ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ സമനിലക്കായി പൊരുതുന്നു. ഒന്നാം ഇന്നിംഗ്സില്‍ 311 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 174 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 137 റണ്‍സ് പിറകിലാണ് ഇന്ത്യ. റണ്ണൊന്നുമെടുക്കുന്നതിന് മുമ്പ് യശസ്വി ജയ്സ്വാളിനേയും സായ് സുദര്‍ശനേയും നഷ്ടപ്പെട്ട് ഇന്ത്യയെ കരകയറ്റിയത് പുറത്താകാതെ 87 റണ്‍സെടുത്ത കെ എല്‍ രാഹുലും 78 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും ചേര്‍ന്നാണ്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 358നെതിരെ ഇംഗ്ലണ്ട് 669 റണ്‍സാണ് അടിച്ചെടുത്തത്. 150 റണ്‍സെടുത്ത ജോ റൂട്ടിന് പുറമെ 141 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സിന്റെ പ്രകടനവും ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോര്‍ നേടുന്നതിന് സഹായിച്ചു.