ആര്‍ ബി ഐ ( റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ) പാര്‍ട്ട് ടൈം മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ (ബി എം സി) തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. നിലവില്‍ രണ്ട് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി നവംബര്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷകന് അലോപ്പതി വൈദ്യശാസ്ത്രത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഏതെങ്കിലും സര്‍വകലാശാലയുടെ എം ബി ബി എസ് ബിരുദം ഉണ്ടായിരിക്കണം. ജനറല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദമുള്ള അപേക്ഷകര്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും ആശുപത്രിയിലോ ക്ലിനിക്കിലോ മെഡിക്കല്‍ പ്രാക്ടീഷണറായി അലോപ്പതി വൈദ്യശാസ്ത്രം പരിശീലിക്കുന്നതില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ യോഗ്യതാ പരിചയം ഉണ്ടായിരിക്കണം.
അപേക്ഷകന് ബാങ്കിന്റെ ഡിസ്‌പെന്‍സറികളില്‍ നിന്ന് 10-15 കിലോമീറ്റര്‍ ചുറ്റളവില്‍ ഡിസ്‌പെന്‍സറിയോ താമസ സ്ഥലമോ ഉണ്ടായിരിക്കണം. കരാര്‍ കാലയളവില്‍, മണിക്കൂറിന് 1,000 രൂപ വേതനം നല്‍കും. അങ്ങനെ നല്‍കേണ്ട പ്രതിമാസ വേതനത്തില്‍, പ്രതിമാസം 1,000 രൂപ ഗതാഗത ചെലവുകളായി കണക്കാക്കുകയും പ്രതിമാസം 1,000 രൂപ മൊബൈല്‍ ചാര്‍ജുകളുടെ റീഇംബേഴ്സ്മെന്റായി നല്‍കുകയും ചെയ്യും.
കരാര്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന് മറ്റ് സൗകര്യങ്ങളോ ആനുകൂല്യങ്ങളോ നല്‍കില്ല. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്ക് അഭിമുഖവും രേഖ പരിശോധനയും നടത്തും. ഇതില്‍ നിന്നാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
റീജിയണല്‍ ഡയറക്ടര്‍, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, 4-ാം നില, മെയിന്‍ ഓഫീസ് ബില്‍ഡിംഗ്, ഗാന്ധി ബ്രിഡ്ജിന് സമീപം, അഹമ്മദാബാദ് – 380014 എന്ന വിലാസത്തില്‍ ലഭിക്കണം. അവസാന തിയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.












