തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിലാണ് ബസ് ഉടമകളുടെ സംയുക്ത സമര സമിതി ഈ തീരുമാനമെടുത്തത്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധന, പെർമിറ്റ് പുതുക്കൽ എന്നിവയിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.
നേരത്തെ, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക, വ്യാജ കൺസെഷൻ കാർഡുകൾ തടയുക, 140 കിലോമീറ്റർ മുകളിലുള്ള ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ നിലവിലുള്ള രീതിയിൽ പുതുക്കുക, ബസുകൾക്ക് അനാവശ്യ പിഴ ചുമത്തുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്. ജൂലൈ 22 മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി നടന്ന ചർച്ചയിൽ ധാരണയിലെത്താൻ കഴിയാത്തതിനെ തുടർന്നാണ് സമരപ്രഖ്യാപനം ഉണ്ടായത്. എന്നാൽ, ബസ് ഓപറേറ്റേഴ്സ് ഫോറം ചർച്ചയ്ക്ക് ശേഷം പണിമുടക്കിൽ നിന്ന് പിന്മാറിയിരുന്നു. മറ്റു സംഘടനകൾ സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചെങ്കിലും, മന്ത്രിയുമായുള്ള പുതിയ ചർച്ചയിൽ ധാരണയുണ്ടായതോടെ പണിമുടക്ക് മാറ്റിവെക്കുകയായിരുന്നു.
മന്ത്രി വ്യക്തമാക്കിയത്, 140 കിലോമീറ്റർ മുകളിലുള്ള പെർമിറ്റുകളുടെ കാര്യത്തിൽ നിയമസാഹചര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധനയിൽ വിദ്യാർഥി സംഘടനകളുമായി ഗതാഗത സെക്രട്ടറി ചർച്ച നടത്തി സമവായത്തിലെത്തുമെന്നുമാണ്. മുഖ്യമന്ത്രിയുമായി ആലോചിച്ച് പെർമിറ്റ് പുതുക്കൽ വിഷയത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
ജൂലൈ 8-ന് സ്വകാര്യ ബസുകൾ സൂചനാ സമരം നടത്തിയിരുന്നു. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് ബസ് ഉടമകൾ മുന്നറിയിപ്പ് നൽകിയിരുന്നു. പണിമുടക്ക് നടന്നാൽ സാധാരണക്കാരെയും വിദ്യാർഥികളെയും ഏറെ ബാധിക്കുമായിരുന്നു. ഓഫീസുകളുടെ പ്രവർത്തനവും താളംതെറ്റുമായിരുന്നു.












