ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാന്‍, പ്രതീക്ഷകള്‍ കുറവായിരുന്നിട്ടും അവസാന മണിക്കൂറിലും ശ്രമങ്ങള്‍ നടന്നുവരികയാണ്. ഈ മാസം 16ന് വധശിക്ഷ നടപ്പാക്കുമെന്നാണ് യമന്‍ ജയില്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട യമനി പൗരന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം മാപ്പുനല്‍കിയാല്‍ മാത്രമെ ശിക്ഷ ഒഴിവാകൂവെന്നതിനാല്‍ ആ വഴിക്കുള്ള നീക്കം കൊണ്ടേ ഇനി കാര്യമുള്ളൂ. ഒരു ദശലക്ഷം ഡോളര്‍ കുടുംബത്തിന് വാഗ്ദാനംചെയ്തിട്ടുണ്ടെങ്കിലും തലാലിന്റെ കുടുംബം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അനുകൂലമായി പ്രതികരിച്ചാല്‍ മാത്രമെ ഇനി പോസിറ്റിവ് വാര്‍ത്ത ഉണ്ടാകൂ. എങ്കില്‍പ്പോലും കാര്യങ്ങള്‍ നീക്കാന്‍ ഇനി മണിക്കൂറുകളേ ബാക്കിയൂള്ളൂ. അതിനിടെ കേസ് നാളെ സുപ്രിംകോടതിയും പരിഗണിക്കുന്നുണ്ട്. മറ്റൊരു രാജ്യത്തെ കാര്യമായതിനാല്‍ വിഷയത്തില്‍ ഇടപെടുന്നതില്‍ സുപ്രീംകോടതിക്കും പരിമിതിയുണ്ട്. യമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലൈയില്‍ കൂട്ടുകാരിക്കൊപ്പം ചേര്‍ന്ന് നിമിഷ പ്രിയ കൊലപ്പെടുത്തി മൃതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷപ്രിക്കെതിരായ കേസ്.

നയതന്ത്ര ബന്ധമില്ലാത്തത് ആദ്യ തടസ്സം
യമന്‍ തലസ്ഥാനമായ സന്‍ആയിലെ ജയിലിലാണ് ഇപ്പോള്‍ നിമിഷ പ്രിയയുള്ളത്. ഈ പ്രദേശം യമനിലെ സായുധഗ്രൂപ്പായ ഹൂതികളുടെ നിയന്ത്രണത്തിലാണ്. യമന്‍ സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ ആണ് ഈ പ്രദേശത്തെ നിയന്ത്രിക്കുന്നത്. കൗണ്‍സില്‍ പ്രസിഡന്റ് റഷാദ് അല്‍ അലിമിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയത്. എന്നാല്‍ ഹൂതികളുടെ കൗണ്‍സിലുമായി ഇന്ത്യക്ക് നയതന്ത്രബന്ധമില്ല, യമനിലെ ഔദ്യോഗിക സര്‍ക്കാരായ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലുമായാണ് ഇന്ത്യക്ക് ബന്ധമുള്ളത്. ഇതാണ് മുഖ്യമായും ഔദ്യോഗിക ഇടപെടലിനെ ബാധിച്ചത്. ഹൂതികളമുായി ആകെ ബന്ധമുള്ള ഇറാന് വഴി ഇന്ത്യ നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിട്ടില്ല.

