തിരുവനന്തപുരം: ബാങ്കിങ് മേഖലയില്‍ മികച്ച കരിയർ ലക്ഷ്യമിടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഇന്ത്യൻ ഓവർസീസ് ബാങ്ക് 400 ലോക്കൽ ബാങ്ക് ഓഫീസർ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലായിട്ടാണ് ഒഴിവുകള്‍. മേയ് 12 മുതൽ മേയ് 31 വരെ ഔദ്യോഗിക വെബ്സൈറ്റായ www.iob.in വഴി ഓൺലൈനായിട്ടാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്.
ഒഴിവുകളുടെ എണ്ണം: അൺറിസർവ്ഡ് – 108, എസ്സി – 60, എസ്ടി – 30, ഒ ബി സി – 108, ഇ ഡബ്ല്യു എസ് – 40 എന്നിങ്ങനെയാണ് ഒഴിവുകള്‍.
വിദ്യാഭ്യാസ യോഗ്യത: ഗവൺമെന്റ് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷകർ ബിരുദ മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് സമർപ്പിക്കണം. (2025 മേയ് 1 വരെയുള്ള യോഗ്യത)
പ്രാദേശിക ഭാഷാ പ്രാവീണ്യം: അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ (വായിക്കാനും എഴുതാനും സംസാരിക്കാനും) പ്രാവീണ്യം ഉണ്ടായിരിക്കണം.
പ്രായപരിധി: 20-30 വയസ്സ് (1995 ഫെബ്രുവരി 2 മുതൽ 2005 ഫെബ്രുവരി 1 വരെ ജനിച്ചവരായിരിക്കണം). സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് റിസർവ്ഡ് വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും.
എക്സ്പീരിയന്‍സ്: ഫ്രഷേഴ്സിനും അപേക്ഷിക്കാം. എന്നാൽ, ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ ഓഫീസർ തസ്തികയിൽ ഓരോ വർഷത്തെ പരിചയത്തിനും ഒരു അധിക ഇൻക്രിമെന്റ് (പരമാവധി രണ്ട് ഇൻക്രിമെന്റ്) ലഭിക്കും.
ശമ്പള സ്കെയിൽ: അടിസ്ഥാന ശമ്പളം 48480 രൂപ.
ഡിയർനെസ് അലവൻസ് (ഡി എ), ഹൗസ് റെന്റ് അലവൻസ് (എച്ച് ആർ എ), സിറ്റി കോമ്പൻസേറ്ററി അലവൻസ് (സി സി എ), മറ്റ് അലവൻസുകൾ എന്നിവ ബാങ്കിന്റെ നിയമങ്ങൾക്കനുസരിച്ചായിരിക്കും ലഭിക്കുക.
റിക്രൂട്ട്മെന്റ് എങ്ങനെ..?
മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും റിക്രൂട്ട്മെന്റ് നടപടികള്‍ പൂർത്തീകരിക്കുക. അവ താഴെ വിശദമായി നല്‍കുന്നു.
ഓൺലൈൻ പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (100 മാർക്ക്). ഇതിൽ കമ്പ്യൂട്ടർ നോളജ്, ജനറൽ ഇംഗ്ലീഷ്, ജനറൽ / ഫിനാൻഷ്യൽ അവയർനെസ്, ക്വാണ്ടിറ്റേറ്റീവ് & റീസണിംഗ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങൾ ഉൾപ്പെടും.
പ്രാദേശിക ഭാഷാ പരീക്ഷ: അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം പരിശോധിക്കുന്നതിനായി ടെസ്റ്റ് നടത്തും
അഭിമുഖം: ഓൺലൈൻ പരീക്ഷയും ഭാഷാ പരീക്ഷയും വിജയിക്കുന്നവർക്ക് അഭിമുഖത്തിന് അവസരം നല്‍കും. ജനറൽ / ഒ ബി സി / ഇ ഡ ബ്ല്യു എസ് വിഭാഗങ്ങള്‍ക്ക് 850 രൂപയാണ് അപേക്ഷ ഫീസ്.
അപേക്ഷിക്കേണ്ട വിധം
- ആദ്യം ഔദ്യോഗിക വെബ്സൈറ്റ് www.iob.in സന്ദർശിക്കുക.
- ‘കരിയർ’ വിഭാഗത്തിൽ “Recruitment of Local Bank Officer 2025-26” എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ വിവരങ്ങൾ, ഫോട്ടോ, ഒപ്പ്, ഇടത് വിരലടയാളം, കൈയെഴുത്ത് പ്രഖ്യാപനം എന്നിവ അപ്‌ലോഡ് ചെയ്യുക.
- ഓൺലൈൻ പേയ്മെന്റ് വഴി അപേക്ഷാ ഫീസ് അടയ്ക്കുക.
- അപേക്ഷാ ഫോം സമർപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക
തിരഞ്ഞെടുക്കപ്പെടുന്നവർ കുറഞ്ഞത് മൂന്ന് വർഷത്തെ സേവനത്തിനായി 200000-ന്റെ ബോണ്ട് നൽകണം. അപേക്ഷകർ ഔദ്യോഗിക നോട്ടിഫിക്കേഷൻ പൂർണ്ണമായി വായിച്ച് യോഗ്യത, അപേക്ഷാ നടപടിക്രമങ്ങൾ, പരീക്ഷാ സിലബസ്, മറ്റ് വിശദാംശങ്ങൾ എന്നിവ മനസ്സിലാക്കേണ്ടതാണ്. ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് നോട്ടിഫിക്കേഷൻ പി ഡി എഫ് ഡൗൺലോഡ് ചെയ്യാം. നോട്ടിഫിക്കേഷൻ വിശദമായി വായിച്ച് മനസ്സിലാക്കി വേണം അപേക്ഷ സമർപ്പിക്കാന്‍.