ബനാറസ് ഹിന്ദു സർവകലാശാലയിലെ (BHU) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2026-28 വർഷത്തെ അക്കാദമിക് ബാച്ചിലേക്കുള്ള ബിസിനസ് അഡ്മിനിസ്ട്രേഷനിലെ രണ്ടു വർഷത്തെ നാല് സെമസ്റ്റർ ബിരുദാനന്തര മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ), മാസ്റ്റർ ഓഫ് ഇന്റർനാഷനൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ – ഐ.ബി) എന്നിവയ്ക്കുള്ള കോഴ്സ് കരിക്കുലം, കോർപറേറ്റ് ലോകത്തിന്റെ ആവശ്യങ്ങൾ കണക്കിലെടുത്താണ് രൂപകൽപന ചെയ്തിരിക്കുന്നത്. കേസ് പഠനങ്ങൾ, സെമിനാറുകൾ, റോൾ പ്ലേകൾ, ക്ലൗഡ് അധിഷ്ഠിത ബിസിനസ് സ്റ്റിമുലേഷൻ ഗെയിമുകൾ, ഗ്രൂപ്പ് അസൈൻമെന്റുകൾ, വിഡിയോ സെഷനുകൾ, മൾട്ടിമീഡിയ അവതരണങ്ങൾ, ബിസിനസ് ഗെയിമുകൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാകുന്നു.
സ്പെഷലൈസേഷൻ
മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഫിനാൻസ്, ഓപറേഷൻസ് മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, ഗ്ലോബൽ ബിസിനസ് ഓപറേഷൻസ്.
യോഗ്യതാ മാനദണ്ഡം
10+ 2+ 3 പാറ്റേണിൽ ബിരുദാനന്തര ബിരുദം / എൻജിനീയറിങ് ടെക്നോളജി, കൃഷി, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം അല്ലെങ്കിൽ നിയമം എന്നിവയിൽ ബിരുദം / ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. എം.ബി.എ, എം.ബി.എ – ഐ.ബി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം കാറ്റ് പരീക്ഷ വഴിയാണ് നടത്തുന്നത്.
എസ്.സി/എസ്.ടി ഒഴികെ വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് നേടിയിട്ടുണ്ടെങ്കിൽ കാറ്റ് പ്രകാരം നിർവചിച്ചിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ ബാധകമായി കണക്കാക്കും. എസ്.സി/എസ്.ടി അപേക്ഷകർക്ക് കുറഞ്ഞത് 45% മാർക്ക്.
അപേക്ഷാ ഫീസ്: ജനറൽ / ഒ.ബി.സി-എൻ.സി.എൽ, ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് 2000 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 1000 രൂപയും.
പ്രവേശന നടപടിക്രമം
അപേക്ഷകർ സമർഥ് പോർട്ടൽ (bhumbaadm.samarth.edu.in) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. എം.ബി.എ, എം.ബി.എ-ഐ.ബി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ഐ.ഐ.എം നടത്തുന്ന കാറ്റ് മാർക്കിന്റെ ശതമാനം (50%), അക്കാദമിക് റെക്കോഡുകൾ (20%), ഗ്രൂപ്പ് ചർച്ച (15%), വ്യക്തിഗത അഭിമുഖം (15%) എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും.
കാറ്റ് 2025 സ്കോറിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന പഠിതാക്കളെ ഗ്രൂപ്പ് ചർച്ചയ്ക്കും അഭിമുഖത്തിനും (ഫിസിക്കൽ മോഡിൽ മാത്രം) ക്ഷണിക്കും.
ഇത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഡ്മിഷൻ കമ്മിറ്റി തീരുമാനിച്ച ഷെഡ്യൂൾ പ്രകാരം ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. വിശദാംശങ്ങൾക്ക് ബന്ധപ്പെടുക: മൊബൈൽ നമ്പർ: 91- 7607236522
ഇ-മെയിൽ: admissions@fmsbhu.ac.in
വെബ്സൈറ്റ്: www.bhu.ac.in/imbhu.















