കീഴരിയൂരിൽ ഈന്ത് മരം ഉണങ്ങി നശിക്കുന്നു.വംശനാശം നേരിടുന്ന ഈന്ത് മരം കീഴരിയൂരിൽ വ്യാപകമായി ഉണങ്ങി നശിച്ചു കൊണ്ടിരിക്കുകയാണ്. ജുറാസിക് കാലഘട്ടം മുതൽ ഭൂമിയിലെ സസ്യവിഭാഗമായ ഈന്ത് മരത്തിൻ്റെ വേരുകൾക്ക് മണ്ണൊലിപ്പ് തടയാനുള്ള അസാധാരണമായ കഴിവുണ്ട് . വേരുകളിൽ പറ്റിപ്പിടിച്ചു കിടക്കുന്ന ഒരു ഇനം സൈനോബാക്ടീരിയ അന്തരീക്ഷത്തിലെ നൈട്രജൻ വലിച്ചെടുത്ത് മണ്ണിനെ സമ്പുഷ്ടമാക്കുന്നു.ഇത്രയും പരിസ്ഥിതി പ്രാധാന്യമുള്ള ഒരു മരമാണ് ഉണങ്ങി നശിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ഈ മരത്തെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് .ഒരിനം ശൽക്കീടങ്ങളാണ് രോഗം ഉണ്ടാക്കുന്നത്.ഈന്ത് മരത്തിൻറെ അടുത്തുപോയി ശ്രദ്ധിച്ചാൽ ഇലകളിലും മരത്തിലും കോടിക്കണക്കിന് കീടങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാൻ കഴിയും.ഇമിഡാ ക്ലോപ്രിഡ് എന്ന കീടനാശിനി ഒരു മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കുന്നത് ഫലപ്രദമാണെന്ന് കൃഷിവകുപ്പുമായി ബന്ധപ്പെട്ടപ്പോൾ അറിയിച്ചിട്ടുണ്ട് .പ്രസ്തുത മരുന്ന് അഡ്മയർ എന്ന പേരിൽ കീടനാശിനി കടകളിൽ ലഭ്യമാണ്.