ഒട്ടുമിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാവുന്ന പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. എന്നാല്‍ വാങ്ങി വീട്ടില്‍ വെക്കുമ്പോഴേക്കും അത് മുളച്ചുതുടങ്ങാറുണ്ട്. പയറും കടലയുമടക്കം ധാന്യങ്ങള്‍ മുളയ്ക്കുന്നത് പോഷക ഗുണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ ഉരുളക്കിഴങ്ങ് മുളച്ചത് പാകം ചെയ്ത് കഴിക്കുന്നത് സുരക്ഷിതമാണോ അല്ലയോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പലപ്പോഴും കിഴങ്ങിന്റെ മുളച്ച ഭാഗം ചെത്തിക്കളഞ്ഞ് ബാക്കി ഉപയോഗിക്കുന്നവരാണ് നമ്മള്‍.
എന്തുകൊണ്ടാണ് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കരുതെന്ന് പറയുന്നത്?
ഉരുളക്കിഴങ്ങില്‍ സോളനൈന്‍, ചാക്കോനൈന്‍ എന്നീ രണ്ട് ഗ്ലൈക്കോ ആല്‍ക്കലോയിഡ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചെറിയ അളവില്‍ കഴിക്കുമ്പോള്‍ കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍
അമിതമായ അളവില്‍ കഴിച്ചാല്‍ ഈ രണ്ട് സംയുക്തങ്ങളും നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകാം. മുളയ്ക്കുമ്പോള്‍ ഈ സംയുക്തങ്ങളില്‍ ഇതിന്റെ അളവ് വര്‍ധിക്കുകയാണ് ചെയ്യുക. അതിനാല്‍ അമിതമായ അളവില്‍ കഴിക്കുമ്പോള്‍, ഈ സംയുക്തങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഉരുക്കിഴങ്ങിനുണ്ടാകുന്ന പച്ചനിറം ക്ലോറോഫിന്‍ നല്‍കുന്നതാണ്. ഇത് വിഷപദാര്‍ഥമല്ല, എന്നാല്‍ ഗ്ലൈക്കോ ആല്‍ക്കലോയ്ഡ് കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ടെന്നതിന്റെ സൂചനയാണിത്.
ഗ്ലൈക്കോ ആല്‍ക്കലോയിഡുകള്‍ മനുഷ്യരുടെ ശരീരത്തിലെത്തുന്നത് ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സിന് ഇടയാക്കും. ഗ്ലൈക്കോ ആല്‍ക്കലോയിഡുകളുടെ അളവ് കൂടുന്നത് ഉരുളക്കിഴങ്ങിന് കയ്‌പേറിയ രുചി നല്‍കും. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, തലവേദന, എന്നിവയുണ്ടാകാം.
പോഷകമൂല്യം കുറയ്ക്കുന്നു: മുളപ്പിക്കല്‍ പ്രക്രിയയ്ക്കായി ഉരുളക്കിഴങ്ങില്‍ സംഭരിച്ചിരിക്കുന്ന പോഷകങ്ങള്‍ ഉപയോഗിക്കുന്നു, ഇതുമൂലം അവയുടെ പോഷകമൂല്യം കുറയാന്‍ സാധ്യതയുണ്ട്.
മുളപ്പിച്ച ഉരുളക്കിഴങ്ങില്‍ നിന്ന് വിഷാംശം നീക്കം ചെയ്യാന്‍ കഴിയുമോ?
ഗ്ലൈക്കോ ആല്‍ക്കലോയിഡുകള്‍ ഉരുളക്കിഴങ്ങിന്റെ ഇലകളിലും മുളകളിലും കേന്ദ്രീകരിക്കപ്പെടുന്നു. ആ ഭാഗങ്ങള്‍ ഒഴിവാക്കി തൊലി കളയുന്നത് വിഷബാധയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. പക്ഷേ, ഇത് അപകട സാധ്യത കുറയ്ക്കുമെന്നേ ഉള്ളൂ.. അതിനാല്‍ മുളച്ച ഉരുളക്കിഴങ്ങ് ഒഴിവാക്കി പുതിയത് വാങ്ങുകയാണ് നല്ലത്.
എങ്ങനെ ഉരുളക്കിഴങ്ങ് ഫ്രഷ് ആയി നിലനിര്‍ത്താം?
പച്ചക്കറികള്‍ സൂക്ഷിക്കുമ്പോള്‍ മുളയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. തണുത്തതും ഇരുണ്ടതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക എന്നതാണ് അതിനുള്ള ഏറ്റവും നല്ല മാര്‍ഗം. എന്നാല്‍ എപ്പോഴും ഓര്‍ക്കുക, ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.
തണുത്ത താപനില പച്ചക്കറികളിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും, പാചകം ചെയ്യുമ്പോള്‍ അതിന്റെ രുചിയേയും ഘടനയേയും ബാധിക്കും.
ഒന്നോ രണ്ടോ ആഴ്ച മാത്രം മതിയാകുന്ന അളവില്‍ മാത്രം വാങ്ങിക്കുക. വാങ്ങിയ ഉടന്‍ തന്നെ, കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവ വേവിക്കുന്നതാണ് നല്ലത്.















