കോഴിക്കോട് എന്‍ഐടി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) പ്രൊജക്റ്റ് അസോസിയേറ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്റ്റ് അസോസിയേറ്റ്-I, പ്രോജക്റ്റ് അസോസിയേറ്റ്-II എന്നീ തസ്തികകളിലെ ഓരോ ഒഴിവുകള്‍ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രസ്തുത തസ്തികയിലേക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
നവംബര്‍ 25 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എന്‍ ഐ ടി കോഴിക്കോടിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ nitc.ac.in വഴി നേരിട്ട് അപേക്ഷിക്കണം. അപേക്ഷകരുടെ പരമാവധി പ്രായം 35 വയസായിരിക്കണം. (25-11-2025 വരെ). ഒബിസി/എസ്സി/എസ്ടി/പിഡബ്ല്യുഡി, സ്ത്രീകള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതായിരിക്കും.
പ്രോജക്റ്റ് അസോസിയേറ്റ്-I തസ്തികയിലേക്ക് കെമിസ്ട്രി / പരിസ്ഥിതി ശാസ്ത്രത്തില്‍ എം.എസ്സി / എം.ടെക് അല്ലെങ്കില്‍ ജല ഗുണനിലവാര വിശകലനത്തില്‍ ഒരു വര്‍ഷത്തെ പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നദീതട മാനേജ്മെന്റ് പഠനങ്ങള്‍, ഫീല്‍ഡ് സര്‍വേകള്‍, ജലത്തിന്റെയും മാലിന്യ സാമ്പിളുകളുടെയും ശേഖരണം, വിശകലനം, ജല ഗുണനിലവാര മോഡലിംഗ്, നദീതട പഠനങ്ങളില്‍ റിമോട്ട് സെന്‍സിംഗ് & ജി.ഐ.എസ് എന്നിവയില്‍ പരിചയം ഉള്ളത് അഭികാമ്യം.
പ്രോജക്റ്റ് അസോസിയേറ്റ്-II തസ്തികയിലേക്ക് ജലവിഭവ എഞ്ചിനീയറിംഗ് / ഹൈഡ്രോളിക് എഞ്ചിനീയറിംഗ് / ഹൈഡ്രോളജിയില്‍ എം.ടെക്/എം.ഇ, രണ്ട് വര്‍ഷത്തെ പ്രസക്തമായ ഗവേഷണ വികസന പരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹൈഡ്രോളിക് / ഹൈഡ്രോളജിക്കല്‍ / ജല ഗുണനിലവാര മോഡലിംഗ്, റിമോട്ട് സെന്‍സിംഗ് & ജി.ഐ.എസ്, അത്യാധുനിക സോഫ്റ്റ്വെയര്‍, കോഡിംഗ് (ആര്‍, മാറ്റ്ലാബ്, പൈത്തണ്‍ മുതലായവ) എന്നിവയില്‍ പരിചയം ഉള്ളത് അഭികാമ്യം.
പ്രോജക്റ്റ് അസോസിയേറ്റ്-I ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,000 രൂപ ശമ്പളവും പ്രതിമാസം 18% എച്ച്.ആര്‍.എയും ലഭിക്കും. പ്രോജക്റ്റ് അസോസിയേറ്റ്-II ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,000 രൂപ ശമ്പളവും പ്രതിമാസം 18% എച്ച്.ആര്‍.എയും ലഭിക്കും. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ഇമെയില്‍ വഴി അറിയിക്കുകയും ഓണ്‍ലൈന്‍ അഭിമുഖത്തിന് ക്ഷണിക്കുകയും ചെയ്യും. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് ടിഎ/ഡിഎ നല്‍കില്ല.
അപേക്ഷിക്കുന്ന വിധം
ഔദ്യോഗിക വെബ്‌സൈറ്റായ nitc.ac.in പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുക. പൂരിപ്പിച്ച ഫോം, സമീപകാല സിവി, യോഗ്യതയും പരിചയവും പിന്തുണയ്ക്കുന്ന മാര്‍ക്ക് ഷീറ്റുകളുടെ/സര്‍ട്ടിഫിക്കറ്റുകളുടെ സോഫ്റ്റ് കോപ്പികള്‍ എന്നിവയോടൊപ്പം crbm@nitc.ac.in എന്ന വിലാസത്തില്‍ ‘CAMP അപേക്ഷ ഫോര്‍ പ്രോജക്ട് അസോസിയേറ്റ് I/II’ എന്ന സബ്ജക്ട് ലൈനില്‍ ഒരു PDF ആയി ഇമെയില്‍ വഴി സമര്‍പ്പിക്കുക. ജോലി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖ സമയത്ത് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.












