രാജ്യത്തെ കർഷകർക്ക് കേന്ദ്രസർക്കാർ നേരിട്ട് നൽകുന്ന ധനസഹായമാണ് പിഎം-കിസാൻ സമ്മാൻ നിധി. പ്രതിവർഷം 6000 രൂപ അർഹരായ കർഷകരുടെ ബാങ്ക് അക്കൌണ്ടിലെത്തും. മൂന്ന് തുല്യമായ ഗഡുക്കളായി 2,000 രൂപ വീതമാണ് ലഭിക്കുക. രാജ്യത്തെ കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് കേന്ദ്രസർക്കാർ പദ്ധതി. എന്നാൽ പദ്ധതിയുടെ 21-ആം ഗഡു എപ്പോൾ ലഭിക്കുമെന്ന ആകാംഷയിലാണ് കർഷകർ. നേരത്തെ ദീപാവലിക്കു മുൻപായി 21-ആം ഗഡു വിതരണം ചെയ്യുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാൽ അതുണ്ടായില്ല.
2000 രൂപ എപ്പോൾ കിട്ടും..?
അടുത്ത ഗഡു നവംബർ ആദ്യവാരം കൈമാറാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബീഹാർ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപനം ഉണ്ടായേക്കാം.തെരഞ്ഞെടുപ്പ് നവംബർ 6 നും 11 നും തീയതികളിൽ നടക്കും. വോട്ടെണ്ണൽ നവംബർ 14-നാണ്. അതേസമയം ബിഹാറിൽ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതിനാൽ, ഈ കാലയളവിൽ സർക്കാരിന് പിഎം-കിസാന്റെ പുതിയ ഗഡു പുറത്തിറക്കാൻ കഴിയുമോ എന്ന ചോദ്യം ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാൻ കഴിയില്ല, എന്നാൽ മുമ്പ് അംഗീകരിച്ച പദ്ധതികൾക്കുള്ള ധനസഹായും തുടരാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ചില സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ 21-ആം ഗഡു ഇതിനകം പുറത്തിറക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 2025 സെപ്റ്റംബർ 26-ന് പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ കർഷകർക്കുള്ള ഗഡു കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പുറത്തിറക്കി. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ ഈ സംസ്ഥാനങ്ങളിലെ കർഷകർക്ക് മുൻകൂർ സഹായം നൽകി.ഒക്ടോബർ 7 ന് ജമ്മു കശ്മീരിലെ കർഷകർക്കും ഗഡു ആനുകൂല്യം ലഭിച്ചു.
ഈ കർഷകർക്ക് ആനുകൂല്യം ലഭിക്കില്ല
2019-ൽ പിഎം കിസാൻ പദ്ധതിയിൽ ആർക്കൊക്കെ ആനുകൂല്യം ലഭിക്കും എന്നതുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങൾ വരുത്തി. 2019 ഫെബ്രുവരി 1 കട്ട് ഓഫ് തീയതിയായി സർക്കാർ നിശ്ചയിച്ചു. ഈ തീയതിക്ക് ശേഷം പുതിയ കൃഷിഭൂമി വാങ്ങിയ കർഷകർക്ക് അടുത്ത അഞ്ച് വർഷത്തേക്ക് പിഎം കിസാൻ പേയ്മെന്റുകൾക്ക് അർഹതയില്ല. ഉടമയുടെ മരണശേഷം ഭൂമി അനന്തരാവകാശമായി ലഭിക്കുമ്പോൾ മാത്രമാണ് ഈ നിയമത്തിൽ ഇളവുള്ളത്.
ഇ-കെവൈസി നിർബന്ധം
ഇ-കെവൈസി പൂർത്തിയാക്കാത്ത, ആധാർ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത, തെറ്റായ ഐഎഫ്എസ്സി കോഡുകൾ ഉള്ള അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ പൊരുത്തപ്പെടാത്ത കർഷകരെ പിഎം കിസാൻ പദ്ധതിയിൽ നിന്നും പുറത്താക്കും. അതുകൊണ്ടുതന്നെ ഇ-കെവൈസി നിർബന്ധമാണ്. ഇ-കെവൈസി പൂർത്തിയാക്കാനുള്ള ഘട്ടങ്ങൾ ഇനി പറയുന്നതാണ്.
ഘട്ടം 1: പിഎം-കിസാൻ ഔദ്യോഗിക വെബ്സൈറ്റായ www.pmkisan.gov.in സന്ദർശിക്കുക
ഘട്ടം 2: വെബ്സൈറ്റിലെ ഹോംപേജിൽ വലത് വശത്തായി “e-KYC” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ ആധാർ കാർഡ് നമ്പറും ക്യാപ്ച കോഡും നൽകി സെർച്ച് എന്ന ഓപ്ഷൻ ക്ലിക്കുചെയ്യുക.
ഘട്ടം 4: ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ നൽകുക. ലഭിച്ച ഒടിപിയും നൽകുക.
സ്ഥിരീകരണം പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ഒരു എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ ലഭിക്കും. ഓൺലൈൻ പ്രക്രിയ പൂർത്തിയാക്കാൻ അറിയാത്തവർക്ക് അടുത്തുള്ള കോമൺ സർവീസ് സെന്റർ (CSC) വഴി ഇ-കെവൈസി ചെയ്യാം.
















