കൊച്ചി: അതേ, നവംബർ 17ന് തന്നെ. കാൽപന്ത് ഇതിഹാസം ലയണൽ മെസ്സിയുടെ കേരളത്തിലെ കളിയുടെ തീയതി ഉറപ്പിച്ചു. ലോക ചാമ്പ്യൻമാരായ അർജൻറീനയും ആസ്ട്രേലിയയും തമ്മിൽ കൊച്ചിയിൽ ഏറ്റുമുട്ടുന്നത് കാണാൻ ഇനി ഒരു മാസത്തെ കാത്തിരിപ്പ് മതി. മെസ്സിയുടെയും സംഘത്തിന്‍റെയും സന്ദർശനം സംബന്ധിച്ച് അനിശ്ചിതത്വം മുറുകവേ ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ട് സ്പോൺസർമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ തീയതി അർജൻറീന ഫുട്ബാൾ അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചതായും ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന സർക്കാറിന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അറിയിച്ചു. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന മറ്റെല്ലാ റിപ്പോർട്ടുകളും അടിസ്ഥാന രഹിതമാണെന്ന് കമ്പനി എം.ഡി. ആൻറോ അഗസ്റ്റിൻ വ്യക്തമാക്കി.
മത്സരത്തിന്‍റെ തൊട്ടു തലേന്ന് ലയണൽ മെസ്സിയും സംഘവും പരിശീലനം നടത്തുന്നത് കാണാൻ ആരാധകർക്ക് അവസരം ഒരുക്കും. നവംബർ 16 ന് എ.ആർ. റഹ്മാന്‍റെ സംഗീത കച്ചേരിയും ഹനുമാൻ കൈൻഡിന്റെ റാപും അരങ്ങേറും. അതോടൊപ്പം രാജ്യത്ത് ഇതുവരെ സംഘടിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഡ്രോൺ ഷോയും ഉണ്ടാകും.
അടുത്ത രണ്ടു ദിവസത്തിനുള്ളിൽ മത്സരത്തിന്‍റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിക്കാനാണ് തീരുമാനം. എല്ലാ ഫുട്ബാൾ ആരാധകർക്കും മെസ്സിയുടെയും ടീമിന്‍റെയും മത്സരം കാണാനാവുന്ന തരത്തിലായിരിക്കും ടിക്കറ്റ് ഘടന. ഈ മാസം 18നോ 19നോ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. വ്യാജ ടിക്കറ്റുകൾ വിൽക്കാനുള്ള ശ്രമങ്ങൾ ശ്രദ്ധയിൽപെട്ടതായി ആന്‍റോ അഗസ്റ്റിൻ പറഞ്ഞു. 50,000 പേരെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കും. സുരക്ഷയൊരുക്കുന്നത് സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.അർജൻറീനക്കായി ഇവർ അണിനിരക്കും
ലയണൽ മെസ്സിയുടെ നായകത്വത്തിലാണ് അർജൻറീന ടീം കൊച്ചിയിൽ മത്സരിക്കാനിറങ്ങുക. ടീമിന് ലോക കപ്പടിപ്പിച്ച പരിശീലകൻ ലയണൽ സ്കലോണിയും ടീമിനൊപ്പമുണ്ടാകും. ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാളായ എമിലിയാനോ മാർട്ടിനസ്, അലക്സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേരോ, നിക്കോളാസ് ഒട്ടമെൻഡി, ഗൊൺസാലോ മോണ്ടിയൽ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, മാർക്കോസ് അക്കുന, നഹുവൽ മോളിന, ജിയോവാനി ലോ സെൽസോ, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, ജുവാൻ ഫോയ്ത്ത്, എസ്ക്വൽ പലാസിയോസ് എന്നിവരാണ് കേരളത്തിലെത്തുന്ന ടീമിലുണ്ടാവുക.സ്റ്റേഡിയം നവീകരണം 70 കോടിക്ക് പുരോഗമിക്കുന്നു
മെസ്സിയുടെ മത്സരം നടക്കുന്ന കലൂർ നെഹ്റു സ്റ്റേഡിയം 70 കോടി മുതൽമുടക്കിൽ നവീകരണം പുരോഗമിക്കുകയാണ്. ഫിഫയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായും അന്താരാഷ്ട്ര സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടിയും സ്റ്റേഡിയം ഒന്നാകെ പുതുക്കിപ്പണിയുകയാണ് ചെയ്യുന്നത്. പുതിയ സീറ്റുകളും അന്താരാഷ്ട്ര നിലവാരമുള്ള ലൈറ്റിങ് സംവിധാനവും ക്രമീകരിക്കുന്നുണ്ട്.
വി.ഐ.പി ഗാലറിയും പവലിയനുമായിരിക്കും പുതുക്കിപ്പണിത സ്റ്റേഡിയത്തിന്‍റെ മുഖ്യ ആകർഷണം. നിലവിൽ 2000ത്തിലേറെ തൊഴിലാളികളാണ് നവീകരണവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നത്. 30 ദിവസത്തിനകം പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.















