ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാണ്. ഫോണ്‍ ഉപയോഗിക്കുന്നത് പോലെ അതിന്റെ ചാര്‍ജറും സുരക്ഷിതമായിരിക്കണം. എന്നാല്‍ പലര്‍ക്കും ലഭിക്കുന്ന ചാര്‍ജറുകളുടെ ഗുണനിലവാരം പരിശോധിക്കാതെ ഉപയോഗിക്കുകയാണ് സാധാരണ പതിവ്.
വിപണിയില്‍ ലഭ്യമായ വ്യാജ ചാര്‍ജറുകള്‍ ഫോണിന്റെ ബാറ്ററിയെയും മദര്ബോര്ഡിനെയും ഗുരുതരമായി നശിപ്പിക്കാനുള്ള ശേഷിയുള്ളതായതിനാല്‍, ഇവ ഉപയോഗിക്കുന്നത് അപകടകരമാണ്. ഈ ലേഖനത്തില്‍, വ്യാജ ചാര്‍ജറുകളുടെ അപകടങ്ങള്‍, അതിനെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍, ഒറിജിനല്‍ ചാര്‍ജര്‍ ഉപയോഗിക്കേണ്ട കാരണങ്ങള്‍ എന്നിവ വിശദമായി പരിശോധിക്കാം.
മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വേണ്ടി കൈയില്‍ കിട്ടിയ ചാര്‍ജര്‍ എടുത്ത് ചാര്‍ജ് ചെയ്യുന്ന ആളുകളുണ്ട്. അതുപോലെ ഒറിജിനല്‍ മൊബൈല്‍ ചാര്‍ജര്‍ കേടുവന്നാല്‍ ഏതെങ്കിലുമൊക്കെ ചാര്‍ജര്‍ വാങ്ങുന്ന പതിവും നമ്മളില്‍ പലര്‍ക്കുമുണ്ട്. ഏത് ചാര്‍ജര്‍ ഉപയോഗിച്ചും ഫോണ്‍ ചാര്‍ജ് ചെയ്യാമെന്നാണ് നമ്മുടെയൊരു പൊതു വിശ്വാസം. പക്ഷേ ഇത് ഫോണിന് ഗുരുതരമായ കേടുപാടുകള്‍ വരുത്തുന്നുണ്ട്. വിപണിയിലെ പല വ്യാജ ചാര്‍ജറുകളും ബ്രാന്‍ഡ് നാമങ്ങളില്‍ തന്നെ വില്ക്കപ്പെടുന്നുമുണ്ട്.
എന്തു കൊണ്ടാണ് വ്യാജ ചാര്‍ജറുകള്‍ ഇത്ര അപകടകരമാകുന്നത് ?
വ്യാജ ചാര്‍ജറുകളില്‍ ഉപയോഗിക്കുന്നത് വിലകുറഞ്ഞതും ഗുണനിലവാരം കുറഞ്ഞതുമായ പാര്‍ട്സുകള്‍ ആണ് . ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ അവ വേഗത്തില്‍ ചൂടാവുകയും തീ പിടിത്തത്തിന് കാരണമാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ്.
വ്യാജ ചാര്‍ജറുകള്‍ ശരിയായ വോള്‍ട്ടേജും ആമ്പിയേജും നല്‍കിയേക്കില്ല. ഇത് ബാറ്ററിയുടെ ചാര്‍ജിങ് സൈക്കിളിനെ തടസപ്പെടുത്തുന്നതാണ്. ബാറ്ററി വീക്കം, അമിതമായി ചൂടാകല് അല്ലെങ്കില്‍ പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത എന്നിവ വര്‍ധിക്കുന്നുണ്ട്. തെറ്റായ വോള്‍ട്ടേജ് വിതരണം ഫോണിന്റെ മദര്ബോര്ഡിനെയും ചാര്‍ജിങ് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടിനെയും (IC) തകരാറിലാക്കും. ഇത് ഫോണിനെ ഉപയോഗശൂന്യമാക്കും.
ഒരു വ്യാജ ചാര്‍ജര്‍ എങ്ങനെ തിരിച്ചറിയാം?
