---പരസ്യം---

കരിങ്കൽ ഖനനം: ഭയപ്പാടിൽ തങ്കമല ക്വാറി പരിസരവാസികൾ

On: November 13, 2025 5:10 PM
Follow Us:
പരസ്യം

കീഴരിയൂർ : കീഴരിയൂർ തങ്കമല ക്വാറിയിൽ നടക്കുന്ന ഖനനം നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. കീഴരിയൂർ തുറയൂർ പഞ്ചായത്തുകളിലായി 4.9237 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന തങ്കമല കരിങ്കൽ ക്വാറിയിൽ നിയന്ത്രണങ്ങളെല്ലാം ലംഘിച്ചാണ് ഖനനം നടക്കുന്നതെന്നാണ് നാട്ടുകാരുടെപരാതി. പാറപൊട്ടിക്കുന്നതിനായി നടത്തുന്ന ഉഗ്ര സ്ഫോടനങ്ങൾ പ്രദേശവാസികളുടെ സ്വൈരജീവിതത്തിന് ഭീഷണിയാണ്. ദേശീയപാതാ നിർമാണപ്രവൃത്തിക്കാണ് തങ്കമല ക്വാറിയിൽനിന്ന് മെറ്റലും മണ്ണും ഇപ്പോൾ കൊണ്ടുപോകുന്നത്. ദിവസവും 100 ലോഡിലധികം ബോളർ, മെറ്റൽ, ക്വാറി വേസ്റ്റ് എന്നിവ ടോറസ് ലോറികളിൽ കയറ്റിക്കൊണ്ടു പോകുന്നുണ്ട്. അമിതഭാരം കയറ്റി ടോറസ് ലോറികൾ പോകുന്നതിനാൽ റോഡിന്റെ പലഭാഗങ്ങളും തകർന്നനിലയിലാണ്.

തങ്കമലയിൽനിന്ന് മണ്ണുമായിപോയ ലോറി സമീപത്തെ കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടായത് മൂന്നുമാസം മുൻപാണ്. അപകടത്തിൽ ലോറി ഡ്രൈവർ തൃശ്ശൂർ സ്വദേശി രാജേഷിന് പരിക്കേറ്റിരുന്നു. തങ്കമലയിൽനിന്ന് മണ്ണുമായി ഇറങ്ങിയ ലോറി നിയന്ത്രണംവിട്ട് റോഡരികിലെ മെയിൻ കനാലിലേക്ക് മറിയുകയായിരുന്നു. ക്വാറിയിൽനിന്ന് ഒരുനിയന്ത്രണവുമില്ലാതെ രാപകൽ മണ്ണുകൊണ്ടുപോകുന്നതായി പരിസര വാസികൾ പറഞ്ഞു. വ്യവസ്ഥകൾ പാലിക്കാതെയാണ് ക്വാറി പ്രവർത്തനം നടക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

250 മീറ്ററോളം താഴ്ചയിലേക്കു ഗർത്തങ്ങൾ ഉണ്ടാക്കിയാണ് ഖനനം നടക്കുന്നതെന്നാണ് ആക്ഷേപം. സമീപപ്രദേശമാകെ ക്വാറിയിൽനിന്നുള്ള പൊടിപടലം നിറയുകയാണ്. ഖനനം കാരണം സമീപപ്രദേശങ്ങളിലുള്ള വീടുകളിലെ കിണറുകൾ മലിനമാവുകയാണ്. ദേശീയപാതാ വികസനത്തിന് ആരും എതിരല്ലെന്നും എന്നാൽ ഒരു നാടും കുന്നും പൂർണമായി തകർത്തുകൊണ്ടുള്ള കരിങ്കൽക്വാറി പ്രവർത്തനം അപകടകരമാണെന്നും കോൺഗ്രസ് കീഴരിയൂർ മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ പറഞ്ഞു. അപകടകരമായ തരത്തിൽ കരിങ്കൽഖനനംനടത്തി ദുരന്തത്തെ മാടി വിളിക്കുകയാണ് ഇപ്പോൾചെയ്യുന്നത്. തങ്കമലയുടെ താഴ്ഭാഗത്ത് താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണംനൽകേണ്ട ബാധ്യത സർക്കാരിനും ഗ്രാമപ്പഞ്ചായത്തിനുമുണ്ട്. ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ തങ്കമലയുടെ സംരക്ഷണത്തിന് നടപടിസ്വീകരിക്കുമെന്നും ഇടത്തിൽ ശിവൻ പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!