അധിക വീടുകളിലും കാന്താരി മുളകിന്റെ ഒരു തൈ എങ്കിലും ഉണ്ടാവും. രുചി കൊണ്ടും ഔഷധ ഗുണങ്ങള്‍ കൊണ്ടും വിപണിയില്‍ ഏറെ ഡിമാന്‍ഡുള്ള മുളകാണ് കാന്താരി . കാണാന്‍ കുഞ്ഞന്‍ ആണെങ്കിലും മറ്റ് മുളക് വിഭാഗങ്ങളെ അപേക്ഷിച്ച് വിലയിലും ആവശ്യകതയിലും മുന്‍പന്തിയില്‍ കാന്താരി തന്നെയാണ്. വിപണിയില്‍ ഇതിന് സ്ഥിരമായ ആവശ്യക്കാരുമുണ്ട്. അതുകൊണ്ടുതന്നെ ചെറുകിട കര്‍ഷകര്‍ക്ക് കുറഞ്ഞ നിക്ഷേപത്തില്‍ നല്ല വരുമാനം നേടാന്‍ കഴിയുന്ന വിളയായിരിക്കുകയാണ് കാന്താരി.
കാന്താരി മുളക് കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ മാസം മാര്‍ച്ച് അവസാനമാണ് . കാന്താരിക്ക് മികച്ച വിളവ് നല്‍കുന്നതിനായി വെള്ളം കെട്ടിനില്‍ക്കാത്ത, ഓര്‍ഗാനിക് പദാര്‍ത്ഥങ്ങളാല്‍ സമൃദ്ധമായ മണല്‍ -ചെളി മിശ്രിതം കലര്‍ന്ന മണ്ണാണ് വേണ്ടത്. കൃഷിയ്ക്ക് മുന്‍പ് മണ്ണ് നന്നായി മറിച്ചിളക്കി ജൈവവളവും ചേര്‍ക്കുന്നത് നന്നായിരിക്കും.
നടീല്‍
തൈകള്‍ മുളപ്പിച്ചതിന് ശേഷം 25 ദിവസങ്ങള്‍ക്ക് ശേഷം കൃഷിസ്ഥലത്തേക്ക് മാറ്റി നടാവുന്നതാണ്. വിത്ത് പാകുമ്പോള്‍ അധികം ആഴത്തിലേക്കു പോകാതെ വേണം പാകാന്‍. എങ്കില്‍ മാത്രമേ തൈ വേരുകള്‍ പൊട്ടാതെ പറിച്ചു നടാന്‍ സാധിക്കുകയുള്ളൂ. നടുമ്പോള്‍ തൈകള്‍ തമ്മില്‍ ഏകദേശം 45 സെന്റി മീറ്റര്‍ ദൂരവും പാലിക്കുന്നത് നന്നായിരിക്കും.
വളം
ബയോകൊമ്പോസ്റ്റ്, ജൈവ വളങ്ങള്‍ എന്നിവ നിശ്ചിത ഇടവേളകളില്‍ നല്‍കണം. രാസവളങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കാന്താരി മുളകിന് വിപണിയില്‍ കൂടുതല്‍ വില ലഭിക്കുന്നത് ‘ഓര്‍ഗാനിക്’ ഉല്‍പ്പന്നമായിരിക്കുന്നതു കൊണ്ടാണ്.
മിതമായ വെള്ളം
തൈകള്‍ക്ക് മിതമായ ജലസേചനം മതിയാകും. അധികജലം വേരുകള്‍ ചീയാന്‍ ഇടയാക്കുന്നതാണ്. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങള്‍ കൃഷിക്കായി തെരഞ്ഞെടുക്കുകയും ചെയ്യരുത്. ഏകദേശം ഒരു സെന്റ് സ്ഥലത്ത് ശരാശരി 250-300 കാന്താരി മുളക് ചെടികള്‍ വളര്‍ത്താന്‍ കഴിയും. നല്ല പരിപാലനത്തില്‍ ഓരോ ചെടിയില്‍ നിന്നും 400-600 ഗ്രാം വരെ ഉല്‍പ്പാദനവും ലഭിക്കുന്നതാണ്.















