---പരസ്യം---

കർഷകർക്ക് ആശ്വാസമേകുന്ന ഏത് പദ്ധതിയും നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്.

On: August 2, 2025 8:26 PM
Follow Us:
പരസ്യം

കർഷകർക്ക് ആശ്വാസമേകുന്ന ഏത് പദ്ധതിയും നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പി.എം. കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാം ഗഡുവിതരണം സംസ്ഥാന തലത്തിൽ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിവർഷം 6000 രൂപ 3 തുല്യ ഗഡുക്കളായി അർഹരായ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തിക്കുന്ന പി.എം. കിസാൻ സമ്മാൻ നിധി പദ്ധതി 2018 ലാണ് ആരംഭിച്ചത്. സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്‌ഘാടനം വെള്ളനാട് മിത്രാനികേതൻ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ ദേശീയ തലത്തിൽ തന്നെ PM-KISAN പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ കേരളം മുൻപന്തിയിൽ തന്നെയാണ് എന്നത് ഏറെ അഭിമാനകരമായ വസ്തുതയാണെന്ന് മന്ത്രി പറഞ്ഞു. അർഹത മാനദണ്ഡങ്ങളിലെ കൃത്യമായ നിരീക്ഷണം, ഭൂവിവരങ്ങളുടെ ഓൺലൈൻ സാക്ഷ്യപ്പെടുത്തൽ, e-KYC തുടങ്ങിയ പ്രവർത്തനങ്ങളിൽ സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ്, കൃഷിഭവനുകൾ, ബാങ്കുകൾ, പൊതു സേവന കേന്ദ്രങ്ങൾ തുടങ്ങിയവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് സംസ്ഥാനത്തിന് ദേശീയ തലത്തിൽ മികച്ച പുരോഗതി കൈവരിക്കാനായത് മന്ത്രി കൂട്ടിച്ചേർത്തു. കർഷകർക്ക് പിന്തുണയും പിൻബലവും നൽകേണ്ട ബാധ്യത സർക്കാരുകൾക്കും പൊതു സമൂഹത്തിനുമുണ്ട്. സംസ്ഥാനത്തെ 29,05,392 കർഷകർക്കായി ഏകദേശം ₹610 കോടിയോളം രൂപ നേരിട്ട് ആധാർ സീഡ് ചെയ്ത അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യപ്പെടും. കൃഷി ഭൂമിയിലെ വാണിജ്യവത്കരണവും നമ്മുടെ നാട്ടിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും അനിയന്ത്രിതമായ തോതിൽ കാർഷിക ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും കർഷകരെ പ്രതിസന്ധിയിൽ കൊണ്ടെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ കർഷകരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്ന തരത്തിൽ പദ്ധതികൾ നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പി.എം. കിസാൻ പദ്ധതിയിലൂടെ കർഷകർക്കായി നീക്കി വെയ്ക്കുന്ന തുകയിൽ കാലാനുസൃതമായ വർദ്ധനവ് ഉണ്ടാകട്ടെയെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മിത്രാനികേതൻ കെ.വി.കെ. വൈസ് ചെയർമാൻ ഡോ. രഘു രാമദാസ് അധ്യക്ഷത വഹിച്ച ചടങ്ങിന് കെ.വി.കെ. മേധാവിയുടെ ചുമതല വഹിക്കുന്ന സീനിയർ സയന്റിസ്റ്റ് ഡോ.ചിത്ര ജി. സ്വാഗതം ആശംസിച്ചു. പരിപാടിയോടനുബന്ധിച്ച് മൂല്യവർധിത ഉൽപന്നങ്ങളുടെ വാണിജ്യ വിപണന സാധ്യതകൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കർഷക സംരംഭകർക്കായി സംഘടിപ്പിച്ച സെമിനാർ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി.കെ.എസ്. ഉദ്‌ഘാടനം നിർവ്വഹിച്ചു. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 ഓളം കർഷകരും സംരംഭകരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജിത് സി. പദ്ധതി വിശദീകരണവും തിരുവനന്തപുരം ജില്ലാ കൃഷി ഓഫീസർ ശ്രീമതി മേരി അലക്സ് മുഖ്യപ്രഭാഷണവും നടത്തി. കെ.വി.കെ. യിലെ ഹോർട്ടിക്കൾച്ചർ സ്പെഷ്യലിസ്റ്റ് ശ്രീമതി മഞ്ജു തോമസ് യോഗത്തിനു നന്ദി പ്രകാശിപ്പിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!