പുതിയ അഗ്‌നിവീര്‍ ബാച്ചിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് വ്യോമസേന. അവിവാഹിതരായ പുരുഷന്മാരില്‍ നിന്നും വനിതകളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ നാല് വര്‍ഷത്തേക്കായിരിക്കും നിയമിക്കുക. അപേക്ഷകര്‍ 2-7-2005 നും 2-1-2009 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം. ഇന്ത്യന്‍ സായുധ സേനയിലേക്ക് യുവാക്കളെ നാല് വര്‍ഷത്തേക്ക് നിയമിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്.
ഹയര്‍ സെക്കണ്ടറി / തത്തുല്യം / മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളോടെ വൊക്കേഷണല്‍ കോഴ്സ് / മൂന്ന് വര്‍ഷ ഡിപ്ലോമ (മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ / ഓട്ടോമൊബൈല്‍ / ഇലക്ട്രോണിക്സ് / കംപ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്നോളജി / ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി) എന്നിവയിലേതെങ്കിലും 50% മാര്‍ക്കോടെ പാസ്സായവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷിന് 50% മാര്‍ക്ക് നേടിയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒന്നാം വര്‍ഷം പ്രതിമാസ ശമ്പളമായി 30000 രൂപ ലഭിക്കും. രണ്ടാം വര്‍ഷം 33000, മൂന്നാം വര്‍ഷം 36500, നാലാം വര്‍ഷം 40000 രൂപ എന്നിങ്ങനെ ശമ്പള ഘടന ഓരോ വര്‍ഷവും വ്യത്യാസപ്പെടും. അതേസമയം ശമ്പളത്തില്‍ നിന്ന് 30% തുക അഗ്നിവീര്‍ കോര്‍പ്പസ് ഫണ്ടിലേക്ക് നിക്ഷേപിക്കും. ഇതിനു തുല്യമായ തുക കേന്ദ്ര സര്‍ക്കാരും ഫണ്ടിലേക്ക് ചേര്‍ക്കും.
അഗ്‌നിവീറുകളുടെ നാല് വര്‍ഷത്തെ സേവനകാലം കഴിയുമ്പോള്‍ 10.04 ലക്ഷം രൂപ സര്‍വ്വീസ് ഫണ്ട് പാക്കേജായി കൈയില്‍ കിട്ടുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്രീമിയം തുക അടക്കാതെ 48 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും അഗ്‌നിവീറുകള്‍ക്ക് ലഭിക്കും. ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ, കായികക്ഷമതാ പരീക്ഷ, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
എഴുത്ത് പരീക്ഷക്ക് സയന്‍സ് / സയന്‍സ് ഇതര പഠനം നടത്തിയ അപേക്ഷകര്‍ക്ക് വ്യത്യസ്ത വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അനുവാദമുണ്ട്. സയന്‍സുകാര്‍ക്ക് ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയും മറ്റുള്ളവര്‍ക്ക് ഇംഗ്ലീഷ്, യുക്തിബോധം, പൊതു പരിജ്ഞാനം എന്നിവയും തിരഞ്ഞെടുക്കാം. ജൂലൈ 11 മുതലാണ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31 ആണ്.
സെപ്തംബര്‍ 25 ന് പരീക്ഷ തുടങ്ങും. സേവനത്തിനു ശേഷം 25% പേര്‍ക്ക് സൈന്യത്തില്‍ സ്ഥിരം നിയമനത്തിന് സാധ്യതയുണ്ട്. വിശദ വിവരങ്ങള്‍ക്ക് https://agnipathvayu.cdac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.