യമിനിലെത്തുന്നതും തലാലുമായുള്ള ബന്ധവും
2009ലാണു നിമിഷപ്രിയ നഴ്സ് ജോലിക്കയി യമനിലെത്തിയത്. അതു കഴിഞ്ഞ് 2012ല്‍ ആയിരുന്നു വിവാഹം. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയാണ് ഭര്‍ത്താവ്. വിവാഹ ശേഷം യമനില്‍ തിരിച്ചെത്തിയ നിമിഷപ്രിയ ക്ലിനിക്കിലും ടോമി സ്വകാര്യ സ്ഥാപനത്തിലും ജോലിനേടി. ഇതിനിടെയാണ് തലാല്‍ അബ്ദു മഹ്ദിയെ പരിചയപ്പെടുന്നത്. പരിചയം ബിസിനസ് ബന്ധത്തിലേക്കും അടുത്തും. തലാലിനൊപ്പം ചേര്‍ന്ന് അവിടെ ക്ലിനിക്ക് തുടങ്ങാനും പദ്ധതിയിട്ടു. ഈ സമയത്താണ് യമനില്‍ വച്ച് നിമിഷക്ക് കുഞ്ഞ് ജനിച്ചത്. മകള്‍ മിഷേലിന്റെ മാമോദീസാച്ചടങ്ങുകള്‍ക്കായി 2014ല്‍ നിമിഷപ്രിയയും ടോമിയും തലാല്‍ അബ്ദുമഹ്ദിയും കേരളത്തിലെത്തി. ചടങ്ങ് കഴിഞ്ഞ് നിമിഷയും തലാലും യമനിലേക്കു മടങ്ങി. ടോമിയും മകളും പാലക്കാട്ട് തന്നെ തുടര്‍ന്നു. 2015ല്‍ സന്‍ആയില്‍ തലാലിന്റെ സ്പോണ്സര്ഷിപ്പില് നിമിഷ ക്ലിനിക് തുറന്നു. തലാലിന്റെ ഭാര്യയാണ് നിമിഷ പ്രിയ എന്ന തരത്തിലാണ് യമനിലെ രേഖകള്‍. ഇതു ക്ലിനിക്കിന് ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷ പറയുന്നത്. ക്ലിനിക്ക് നല്ലരീതിയില്‍ നടന്നുപോകുന്നതിനിടെ ലാഭം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഉടലെടുത്ത തര്‍ക്കമാണ് ഇരുവരും തമ്മില്‍ അകല്‍ച്ചയ്ക്ക് കാരണമായത്.
നിമിഷപ്രിയയുടെ ആരോപണങ്ങള്‍
തലാലിന് ഭാര്യയും കുഞ്ഞും ഉണ്ടെന്നാണ് നിമിഷ പറയുന്നത്. ലഹരിമരുന്നിന് അടിമയായ അയാള്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി ലൈംഗികബന്ധത്തിന് വഴങ്ങാന്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും നിമിഷ പറയുന്നു. വഴങ്ങാതിരുന്നതോടെ തലാല്‍ നിമിഷയുടെ പാസ്പോര്‍ട്ട് പിടിച്ചുവച്ച് നാട്ടില്‍ പോകാനനുവദിക്കാതെ പീഡിപ്പിക്കാന്‍ തുടങ്ങി. ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയും തലാല്‍ തട്ടിയെടുത്തു. സഹപ്രവര്‍ത്തകയായിരുന്ന ഹനാന് എന്ന യമനി യുവതിയും തലാലിന്റെ മര്‍ദനത്തിന് നിരന്തരം ഇരയായി. ജീവന് അപകടത്തിലാകുമെന്ന് തോന്നുകയും ചെയ്തതോടെ തലാലിന് അമിത ഡോസില്‍ മരുന്നു കുത്തിവച്ചു. ബോധം പോയതോടെ പാസ്പോര്‍ട്ട് കണ്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍വച്ച് പിടിയിലാവുകയായിരുന്നുവെന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. 580 കിലോമീറ്റര്‍ അകലെ ഹദര്‍മൗത്തില്‍ വച്ചാണ് നിമിഷ പ്രിയ അറസ്റ്റിലായത്.

