പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടറിന് മുകളിലേക്ക് ഇന്ധനം വീണതാവാമെന്ന നിഗമനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്. പെട്രോള്‍ ചോരുന്നതിനിടെ വാഹനം സ്റ്റാര്‍ട്ടാക്കിയപ്പോള്‍ തീ പര്‍ന്നതാവാമെന്നും വിലയിരുത്തുന്നു. അപകടം ബാറ്ററിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നും സംശയമുണ്ട്.
അപകടത്തില്‍ പൊള്ളലേറ്റ് മരിച്ച കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. പരുക്കേറ്റ് ചികിത്സയിലായിരുന്ന ആല്‍ഫ്രഡ് (ആറ്), എമിലീന മരിയ മാര്‍ട്ടിന്‍ (നാല്) എന്നിവര്‍ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ആല്‍ഫ്രഡ് ഇന്നലെ ഉച്ചയോടെയും ആല്‍ഫ്രഡിന്റെ സഹോദരി എമിലീന മരിയ രാവിലെയുമാണ് മരിച്ചത്.
അപകടത്തില്‍ പൊള്ളലേറ്റ അമ്മ പൊല്‍പ്പുള്ളി അത്തികോട് പൂളക്കാട്ടില്‍ സ്വദേശി എല്‍സി മാര്‍ട്ടിന്‍ അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. എല്‍സിക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. എല്‍സിയുടെ മൂത്ത മകള്‍ അലീനയ്ക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സി ജോലി കഴിഞ്ഞ് തിരിച്ചെത്തി വീടിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഒരു മണിക്കൂറിന് ശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ എല്‍സി രണ്ട് മക്കളെ താഴെ വലിച്ചിട്ടെങ്കിലും തീ ആളിപ്പടര്‍ന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ എല്‍സിയുടെ അമ്മ ഡെയ്സി(65)ക്കും പൊള്ളലേറ്റു. എന്നാല്‍ മുത്തശ്ശിയുടെ പരുക്ക് സാരമുള്ളതല്ല. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
ബഹളം കേട്ട് ആളുകളെത്തുമ്പോള്‍ പൊള്ളലേറ്റ കുട്ടികളെ കാറിന് പുറത്തെത്തിച്ച് നിലത്ത് കിടത്തിയ നിലയിലായിരുന്നെന്നും എല്‍സിയുടെ ശരീരത്തില്‍ തീ പടര്‍ന്നുപിടിച്ചിരുന്നുവെന്നും സമീപവാസിയായ ജോണ്‍ പറഞ്ഞു. പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്. കാറിന്റെ പിന്‍വശത്തായിരുന്നു തീ ഉയര്‍ന്നത്.
കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ പെട്രോളിന്റെ മണം വന്നുവെന്നും രണ്ടാമത് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചതെന്നും അപകടത്തില്‍പെട്ട കുട്ടി പറഞ്ഞതായി ആംബുലന്‍സിലുണ്ടായിരുന്ന അയല്‍വാസി പറഞ്ഞു. ഏറെ നാളായി ഉപയോഗിക്കാതെ കിടന്ന കാറാണ് പൊട്ടിത്തെറിച്ചത്.
കാലപ്പഴക്കം സംഭവിച്ച കാറില്‍ ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചതായിരിക്കാം തീ പിടിക്കാന്‍ കാരണമെന്നാണ് പരിശോധനയ്ക്കു ശേഷം അഗ്‌നിരക്ഷാസേന അംഗങ്ങള്‍ വ്യക്തമാക്കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലിസിന്റെയും തീരുമാനം.
കുട്ടികള്‍ പൊല്‍പ്പുള്ളി കെ.വി.എം യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. അട്ടപ്പാടി സ്വദേശിയായ എല്‍സി നാല് വര്‍ഷം മുമ്പാണ് അത്തികോട് താമസിക്കാനായി എത്തിയത്. 55 ദിവസം മുമ്പാണ് എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ കാന്‍സര്‍ ബാധിച്ചു മരിച്ചത്. കുടുംബത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.












