കൊയിലാണ്ടി: ട്രെയിൻ യാത്രക്കാർക്ക് കൊയിലാണ്ടിൽ ഇനി വാഹന പാർക്കിംങ് തലവേദനയാകില്ല. റെയിൽവേ സ്റ്റേഷനിൽ പുതിയ വാഹന പാർക്കിംഗ് സൗകര്യമൊരുങ്ങുന്നു. സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് രണ്ടായിരത്തിലധികം സ്ക്വയർ ഫീറ്റ് സൗകര്യത്തിലാണ് പാർക്കിംങ് ഏരിയ ഒരുങ്ങുന്നത്. പാർക്കിംങ് സ്ഥലം ഒരുക്കുന്നതിനായി ഇവിടെയുള്ള മരങ്ങൾ മുറിച്ച് തുടങ്ങി. പാലക്കാട് ഡിവിഷനൽ ഓഫീസിൽ നിന്ന് അനുമതി ലഭിച്ചതോടെയാണ് പ്രവൃത്തികൾ ആരംഭിച്ചത്.റെയിൽവേ സ്റ്റേഷന്റെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ പെയ്ഡ് പാർക്കിംങ് സൗകര്യമുണ്ട്. എന്നാൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെത്തുന്ന യാത്രക്കാർക്ക് നിലവിൽ വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ല. മുത്താമ്പി റോഡിൻ്റെ ഇരുവശങ്ങളിലുമായാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത് കാരണം ഇരുചക്ര വാഹനങ്ങൾ മോഷണം പോയ സ്ഥിതിയുണ്ടായിരുന്നു.പാർക്കിംഗ് വിപുലമാക്കുന്നതോടെ നിത്യേനയുള്ള യാത്രക്കാർക്ക് വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യാനാവും. ഈ മാസം തന്നെ പ്രവൃത്തി പൂർത്തീകരിച്ച് പാർക്കിംഗ് കേന്ദ്രം തുറക്കാനാണ് തീരുമാനം.