ന്യൂഡല്‍ഹി: അപകടത്തിന്റെ നേരിയ സൂചന പോലുമില്ലാതെ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം മരണത്തിലേക്ക് കൂപ്പുകുത്തിയ എയര്‍ഇന്ത്യാ വിമാനാപകടത്തിന്റെ ചുരുളഴിക്കാന്‍ ഇനി ഏറെ വൈകില്ല. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണവും പുറത്തു വന്നിരിക്കുകയാണ്. എന്തിനാണ് എന്‍ജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആക്കിയത്?ഒരു പൈലറ്റ് ചോദിക്കുന്നതായി റെക്കോര്‍ഡുകളിലുണ്ട്. ‘ഞാനങ്ങനെ ചെയ്തിട്ടില്ല’രണ്ടാമത്തെ പൈലറ്റ് മറുപടി നല്‍കുന്നു.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിര്‍ണായകമാണ് ഈ സംഭാഷണമെന്നാണ് വിവരം. ഇതിനെ കേന്ദ്രീകരിച്ചാവും ഇനി അന്വേഷണം പ്രധാനമായും മുന്നോട്ട് പോവുക. അപകട സൂചന പോലും നല്‍കാതെ പറന്നുയര്‍ന്ന വിമാനത്തിന്റെ സ്വിച്ചുകള്‍ എന്തുകൊണ്ട് ഓഫ് ചെയ്തു എന്നതിന്റെ ഉത്തരമാണ് ഇനി കണ്ടെത്തേണ്ടത്. അപകടകാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
രണ്ട് പേജുള്ള പ്രാഥമിക റിപ്പോര്‍ട്ടാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. ആദ്യ ഘട്ടത്തില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോര്‍ട്ട്.
ടേക്ക് ഓഫിനു മുന്‍പ് രണ്ടു എഞ്ചിനുകളും ശരിയായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് സ്വിച്ചുകളാണ് എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്നതിനായുള്ളത്. മാനുവലായി പ്രവര്‍ത്തിപ്പിച്ചാലേ ഇവ ‘റണ്‍’ പൊസിഷനില്‍നിന്ന് ‘ഓഫ്’ പൊസിഷനിലേക്ക് പോകുകയുള്ളു. ഇടതു വശത്താണ് ഒന്നാമത്തെ എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ച്. രണ്ടാമത്തെ എഞ്ചിന്റെ സ്വിച്ച് വലതുവശത്തുമാണ്. സ്വിച്ചുകള്‍ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ടു പോകാനുള്ള കുതിപ്പ് നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്ത് സെക്കന്‍ഡുകള്‍ കഴിഞ്ഞ് ഒന്നാം എഞ്ചിന്റെയും നാല് സെക്കന്‍ഡുകള്‍ കഴിഞ്ഞ് രണ്ടാമത്തെ എഞ്ചിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും കുതിച്ചുയരാനാകാതെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. വിമാനം പക്ഷിയെ ഇടിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും കണ്ടെത്തലുണ്ട്.
വീണ്ടും ഓണാക്കിയ എഞ്ചിന്‍ പ്രവര്‍ത്തന സജ്ജമാകാന്‍ രണ്ടു മിനിട്ടിലേറെ സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവിടെ ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മനഃപൂര്‍വം സ്വിച്ചുകള്‍ ഓഫ് ചെയ്തതാണോ? മറ്റെന്തെങ്കിലും കാരണമുണ്ടോ? എന്നതെല്ലാം ഇനി അന്വേഷണത്തിലൂടെ വ്യക്തമാവേണ്ടതുണ്ട്. അപകടം നടന്ന് പിറ്റേ ദിവസം തന്നെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സമിതി രൂപീകരിക്കുകയും നാലംഗ സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
32 സെക്കന്‍ഡ് മാത്രമാണ് വിമാനം പറന്നത്. സെക്കന്‍ഡുകള്‍ മാത്രമാണ് വിമാനത്തിന്റെ ഒരു എഞ്ചിന്‍ പ്രവര്‍ത്തിച്ചത് രണ്ടാമത്തെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാനായിട്ടുമില്ല. രണ്ടാമത്തെ പൈലറ്റ് അറിയാതെയാണ് സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതെന്നും സംഭാ,ണത്തില്‍ വ്യക്തമാവുന്നു. ഇന്ധന സ്വിച്ചിന്റെ ലോക് ഉയര്‍ത്താതെ ഇത് ഓഫ് ചെയ്യാനുമാകില്ല. മാനുഷിക പിഴവാണെന്ന സംശയം ബലപ്പെടുകയാണ് ഇതിലൂടെ. പൈലറ്റുമാര്‍ രണ്ടുപേരും പരിചയ സമ്പന്നരായിരുന്നുവെന്നതും ചോദ്യമുയര്‍ത്തുന്നു. ജൂണ്‍ 12നായിരുന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ കത്തിയമര്‍ന്നത്. 260 പേരാണ് അപകടത്തില്‍ മരിച്ചത്.












