റാന്നി: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ വീട്ടമ്മ ബസ്‍സ്റ്റാൻഡിലെ കുഴിയിൽ അകപ്പെട്ട് കാലിന് പരിക്കുമായി ആശുപത്രിയിലായി. റാന്നി താലൂക്ക് ആശുപത്രിയിലേക്ക് പോയ സ്ത്രീക്കാണ് പെരുമ്പുഴ ബസ്‍സ്റ്റാൻഡിൽ രൂപപെട്ട കുഴിയിൽ കാൽ കുടുങ്ങി പരിക്കേറ്റത്.
കൊഴഞ്ചേരി -ഇടപ്പാവൂർ -ഇടമുറി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ വന്ന ഇവർ സ്റ്റാൻഡിൽ ഇറങ്ങവേയാണ് സംഭവം. കാലിൽ പരിക്കേറ്റ ഇവർക്ക് നടക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ഒടുവിൽ ഓട്ടോ റിക്ഷയിലാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ കാലിന് ചികിത്സ തേടി.
ബസ്‍സ്റ്റാൻഡിലെ കുഴി ഉടൻ നികത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. യാത്രക്കാർ കുഴിയിൽ അകപ്പെടുംവിധം വാഹനം നിർത്തരുതെന്നും ഇവർ ആവശ്യപ്പെട്ടു.













