മോസ്കോ: ബഹിരാകാശ ഗവേഷണത്തിന്റെ പുതിയ അധ്യായം രചിച്ചുകൊണ്ട് റഷ്യയുടെ ബയോൺ-എം നമ്പർ 2 ബയോസാറ്റലൈറ്റ് 30 ദിവസത്തെ ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങിയെത്തി. 75 എലികൾ, 1500-ലധികം ഫ്രൂട്ട് ഫ്ലൈകൾ (ഈച്ചകൾ), സൂക്ഷ്മജീവികൾ, സസ്യവിത്തുകൾ, ഉറുമ്പുകൾ, ഫംഗസുകൾ തുടങ്ങിയ വിവിധ ജൈവസാമ്പിളുകളുമായി ‘നോഹയുടെ പെട്ടകം’ എന്ന് പേര് നൽകിയ ഈ ഉപഗ്രഹം സെപ്റ്റംബർ 19-ന് ഒറെൻബർഗ് മേഖലയിലെ സ്റ്റെപ്പി പ്രദേശത്ത് സുരക്ഷിതമായി ഇറങ്ങി. കഴിഞ്ഞ മാസം ഓഗസ്റ്റ് 20-ന് ഖസാക്കിസ്ഥാനിലെ ബൈകോനൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ്-2.1ബി റോക്കറ്റിലാണ് ദൗത്യം വിക്ഷേപിച്ചത്.
ദൗത്യത്തിന്റെ പശ്ചാത്തലം
ബയോൺ പരമ്പരയിലെ രണ്ടാമത്തെ തലമുറ പരീക്ഷണവും 2013-ലെ ബയോൺ-എം നമ്പർ 1-ന്റെ തുടർച്ചയാണ് ബയോൺ-എം നമ്പർ 2 വിക്ഷേപിച്ചത്. 6400 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം സോവിയറ്റ് കാലഘട്ടത്തിലെ വോസ്റ്റോക് പേടകത്തിന്റെ പരിഷ്കരിച്ച രൂപമാണ് സ്വീകരിച്ചിരുന്നത്. സോളാർ പാനലുകളും മറ്റ് നൂതന സാങ്കേതികവിദ്യകളും ഉൾപ്പെടുത്തി 60 ദിവസങ്ങൾ വരെയുള്ള ദൗത്യങ്ങൾക്ക് പ്രാപ്തമായ പേടകം ആണ് ഇത്.
2004-ലെ റഷ്യൻ ബഹിരാകാശ പരിപാടിയിൽ ഈ ദൗത്യം ഉൾപ്പെടുത്തിയിരുന്നു. നിരവധി മാറ്റങ്ങൾക്ക് ശേഷമാണ് ഈ വർഷം വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്.
2010-2016 കാലഘട്ടത്തിന്റെ തുടക്കത്തിൽ മൂന്ന് ദൗത്യങ്ങൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും, ബജറ്റ് പ്രശ്നങ്ങളും സാങ്കേതിക വെല്ലുവിളികളും കാരണം പദ്ധതി നീളുകയായിരുന്നു.

ഭ്രമണപഥവും യാത്രയും
വിക്ഷേപണത്തിന് ശേഷം, 96.9 ഡിഗ്രി ചരിവുള്ള പോളാർ ഭ്രമണപഥത്തിൽ ഉപഗ്രഹം പ്രവേശിച്ചു. ഭൂമിയിൽ നിന്ന് 362.8 കിലോമീറ്റർ മുതൽ 381.2 കിലോമീറ്റർ വരെ ഉയരത്തിൽ, 91.8 മിനിറ്റ് ഓർബിറ്റൽ പീരിയഡോടെയായിരുന്നു പേടകത്തിന്റെ സഞ്ചാരം. ഓഗസ്റ്റ് 22-ന് ഭ്രമണപഥം ക്രമീകരിച്ച് 356-374 കിലോമീറ്ററാക്കി ഉയർത്തുകയും, സെപ്റ്റംബർ 18-ഓടെ 264-280 കിലോമീറ്ററാക്കി താഴ്ത്തുകയുമായിരുന്നു.
ഉയർന്ന തോതിലുള്ള കോസ്മിക് വികിരണങ്ങൾക്ക് വിധേയമായ ജൈവസാമ്പിളുകൾ, മൈക്രോഗ്രാവിറ്റി അന്തരീക്ഷത്തിൽ 30 ദിവസമാണ് ചെലവഴിച്ചത്. ടെലിമെട്രി ഡാറ്റ പ്രകാരം, അന്തരീക്ഷം, താപനില, ഈർപ്പം, ഗ്യാസ് സാന്ദ്രത എന്നിവ സ്ഥിരമായിരുന്നു. കൂടാതെ ജീവികൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമായിരുന്നതായും റിപ്പോർട്ട് വ്യക്തമാക്കി.
തിരിച്ചിറങ്ങലും വീണ്ടെടുക്കൽ
സെപ്റ്റംബർ 19 രാവിലെ 11 മണിക്ക് (മോസ്കോ സമയം) ഒറെൻബർഗിലെ പൊനോമറെവ്സ്ക് ജില്ലയിലെ യഫറോവോയ്ക്ക് സമീപം (53° N, 54°13’52” E) ഡിസന്റ് മൊഡ്യൂൾ ഇറങ്ങി. ഇറങ്ങുമ്പോൾ സോഫ്റ്റ്-ലാൻഡിങ് എഞ്ചിനുകൾ കാരണം ചെറിയ പുൽമേടുകളിൽ തീപിടിത്തമുണ്ടായെങ്കിലും, അത് വേഗം അണച്ചിരുന്നു.