മികച്ച നിലവാരമുള്ള പ്ലാസ്റ്റിക്, ട്രാന്‍സ്ഫോര്‍മറുകള്‍, ആന്തരിക ഘടകങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനാല്‍ യഥാര്‍ഥ ചാര്‍ജറുകള്‍ക്ക് ഭാരവും കൂടുതലാണ്. ഗുണനിലവാരം കുറഞ്ഞ ഭാഗങ്ങള്‍ ഉള്ളതു കാരണം വ്യാജ ചാര്‍ജറുകള്‍ ഭാരം കുറഞ്ഞതും ദുര്‍ബലവുമായിരിക്കും.
ബ്രാന്‍ഡഡ് ചാര്‍ജറുകളിലെ പ്രിന്ററിങ് വ്യക്തവും ഏകീകൃതവും കൃത്യവുമായിരിക്കും. അതേസമയം വ്യാജ ചാര്‍ജറുകളിലെ പ്രിന്റിങ് മങ്ങിയതോ, അല്ലെങ്കില്‍ അക്ഷരത്തെറ്റുള്ളതോ ആയിരിക്കും.
ഒരു കമ്പനിയുടെ ഒറിജിനല്‍ ചാര്‍ജറിന് 1,000 രൂപ മുതല്‍ 1,200 രൂപയ്ക്കു മുകളില്‍ വരെ വിലയുണ്ട്. എന്നാല്‍ അതേ ബ്രാന്‍ഡ് ഒരു സ്റ്റോറില്‍ 250 രൂപ, 300 രൂപ വിലയ്ക്ക് ലഭ്യമാണെങ്കില്‍, അത് വ്യാജമാണെന്നതിന്റെ വ്യക്തമായ സൂചനയാണ്. കമ്പനികളുടെ പേരുകള്‍ അച്ചടിച്ചുകൊണ്ട് പ്രാദേശിക ചാര്‍ജറുകളും വില്ക്കപ്പെടുന്നു.
ബിഐഎസ് കെയര്‍ ആപ്പ് ഉപയോഗിച്ച് വ്യാജ ചാര്‍ജറുകള്‍ തിരിച്ചറിയാന്‍ കഴിയും. നിങ്ങള്‍ ചാര്‍ജറിന്റെ ഉല്‍പ്പന്ന രജിസ്ട്രേഷന് നമ്പര്‍ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ചാര്‍ജര്‍ രജിസ്റ്റര്‍ ചെയ്തതായി കാണുന്നില്ലെങ്കില്‍, അത് വ്യാജമാകാനുള്ള സാധ്യതയും കൂടുതലാണ്.
നിങ്ങളുടെ ചാര്‍ജര്‍ വ്യാജനാണോ അല്ലയോ എന്ന് എങ്ങനെ പരിശോധിക്കാം?
ഒരു യഥാര്‍ഥ ചാര്‍ജര്‍ തിരിച്ചറിയാനും അതിന്റെ എക്സ്പെയറി ഡേറ്റ് നിര്‍ണയിക്കാനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:
ബിഐഎസ് കെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ലഭ്യമാണ്. ആപ്പ് തുറന്ന് ഹോം പേജിലേക്ക് നാവിഗേറ്റ് ചെയ്യുക: ഹോം സ്ക്രീനില്‍, നിങ്ങള്‍ക്ക് നിരവധി ഓപ്ഷനുകള്‍ കാണാവുന്നതാണ്. ‘CRSന് കീഴില്‍ R നമ്പര്‍ പരിശോധിക്കുക ‘ തിരഞ്ഞെടുക്കുക. ഇവിടെ, നിങ്ങള്‍ക്ക് ഉല്‍പ്പന്ന രജിസ്ട്രേഷന് നമ്പര്‍ നല്‍കാം.
ചാര്‍ജറിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ ലഭിക്കും. ചാര്‍ജറിന്റെ വിശദാംശങ്ങള്‍ ലഭിക്കാന്‍ രജിസ്ട്രേഷന് നമ്പറോ ക്യുആര്‍ കോഡോ ഉപയോഗിക്കുക. വിവരങ്ങളില്‍ നിങ്ങളുടെ ചാര്‍ജറിന്റെ എക്സ്പെയറി ഡേറ്റും ഉള്‍പ്പെടുന്നതാണ്.















