കോഴിക്കോട്: പരാതി നൽകാനെത്തി ബാങ്ക് മാനേജറുടെ മുന്നിലിരിക്കെ അക്കൗണ്ടിൽനിന്നു ലക്ഷങ്ങൾ ‘പറന്നുപോകുന്നത്’ കാണേണ്ടി വന്ന ദുരനുഭവമാണ് പി.എസ് മനീഷിന്. കരിക്കാംകുളം ഫ്ളോറിക്കൻ ഹിൽ റോഡിലെ മനീഷിന്റെ അക്കൗണ്ടിൽനിന്നാണ് ഏഴു മിനുട്ടിനിടെ നാലേകാൽ ലക്ഷം രൂപ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്. അതും തട്ടിപ്പിനു തടയിടാനായി ശ്രമിക്കുന്ന ബാങ്ക് ജീവനക്കാരുടെ കൺമുന്നിൽ!
പണം നഷ്ടപ്പെട്ട് ഒന്നര മാസം പിന്നിട്ടിട്ടും ബാങ്കിനോ സൈബർ പൊലിസിനോ തുമ്പൊന്നും കണ്ടെത്താൻ കഴിഞ്ഞതുമില്ല. കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് ഉച്ചയോടെ, തന്റെ ഇൻഡസിന്റ് ബാങ്ക് അക്കൗണ്ടിൽ പുതിയൊരു ‘ബെനിഫിഷ്യറി’യെ ചേർത്തുവെന്ന സന്ദേശം മനീഷിന് ലഭിച്ചതാണ് തട്ടിപ്പിന്റെ തുടക്കം. സംശയം തോന്നിയ ഉടൻ ബാങ്കിന്റെ കാൾ സെന്ററുമായി ബന്ധപ്പെടാൻ ശ്രമിച്ചു. സാധിക്കാതെ വന്നപ്പോൾ, കാരപ്പറമ്പ് ശാഖയിലെ റിലേഷൻഷിപ്പ് മാനേജറെ വിളിച്ച് നേരിട്ട് ബാങ്കിൽ എത്തി. വ്യാജ ബെനിഫിഷ്യറിയെ ഒഴിവാക്കുകയും വ്യാജ ഇടപാടുകൾ തടയുകയും ചെയ്യുന്നതിന് ബാങ്ക് ജീവനക്കാർ ശ്രമിച്ചുകൊണ്ടിരിക്കെ ആദ്യം 1.5 ലക്ഷം രൂപ ഇതേ ബാങ്കിന്റെ പശ്ചിമ ബംഗാളിലെ ഒരു ശാഖയിലേക്ക് അജ്ഞാതൻ മാറ്റി. പിന്നാലെ നാലര ലക്ഷത്തിനടുത്ത തുക മിനുട്ടുകൾക്കുള്ളിൽ പല തവണയായി നഷ്ടമാകുന്നതു നോക്കിനിൽക്കേണ്ടിവന്നു. ഇതിൽ ഒരു ലക്ഷം രൂപ സ്ഥിരനിക്ഷേപത്തിൽനിന്നാണ് കവർന്നത്.
സ്ഥിരനിക്ഷേപത്തിലെ ഒരു ലക്ഷം രൂപ എസ്.ബി അക്കൗണ്ടിലേക്ക് മാറ്റുകയും തുടർന്ന് ഇതേ ബാങ്കിന്റെ ബംഗാളിലെ ഒരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതും ബാങ്ക് വെബ്സൈറ്റ് വഴി ജീവനക്കാരും മനീഷും അറിഞ്ഞു. പിന്നീട് എ.ടി.എം വഴി ഈ തുക പിൻവലിച്ചെന്നും മനസിലായി. ഏഴു മിനുട്ടിനുള്ളിൽ എല്ലാം തീർന്നു.
അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്ക് ജീവനക്കാർ കഴിയുന്നത്ര പരിശ്രമിച്ചിട്ടും വിജയിച്ചില്ല. സുരക്ഷിതമാണെന്ന് കരുതുന്ന സ്ഥിരനിക്ഷേപത്തിൽ നിന്നുപോലും തട്ടിപ്പ് നടന്നത് ബാങ്ക് അധികൃതരേയും ഞെട്ടിച്ചിട്ടുണ്ട്. ബാങ്കിന്റെ വിവിധ തലങ്ങളിലും സൈബർ പൊലിസിലും പരാതി നൽകിയിട്ട് സാധ്യമായത് അക്കൗണ്ടിൽ അവശേഷിച്ച ഒരുലക്ഷം രൂപ സംരക്ഷിക്കാനായി എന്നുമാത്രം. ഫോണിലെ വിവരങ്ങൾ കൈയേറിയാണ് തട്ടിപ്പു നടത്തിയതെന്ന് പൊലിസ് പറയുന്നു. ഫോൺ ഫോർമാറ്റ് ചെയ്യുകയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തതോടെ മനീഷിന്റെ ബിസിനസ് ഇടപാടുകളും മുടങ്ങി.