മൂന്ന് ഹെലികോപ്റ്ററുകളിൽ സാങ്കേതിക വിദഗ്ധർ എത്തി ജീവനുള്ള സാമ്പിളുകൾ പുറത്തെടുത്തു. ഈച്ചകളുടെ മോട്ടോർ ആക്ടിവിറ്റി പരിശോധിച്ച് നാഡീവ്യവസ്ഥയിലെ പ്രശ്നങ്ങൾ കണ്ടെത്തി. സൈറ്റിൽ തന്നെ മെഡിക്കൽ ടെന്റ് സ്ഥാപിച്ച് പ്രാഥമിക പഠനങ്ങൾ നടത്തി. സാമ്പിളുകൾ സെപ്റ്റംബർ 20 അർദ്ധരാത്രിയോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ പ്രോബ്ലംസ് (ഐബിഎംപി) ലാബുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൈവസാമ്പിളുകളും പരീക്ഷണങ്ങൾ
ഉപഗ്രഹത്തിൽ അഞ്ച് BIOS കണ്ടെയ്നറുകളിലായി 75 എലികളെയാണ് സജ്ജീകരിച്ചിരുന്നത്. ചിലർക്ക് റേഡിയേഷൻ സെൻസിറ്റിവിറ്റി ജീനുകളും മറ്റുള്ളവർക്ക് ആന്റി-റേഡിയേഷൻ മരുന്നുകളും നൽകി. 1500 ഫ്രൂട്ട് ഫ്ലൈകൾ, ഉറുമ്പുകൾ, ഫംഗസുകൾ, ആൽഗകൾ, ചാന്ദ്ര മണ്ണിനെ അനുകരിക്കുന്ന 16 ട്യൂബുകൾ എന്നിവയും ഉണ്ടായിരുന്നു. 10 വിഭാഗങ്ങളായി തിരിച്ച് 22 പരീക്ഷണങ്ങൾ ആണ് ദൗത്യം പൂർത്തിയാക്കിയത്
മൃഗങ്ങളിലെ ഗ്രാവിറ്റേഷണൽ ഫിസിയോളജി പഠനങ്ങൾ
ഭാരമില്ലായ്മയും വികിരണങ്ങളും മനുഷ്യരിലുണ്ടാക്കുന്ന ആഘാതങ്ങൾ അതിജീവിക്കാനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കൽ. ബഹിരാകാശ യാത്ര സസ്യങ്ങൾ, സൂക്ഷ്മജീവികളെ സ്വാധീനിക്കുന്നത് സംബന്ധിച്ചുള്ള പഠനം, പ്രപഞ്ചത്തിലെ ജീവന്റെ പൊതു രീതികൾ മനസിലാക്കൽ, ജൈവസാങ്കേതിക, സാങ്കേതിക, ഭൗതിക പരീക്ഷണങ്ങൾ, റേഡിയോബയോളജിക്കൽ, ഡോസിമെട്രിക് പരീക്ഷണങ്ങൾ, പുതിയ ക്രൂഡ് പേടകങ്ങളുടെ റേഡിയേഷൻ സുരക്ഷ ഉറപ്പാക്കൽ, റഷ്യൻ, ബെലാറസ് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷണങ്ങൾ,
പാൻസ്പെർമിയ സിദ്ധാന്തം കേന്ദ്രീകരിച്ച് ‘മീറ്റിയോറൈറ്റ്’ എന്ന പരീക്ഷണം, ബസാൾട്ട് പാറകളിൽ സൂക്ഷ്മജീവികൾ ഘടിപ്പിച്ച് അന്തരീക്ഷ പ്രവേശനത്തിലെ താപം അതിജീവിക്കുമോ എന്ന പരിശോധന തുടങ്ങിയ പരീക്ഷണങ്ങളാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

അധിക വിവരങ്ങൾ
എലികളുടെ 30 ദിവസത്തെ ബഹിരാകാശ യാത്ര ഐബിഎംപി പുറത്തിറക്കിയ വീഡിയോയിൽ കാണാം. റോസ്കോസ്മോസ്, റഷ്യൻ അക്കാദമി ഓഫ് സയൻസസ്, ഐബിഎംപി എന്നിവയുടെ സംയുക്ത സംരംഭമായ ഈ ദൗത്യം ഭാവി മനുഷ്യ ബഹിരാകാശ യാത്രകൾക്ക് നിർണായക ഡാറ്റ നൽകുമെന്നാണ് പ്രതീക്ഷ. 2018-ൽ നാസയും 17 പരീക്ഷണങ്ങൾ നിർദേശിച്ചിരുന്നെങ്കിലും, 2022-ന് ശേഷം ദൗത്യത്തെ കുറിച്ച് അപ്ഡേറ്റുകൾ ഒന്നും ഇതുവരെ നടന്നില്ല. എന്തായാലും ദൗത്യം മനുഷ്യ ദൗത്യങ്ങൾക്ക്, പ്രത്യേകിച്ച് ജീവശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകൾക്ക് വഴിയൊരുക്കുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.















