണ്. 48 പേർ ലോ റിസ്കിലുമുണ്ടെന്ന് പാലക്കാട് മെഡിക്കൽ കോളജിൽ ചേർന്ന അവലോകന യോഗശേഷം നടന്ന വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

പാലക്കാട് ജില്ലയില്‍ ഇതുവരെ പരിശോധിച്ച അഞ്ചു സാമ്പിളുകളും നെഗറ്റിവാണ്. ഏഴു പേരാണ് പാലക്കാട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. ഇതിൽ നാലുപേരുടെ സാമ്പ്ൾ പരിശോധനഫലം നെഗറ്റിവാണ്. ബാക്കി മൂന്നു പേരുടെ ഫലം വരാനുണ്ട്.

പാലക്കാട് ജില്ലയിലെ നാലും മഞ്ചേരിയിലെ പാലക്കാട് ജില്ലക്കാരായ അഞ്ചു പേരുടെ ഫലവും ഉൾപ്പെടെ മൊത്തം ഒമ്പതു പേരുടെ ഫലം നെഗറ്റിവാണ്. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുടെ വീടിനു ചുറ്റുമുള്ള മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ കലക്ടറുടെയും ജില്ല പൊലീസ് മേധാവിയുടെയും നേതൃത്വത്തില്‍ നിരീക്ഷണം നടത്തുന്നുണ്ട്. രോഗിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പൊലീസ് പരിശോധിച്ചതിൽ യുവതിയുമായി സമ്പർക്കപ്പട്ടികയിലുള്ള ഒരു വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ അവസാന ടവർ ലൊക്കേഷൻ മലപ്പുറം ജില്ലയാണെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. ഇയാൾ മണ്ണാർക്കാട് ക്ലിനിക്കിലേക്കു വന്ന ഇതര സംസ്ഥാനക്കാരനാണെന്നാണ് നിഗമനം. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾകൂടി പരിശോധിച്ച് പൊലീസ് നേതൃത്വത്തിൽ ആളെ കണ്ടെത്തും.

ആറു മാസത്തിനിടെ മസ്തിഷ്‌കജ്വരം പോലുള്ള രോഗങ്ങള്‍മൂലം മരിച്ചവരുടെ രോഗകാരണങ്ങള്‍ പരിശോധനക്കു വിധേയമാക്കും. സ്വകാര്യ ആശുപത്രികളുടെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും സഹകരണത്തോടെയാകും പരിശോധനയെന്നും മന്ത്രി വ്യക്തമാക്കി. നിപ സംബന്ധിച്ച് വ്യാജ പ്രചാരണമോ പ്രസ്താവനകളോ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം വൈകീട്ടോടെ 208 ആയതായി കലക്ടർ അറിയിച്ചു.

മരിച്ച പതിനെട്ടുകാരിയുടെ പുണെയിലെ പരിശോധന ഫലം പോസിറ്റിവ്

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മങ്കട സ്വദേശിനിയായ പതിനെട്ടുകാരിക്ക് നിപ സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക സ്രവപരിശോധനയിൽ നിപ പോസിറ്റിവ് ആയിരുന്നു. തുടർന്ന് ഇവരുടെ സ്രവം പുണെ ലെവൽ ത്രീ ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. ഈ പരിശോധന ഫലമാണ് പോസിറ്റിവായത്. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അടക്കം ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവർ നിരീക്ഷണത്തിലാണ്.

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിനി മുപ്പത്തെട്ടുകാരി നിപ രോഗിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇവരുടെ സമ്പർക്ക പട്ടികയിലുള്ള മൂന്നുപേരും നിപ വാർഡിൽ നിരീക്ഷണത്തിലാണ്. യുവതിയുടെ ഭർത്താവ്, മകൻ, സഹോദരൻ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. ഇവർക്ക് രോഗ ലക്ഷണങ്ങളില്ല.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!