---പരസ്യം---

പൈനാപ്പിൾ ആദായകരമായി ചട്ടിയിലും ഗ്രോബാഗിലും ഒക്കെ വളർത്താൻ കഴിയുമോ? നടീൽ മുതൽ വിളവെടുപ്പ് വരെ അറിയേണ്ടതെല്ലാം

On: October 29, 2025 6:36 PM
Follow Us:
പരസ്യം

അലങ്കാരപൈനാപ്പിൾ ചട്ടിയിലും ഗ്രോബാഗിലുമൊക്കെ വളർത്തുക പതിവാണ്. ഇതുപോലെ വാണിജ്യ പൈനാപ്പിളും വളർത്താം. വീട്ടുവളപ്പിൽ കൃഷിചെയ്യാൻ സ്ഥലമില്ലാത്തവർക്കും ഈ രീതി അനുകരിക്കാം. വാണിജ്യകൃഷിയിൽ തുറസ്സായ സ്ഥലത്തു വൻതോതിൽ, കൃഷിചെയ്യുമ്പോൾ ചട്ടിയിലെ കൃഷി അത്ര പ്രയോഗികമാകണമെന്നില്ല. ചട്ടിയിലോ പഴയ പ്ലാസ്റ്റിക് ചാക്കിലോ വളർത്താം. 12 മുതൽ 16 ഇഞ്ചുവരെ വ്യാസമുള്ള പ്ലാസ്റ്റിക് ചട്ടിയോ മൺചട്ടിയോ ഇതിനുപയോഗിക്കാം.

നടീൽ: പൈനാപ്പിളിന്റെ പ്രധാനതണ്ടിൽനിന്ന് പൊട്ടിവളരുന്ന കന്നുകൾ നടാനെടുക്കാം. മുള്ളില്ലാത്ത ‘ക്യു’ ഇനത്തിന്റെ കന്നുകളാണെങ്കിൽ ഏറെ നന്ന്. ഒരു വിളവെടുപ്പ് കഴിഞ്ഞ ചെടികളിൽ നിന്നുണ്ടാകുന്ന വലിയ കണ്ണുകൾ അഞ്ചോ ആറോ ഇലകളാകുമ്പോൾ ചുവട്ടിൽനിന്ന് അടർത്തി രണ്ടാഴ്ച തണലത്തുനിരത്തി വെള്ളംവലിയാൻ വെക്കാം. തുടർന്ന് ഇതിന്റെ ചുവടുഭാഗം ഒരു ശതമാനം ബോർഡോമിശ്രിതത്തിലോ 0.3 ശതമാനം കോപ്പർ ഓക്സി ക്ലോറൈഡ് ലായനിയിലോ മുക്കിയിട്ടു വീണ്ടും വെള്ളം വലിയാൻ വെക്കണം.

ചട്ടിയിലാണ് നടുന്നതെങ്കിൽ അവയുടെ അടിഭാഗത്തു ഒന്നോ രണ്ടോ ചകിരിത്തൊണ്ടുകൾ മലർത്തിയടുക്കി 2:1:1 എന്ന അനുപാതത്തിൽ മണ്ണും മണലും ചാണകപ്പൊടിയും കലർത്തിയൊരുക്കിയ നടീൽമിശ്രിതം മുക്കാൽ ഭാഗത്തോളം നിറച്ച്, ഒത്തനടുവിലായി നാല് ഇഞ്ചു ആഴത്തിൽ കന്നുനടുക. ചാക്കിലാണെങ്കിൽ 30-40 കിലോ ഉള്ളളവുള്ള ചാക്ക് ഉള്ളിലേക്ക് പാതിമടക്കി അടിയിൽ തൊണ്ട് മലർത്തിയടുക്കി മീതെ വളർച്ചാമിശ്രിതം ചേർത്ത് കന്നു നടാം.

വളപ്രയോഗം: ഒറ്റച്ചെടി വീതമാണെങ്കിലും വളപ്രയോഗത്തിൽ ശ്രദ്ധിക്കണം. ഇതിനായി മണ്ണിരക്കമ്പോസ്റ്റ്, ബയോഗ്യാസ് സ്ലറി, കോഴിവളം, ചാരം തുടങ്ങിയവ ചേർക്കാം. വളരുന്നതുനോക്കി ചട്ടിയൊന്നിന് ഇവയിൽ ഏതെങ്കിലുമൊന്ന് ലഭ്യത അനുസരിച്ചു 100 ഗ്രാംവീതം ചെടിയിൽപറ്റാതെ തടത്തിൽ ചുറ്റുമായി വിതറിച്ചേർക്കണം.

ഇതിനുപകരം കൂടുതൽ വളർച്ച ആഗ്രഹിക്കുന്നവർ മാത്രം രണ്ടുമാസം ഇടവിട്ട് ഓരോ നുള്ളുവീതം യൂറിയയും പൊട്ടാഷും ചേർക്കാം (എങ്കിലും ഇത് നിർബന്ധമല്ല എന്നറിയുക). ആറുമാസം വളർന്നാൽപ്പിന്നെ വളംചേർക്കൽ നിർബന്ധമില്ല. ആഴ്ചയിലൊരിക്കൽ നനയും വേണം.

വിളവെടുപ്പ്:ചെടികൾ പുഷ്പിച്ചു കായ്‌കളാകാൻ തുടങ്ങുമ്പോൾ പാതിമൂത്ത കായ്‌കളുടെ മുകൾഭാഗത്തെ കുടുമി (ക്രവുണ്) മൂർച്ചയുള്ള കത്തികൊണ്ട് കുറച്ചു മുറിച്ചുകളഞ്ഞാൽ കൈതച്ചക്കയ്ക്ക്‌ വലുപ്പം കൂടും. ഒരുതവണ വിളവെടുത്തുകഴിഞ്ഞു വീണ്ടും ഒരിക്കൽക്കൂടി ഇതേ ചട്ടിയിൽ നിന്നുതന്നെ വിളവെടുക്കാം. ഒരു കന്നു ബാക്കിനിർത്തി പരിചരിച്ചാൽ മതിയാകും. നടീൽമിശ്രിതം മാറ്റി പുതിയത് നിറച്ചാൽ കൃഷി തുടരാം. വീട്ടാവശ്യത്തിന് ഒരുവിധ രാസപ്രയോഗവുമില്ലാതെ, അധികം സ്ഥലം കണ്ടെത്താതെ അനായാസം പൈനാപ്പിൾ വളർത്താവുന്ന ഉത്തമമാർഗമാണിത്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!