മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളികള്‍ക്ക് ആശ്വാസമേകി കോഴിക്കോട്ടേക്ക് അധിക സര്‍വിസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഈ മാസം 18 മുതല്‍ ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലുമാണ് ബഹ്‌റൈനില്‍നിന്ന് കോഴിക്കോട്ടേക്കു സര്‍വിസ് നടത്തുക. കോഴിക്കോട്ടുനിന്ന് തിരിച്ച് ബഹ്‌റൈനിലേക്കും എയര്‍ ഇന്ത്യ സര്‍വിസ് നടത്തുന്നതോടെ, വെള്ളിയാഴ്ചകളില്‍ ദിനേന രണ്ട് സര്‍വീസുകളാകും എയര്‍ ഇന്ത്യ ഈ റൂട്ടില്‍ നടത്തുക. നിലവില്‍ വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസങ്ങളില്‍ ഒരു സര്‍വീസ് മാത്രമാണ് ഈ റൂട്ടില്‍ എയര്‍ ഇന്ത്യക്കുള്ളത്. ഗള്‍ഫ് നാടുകളില്‍ വേനലവധി ആകാനിരിക്കെ തിരക്കേറിയ ഷെഡ്യൂള്‍ മുന്നില്‍ക്കണ്ടാണ് കൂടുതല്‍ യാത്രക്കാരെ എകര്‍ഷിപ്പിക്കുക എന്നലക്ഷ്യത്തോടെ പുതിയ സര്‍വിസ് എയര്‍ ഇന്ത്യ തുടങ്ങിയത്.
പുതിയ ഷെഡ്യൂള്‍ പ്രകാരം ജൂലൈ 18, 25 ആഗസ്റ്റ് 1, 8, 15, 22, 29 എന്നീ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകളാവും എയര്‍ ഇന്ത്യ നടത്തുക. ബഹ്‌റൈനില്‍ നിന്ന് രാത്രി 9.10ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.10 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നവിധത്തിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചത്. 4.10 മണിക്കൂര്‍ സമയമാണ് ഈ സര്‍വിസ് എടുക്കകു. നിലവില്‍ 15,000 രൂപയാണ് ഈ റൂട്ടില്‍ ഇപ്പോള്‍ കാണിക്കുന്ന ടിക്കറ്റ് നിരക്ക്. ഈ വിമാനം കോഴിക്കോട്ടുനിന്ന് വൈകീട്ട് ആറിന് പുറപ്പെട്ട് ബഹ്‌റൈന്‍ സമയം രാത്രി 8.10ന് മനാമ രാജ്യാന്തരവിമാനത്താവളത്തില്‍ ഇറങ്ങും.
നേരത്തെ ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 25വരെ ഡല്‍ഹിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമും പ്രഖ്യാപിച്ചിരുന്ന സര്‍വീസ് റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ എയര്‍പോര്‍ട്ടുകളിലേക്കും ഡല്‍ഹി വഴി കണക്ഷന്‍ ഫ്‌ളൈറ്റ് ഉണ്ടായിരുന്നതിനാല്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ പ്രവാസികള്‍ ഈ റൂട്ടിലെ സര്‍വീസിനെ ആശ്രയിച്ചിരുന്നു. ഇത് റദ്ദാക്കിയത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയുമായി. എന്നാല്‍ ഇതിനിടെയാണ് കോഴിക്കോട്ടേക്ക് കമ്പനി പുതിയ സര്‍വിസ് ആരംഭിച്ചത്.















