എച്ച്എല്‍എല്‍. ലൈഫ്കെയറില്‍ ജൂനിയര്‍ ടെക്നിക്കല്‍ അസോസിയേറ്റ് തസ്തികയിലേക്ക് പുതിയ നിയമന വിജ്ഞാപനം പുറത്തിറക്കി. താല്‍പ്പര്യമുള്ളതും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എച്ച്എല്‍എല്‍ ലൈഫ്കെയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. https://www.lifecarehll.com/careers ഡിസംബര്‍ 24 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ഈ നിയമനം ജൂനിയര്‍ ടെക്നിക്കല്‍ അസോസിയേറ്റ് (നാച്ചുറല്‍ പ്രോഡക്ട്‌സ്) തസ്തികയിലേക്ക് ഒരു ഒഴിവിലേക്ക് മാത്രമാണ്. ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കെമിസ്ട്രിയില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ എം.എസ്സി ബിരുദം ഉണ്ടായിരിക്കണം. കൂടാതെ, നാച്ചുറല്‍ പ്രോഡക്ട് എക്‌സ്ട്രാക്ഷന്‍, ബയോആക്ടീവ് സംയുക്തങ്ങളുടെ വേര്‍തിരിക്കല്‍, സ്വഭാവനിര്‍ണയ വിദ്യകള്‍, ബയോകെമിക്കല്‍ അസ്സേകള്‍, ഫോര്‍മുലേഷന്‍ ടെക്‌നിക്കുകള്‍ എന്നിവയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്.
മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിലും ഇന്‍-വിവോ പരീക്ഷണങ്ങളിലുമുള്ള അനുഭവസമ്പത്ത് അഭികാമ്യമായ യോഗ്യതയായി കണക്കാക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ മുതല്‍ 20,000 രൂപ വരെ ശമ്പളമായി ലഭിക്കും. ഇത് നിശ്ചിത കാലയളവിലേക്കുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. അപേക്ഷകരുടെ പ്രായം 2025 ഡിസംബര്‍ 1 ന് 30 വയസ് കവിയാന്‍ പാടില്ല.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് പ്രകാരം എസ് സി, എസ് ടി, ഒ ബി സി, പി ഡബ്ല്യു ഡി വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കാന്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം ലിങ്ക് മാത്രം ഉപയോഗിക്കുക. നിര്‍ദ്ദിഷ്ട അപേക്ഷാ ഫോം ഗൂഗിള്‍ ഫോമില്‍ നിന്നോ എച്ച്എല്‍എല്‍ വെബ്‌സൈറ്റില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഡിജിറ്റലായി പൂരിപ്പിക്കണം.
കൈകൊണ്ട് എഴുതിയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. പൂരിപ്പിച്ച അപേക്ഷ PDF അല്ലെങ്കില്‍ Word ഫയലായി സേവ് ചെയ്ത ശേഷം, പൂര്‍ത്തിയാക്കിയ അപേക്ഷാ ഫോം (പരമാവധി 10 MB) സി.വി, വിദ്യാഭ്യാസ/പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, ഏറ്റവും പുതിയ ശമ്പള സ്ലിപ്പ് എന്നിവ സഹിതം ഗൂഗിള്‍ ഫോം വഴി അപ്ലോഡ് ചെയ്യുക. ഓരോ ഫയലിനും 10 MBയില്‍ താഴെയായിരിക്കണം സൈസ്.
അപേക്ഷയില്‍ ജോബ് ടൈറ്റില്‍, റെഫറന്‍സ് കോഡ് HLL/HR/102/2025 എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഡിസംബര്‍ 24 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ അല്ലാത്ത അപേക്ഷകള്‍ നിരസിക്കപ്പെടും. അഭിമുഖ സമയത്ത്, നല്‍കിയ വിവരങ്ങള്‍ യഥാര്‍ത്ഥ രേഖകളുമായി ഒത്തുനോക്കി പരിശോധിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് അപേക്ഷ റദ്ദാക്കാന്‍ കാരണമാകും. നിയമന പ്രക്രിയ റദ്ദാക്കാനോ, പരിഷ്‌കരിക്കാനോ, ഒഴിവുകളുടെ എണ്ണം മാറ്റാനോ ഉള്ള അവകാശം എച്ച്എല്‍എല്ലില്‍ നിക്ഷിപ്തമാണ്.












