കീഴരിയൂർ. സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂർ ബോംബ് നിർമാണമെന്ന് കൊയിലാണ്ടി ഗവ.കോളജ് പ്രിൻസിപ്പൽ ഡോ.സി.വി.ഷാജി പറഞ്ഞു. മഹാത്മജി കൊളുത്തിയ സ്വാതന്ത്ര്യ പ്രക്ഷോഭം എന്ന ദീപം ദീപ്തമാക്കാൻ ഇന്ത്യൻ ജനതയിലെ വിവിധ വിഭാഗങ്ങൾ തങ്ങൾക്ക് ശരിയെന്നു തോന്നിയ പാത പിന്തുടർന്നുവെന്നും ചരിത്ര യാഥാർഥ്യം കാണാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ബോംബ് കേസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമോചന പോരാളികൾക്കെതിരെ സാമ്രാജ്യത്വ ശക്തികൾ നടത്തിയ പൈശാചിക നടപടികളിൽ ക്ഷുഭിതരായ ജനതയിലെ ഒരു വിഭാഗം ചിലപ്പൊഴെങ്കിലും അഹിംസയുടെ പാതയിൽ നിന്ന് വഴുതിപോയിട്ടുണ്ട്. കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ലാൽപുരി ലീല, കെ.രവീന്ദ്രൻ, രാമചന്ദ്രൻ പാരിജാതം, പി.കെ.ഷാജി, കെ.ടി.പ്രസാദ് എന്നിവർ പ്രസംഗിച്ചു.