വിമാനമിറങ്ങി തിരക്കിനിടയില്‍ സ്വന്തം ബാഗ് എടുക്കാന്‍ മറന്നുപോകുന്നവര്‍ കുറവല്ല. മണിക്കൂറുകളോളം കണ്‍വെയര്‍ ബെല്‍റ്റില്‍ അനാഥമായി കറങ്ങുന്ന ഈ ബാഗുകള്‍ ഒടുവില്‍ എവിടെയാണ് എത്തുന്നത്? അനന്തമായി അവ അവിടെ കിടന്ന് കറങ്ങുകയല്ല ചെയ്യുന്നത്. ഇത്തരം ലഗേജുകള്‍ കൈകാര്യം ചെയ്യാന്‍ വിമാനത്താവളങ്ങള്‍ക്ക് കൃത്യമായ നടപടി ക്രമങ്ങളുണ്ട്.
ആദ്യത്തെ 24 മണിക്കൂര്‍: സുരക്ഷിത കരങ്ങളിലേക്ക്
ബെല്‍റ്റില്‍ ആരും എടുക്കാതെ ബാഗുകള്‍ തുടര്‍ച്ചയായി കറങ്ങിക്കൊണ്ടിരുന്നാല്‍ വിമാനത്താവള ജീവനക്കാര്‍ അവ അവിടെനിന്നും മാറ്റും. നിശ്ചിത സമയം കഴിഞ്ഞാല്‍ ഇവ ‘ലോസ്റ്റ് ആന്‍ഡ് ഫൗണ്ട്’ (Lost & Found) വിഭാഗത്തിലേക്കോ അതത് എയര്‍ലൈനിന്റെ ബാഗേജ് ഓഫീസിലേക്കോ മാറ്റും. അവിടെ ബാഗിലെ വിവരങ്ങള്‍ രേഖപ്പെടുത്തി പ്രത്യേക ടാഗ് നല്കി 24 മുതല്‍ 72 മണിക്കൂര്‍ വരെ സൂക്ഷിക്കും.
ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമം
ബാഗേജ് ടാഗിലെ വിവരങ്ങള്‍, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്കിയ ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ ഉപയോഗിച്ച് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ ബന്ധപ്പെടാന്‍ ശ്രമിക്കും. കണക്ഷന് ഫ്ളൈറ്റ് മിസ്സ് ആയതുകൊണ്ടാണ് ബാഗ് എടുക്കാന്‍ കഴിയാത്തതെങ്കില്‍, അത് യാത്രക്കാരന്റെ അടുത്ത ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊടുക്കാനും എയര്‍ലൈനുകള്‍ സഹായിക്കാറുണ്ട്.
90 ദിവസത്തെ കാത്തിരിപ്പ്
ബാഗ് നഷ്ടപ്പെട്ടതായി പരാതി ലഭിച്ചാല്‍ അത് കണ്ടെത്താന്‍ എയര്‍ലൈനുകള്‍ക്ക് 21 ദിവസത്തെ സമയമുണ്ട്. എന്നാല്‍ ആരും അവകാശവാദവുമായി എത്തിയില്ലെങ്കില്‍ സാധാരണയായി 90 ദിവസം വരെ ഇവ ഗോഡൗണുകളില്‍ സൂക്ഷിക്കും. ഈ കാലയളവില്‍ ബാഗ് തുറന്ന് വിലാസമോ തിരിച്ചറിയല്‍ രേഖകളോ ഉണ്ടോ എന്ന് പരിശോധിക്കും. മരുന്നുകളോ വിലപിടിപ്പുള്ള രേഖകളോ കണ്ടാല്‍ ഉടമസ്ഥനെ കണ്ടെത്താന്‍ പ്രത്യേക മുന്‍ഗണന നല്‍കും.
ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കും
ബാഗിനുള്ളില്‍ കേടായിപ്പോകുന്ന ഭക്ഷണസാധനങ്ങളോ ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കളോ ഉണ്ടെങ്കില്‍ അവ ഉടനടി നീക്കം ചെയ്യും. വിമാനത്താവളത്തിലെ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും പ്രാണികളെയും എലികളെയും അകറ്റുന്നതിനും വേണ്ടിയാണിത്.
അവസാന ഘട്ടം: ലേലവും ചാരിറ്റിയും
നിയമപരമായ സൂക്ഷിക്കല്‍ കാലാവധി കഴിഞ്ഞിട്ടും ആരും എത്തിയില്ലെങ്കില്‍ ഈ ബാഗുകള്‍ ‘അണ്‍ക്ലെയിംഡ് പ്രോപ്പര്‍ട്ടി’ ആയി പ്രഖ്യാപിക്കും. പിന്നീട് ഇവ ലേലം വിളിക്കുകയോ ചാരിറ്റി സ്ഥാപനങ്ങള്‍ക്ക് കൈമാറുകയോ ആണ് പതിവ്. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇത്തരം ബാഗുകള്‍ വാങ്ങി അതിലെ സാധനങ്ങള്‍ വില്‍ക്കുന്ന പ്രത്യേക സ്റ്റോറുകള്‍ തന്നെയുണ്ട്.
യാത്രക്കാര്‍ ശ്രദ്ധിക്കാന്‍ ചില ടിപ്സ്
നെയിം ടാഗ്- ബാഗില്‍ നിങ്ങളുടെ പേരും ഫോണ്‍ നമ്പറും വ്യക്തമായി എഴുതിയ ടാഗ് തൂക്കുക.
തിരിച്ചറിയല്‍ അടയാളം- മറ്റുള്ളവരുടെ ബാഗില്‍ നിന്ന് മാറിപ്പോകാതിരിക്കാന്‍ കളര്‍ റിബണോ സ്റ്റിക്കറോ ഉപയോഗിക്കുക.
സ്മാര്‍ട്ട് ട്രാക്കിങ്- ആപ്പിള്‍ എയര്‍ ടാഗ് (AirTag) പോലുള്ള ട്രാക്കിങ് ഡിവൈസുകള്‍ ബാഗിനുള്ളില്‍ വയ്ക്കുന്നത് വഴി ലൊക്കേഷന്‍ ഫോണിലൂടെ അറിയാം.