വാട്ടര്‍ ടാങ്കില്‍ നിന്നുയര്‍ന്ന ദുര്‍ഗന്ധം
തലാലിന്റെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ നൂറോളം കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയതാണ് നിമിഷപ്രിയക്ക് വിനയായത്. ഇവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നെന്ന നാട്ടുകാരുടെ പരാതിയില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകമറിയുന്നത്. നൂറുകണക്കിന് കഷണങ്ങളാക്കി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. തലാലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പൊലിസ് മാധ്യമങ്ങളിലൂടെ നിമിഷപ്രിയയുടെ ഫോട്ടോ പുറത്തുവിട്ടിരുന്നു. കൃത്യത്തിന് നിമിഷ പ്രിയക്ക് സഹായം ചെയ്ത സുഹൃത്ത് ഹനാനെയും പൊലിസ് അറസ്റ്റ്ചെയ്തു. വിചാരണ നടപടികള്‍ക്കൊടുവില്‍ നിമിഷ പ്രിയക്ക് കീഴ് കോടതി വധശിക്ഷയും ഹനാന് ജീവപര്യന്തവും വിധിച്ചു. നിമിഷ പ്രിയ സുഹൃത്ത് ഹനാനൊപ്പം ചേര്‍ന്ന് തലാലിന് അനസ്തേഷ്യ നല്‍കിയശേഷം കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.

യമൻ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ നിമിഷയുടെ ചിത്രം
മൃതദേഹം കഷ്ണങ്ങളാക്കിയ കുറ്റം ചാര്‍ത്തപ്പെട്ടത് കൊലക്കയറിന് കാരണം
കൊലപാതകക്കുറ്റം മാത്രമായിരുന്നെങ്കില്‍ ജീവപര്യന്തത്തില്‍ ഒതുങ്ങുമായിരുന്ന കേസ് മൃതദേഹം കഷ്ണങ്ങളാക്കിയ കുറ്റം കൂടി ചാര്‍ത്തപ്പെട്ടതോടെ കൂടുതല്‍ കഠനിമായതായി മാറുകയും വധശിക്ഷ വിധിക്കുന്നതിലേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്തെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എന്നാല്‍, മയക്കുമരുന്ന് കുത്തിവച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് നിമിഷപ്രിയ പറയുന്നത്. ഇക്കാര്യം കോടതിയിലും അവര്‍ പറഞ്ഞു.
വിചാരണ പ്രഹസനമായിരുന്നു. അറബിയില്‍ തയാറാക്കിയ കുറ്റപത്രത്തില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നുവെന്നും കോടതിയില്‍ ദ്വിഭാഷിയുടെ സേവനം നിഷേധിക്കപ്പെെന്നും നിമിഷ പ്രിയക്ക് പരാതിയുണ്ട്. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ലെന്നും മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവച്ചതെന്നും നിമിഷ പ്രിയ പറയുന്നു. എന്നാല്‍, നിമിഷ പ്രിയയുടെ വാദങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ല. 2018ല്‍ യെമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ പോയെങ്കിലും 2020ല്‍ യമനിലെ അപ്പീല്‍ കോടതിയും വധശിക്ഷ ശരിവെച്ചു. സ്വയംരക്ഷയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്ന് കോടതിയെ അറിയിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു.

കിടപ്പാടം പോലും വിറ്റ് നിയമയുദ്ധത്തിനിറങ്ങിയ പ്രേമകുമാരി
കേസ് ഉണ്ടായ ഉടന്‍ ഒരു അഭിഭാഷകനെ ഏര്‍പ്പാടാക്കാന്‍ 50,000 ഇന്ത്യന്‍ രൂപ നിമിഷപ്രിയ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നത് കൊടുക്കാന്‍ അവരുടെ അമ്മ പ്രേമകുമാരിക്ക് കഴിഞ്ഞില്ല. ‘അന്നത് കൊടുക്കാത്തതിന്റെ വിഷമം എന്നെ മരണംവരെ വേട്ടയാടും. മകള്‍ ജയിലിലായതിനു ശേഷം കിടപ്പാടം വരെ വില്‍ക്കേണ്ടിവന്നുവെന്നു’ അമ്മ പറഞ്ഞു. ഇതിനിടയില്‍ 70 ലക്ഷം രൂപ നല്കിയാല് കേസില്‍ നിന്നു പിന്മാറാന് തയാറാണെന്ന് തലാലിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും തലാലിന്റെ നാട്ടുകാരുടെയും ഗോത്രക്കാരുടെയും എതിര്‍പ്പുമൂലം ഇത് നടന്നില്ല. നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യയില്‍ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.















