കൊച്ചി: മൊബൈൽ തുറന്നാൽ നൂറുകണക്കിന് ലോൺ ആപ്പുകളാണ് മുന്നിലെത്തുക. സാമ്പത്തിക ഞെരുക്കത്തിനിടയിൽ ചെറിയ തുക ലോൺ എടുക്കുന്നവരാണ് പലരും. ഈ ചെറിയ തുക വൻ തുകയായി തീരാത്ത ബാധ്യതയായി തീരുന്നത് പതിവാണ്.ചെറിയ തുകയാണ് പലപ്പോഴും ഇവർ ലോൺ ആയി നൽകുന്നത്. 2000 രൂപ എടുത്താൽ തിരിച്ചടയ്‌ക്കേണ്ടി വരുക 4000വും 5000 വും ആണ്. കുറഞ്ഞ വരുമാനക്കാരാണ് ഇതിനുപിറകെ ഓടുന്നത്. കൂടിയ തുകയ്ക്കുള്ള ലോൺ നൽകുന്നവയും ഉണ്ട്.
നിബന്ധനകളോ നിയന്ത്രണങ്ങളോ ഇല്ലാതെയാണ് ഈ ആപ്പുകൾ പ്രവർത്തിക്കുന്നത്. തിരിച്ചറിയൽ കാർഡോ, പാൻ കാർഡോ കൊടുത്താൽ നമ്മുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കും. തിരിച്ചടക്കേണ്ട തീയതിയും വ്യക്തമാക്കും. തുക തിരിച്ചടച്ചാലും പണം ആവശ്യപ്പെട്ട് ഫോൺ കോളുകൾ വരും. പൂർണമായി അടച്ചുവെന്ന് പറഞ്ഞാലും പല ഭാഷകളിൽ നിരന്തരം വിളിക്കും. ഭീഷണി സ്വരം കൂടി കലരുമ്പോൾ ഭയപ്പെടുന്നവർ പരിഭ്രാന്തരാകും.
ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ കോൺടാക്ട് വിവരങ്ങൾ അവർക്ക് ലഭിക്കും. പണം അടച്ചാലും കോൺടാക്ട് വിവരങ്ങൾ അടക്കമുള്ളവ ഉണ്ടാകും. ഈ വിവരങ്ങളാണ് ഭീഷണിക്കായി ഉപയോഗിക്കുന്നത്. ഫോണുകളിൽ അടുത്ത കുടുംബ ബന്ധമെന്നോ, സുഹൃത്തുക്കളെന്നോ തോന്നുന്നവരിലേക്കാണ് ആദ്യം കോളുകളെത്തുക. പിന്നീട് അടുത്ത നമ്പറുകളിലേക്കു കടക്കും. സന്ദേശങ്ങൾ അയക്കുകയും വിളിക്കുകയാണ് അടുത്ത പടി.
ഈ വ്യക്തി ലോണെടുത്ത് മുങ്ങിനടക്കുകയാണെന്നും പണം തരാനുണ്ടെന്നും പറഞ്ഞ് സന്ദേശങ്ങളും ചിത്രങ്ങളും അടക്കം ഇവർ അയച്ചു നൽകും. ഭയന്നുപോകുന്നവർ വീണ്ടും അവർ പറയുന്ന പണമടക്കാൻ തയാറാകും. ഒരിക്കൽ പണമടച്ചാലും പിന്നീട് കോളുകളും മെസേജുകളും തേടിയെത്തും. ഒരിക്കൽ വലയിൽ വീണു എന്ന് തോന്നിയവരെ വിടാതെ പിന്തുടരും. ലോൺ എടുക്കാനായി നൽകുന്ന ആധികാരിക രേഖകളിലെ ചിത്രങ്ങൾ ഉപയോഗിച്ച്, നഗ്‌ന വീഡിയോകളും ഫോട്ടോകളും അശ്ലീലം കലർന്ന ചാറ്റുകളും ഈ സംഘം തന്നെ കൃത്രിമമായി തയാറാക്കും.
എന്നാൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പരിഭ്രാന്തരാകാതെ പൊലിസിൽ വിവരമറിയിച്ച് ഫോണിൽനിന്നും ഈ ആപ്പും, ആപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നീക്കം ചെയ്യുകയാണ് വേണ്ടത്. ഇത്തരം കോളുകളെ നിരോധിക്കാനും നിയന്ത്രിക്കാനും സംവിധാനം ഉണ്ട്. സംശയകരമായ ലോൺ ആപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സൈബർ ഹെൽപ്പ് ലൈൻ നമ്പരായ 1930ൽ അറിയിക്കുക. സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് 155260 എന്ന ടോൾഫ്രീ നമ്പറിലും പരാതികൾ അറിക്കാം. കേന്ദ്രസർക്കാരിന്റെ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്‌മെന്റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്റർ സംവിധാനം പ്രവർത്തിക്കുന്നത്.












