തിരുവനന്തപുരം: നാളെ (വ്യാഴം) സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കാന്‍ എസ്.എഫ്.ഐ. സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ റിമാന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് എസ്.എഫ്.ഐ അറിയിച്ചു.
കേരള സര്‍വകലാശാല വിസിയെ നാളെയും തടയുമെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് വ്യക്തമാക്കി. കേരളത്തിലെ സര്‍വകലാശാലകള്‍ ആര്‍.എസ്.എസിന് അടിയറവ് വെക്കാന്‍ ഗവര്‍ണറും ഗവര്‍ണര്‍ നിയോഗിച്ച വിസിമാരും ശ്രമിക്കുകയാണ്. സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരെയും ജോലി ചെയ്യാന്‍ അനുവദിക്കാത്തത് മോഹന്‍കുന്നുമ്മലും സിസ തോമസും അവരെ നിയന്ത്രിക്കുന്ന ഗവര്‍ണറുമാണെന്നും ശിവപ്രസാദ് പറഞ്ഞു.
വ്യാഴാഴ്ച കേരള സര്‍വകലാശാലയിലേക്കും രാജ്ഭവനിലേക്കും എസ്.എഫ്.ഐ സമരം സംഘടിപ്പിക്കും.












