ന്യൂഡൽഹി: പാകിസ്താനുമായുള്ള വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ. വൈകീട്ട് ആറിന് ഇന്ത്യയുടെ സൈനിക നടപടികളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചിട്ടില്ല.
പാക് ഉപപ്രധാനമന്ത്രി ട്വീറ്റിലൂടെയും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും കര, നാവിക, വ്യോമ സൈനിക നടപടികളെല്ലാം നിർത്തിവെച്ചതായാണ് റിപ്പോർട്ട്. വൈകുന്നേരം അഞ്ച് മണിക്ക് വെടിനിർത്തൽ നിലവിൽ വന്നു. തിങ്കളാഴ്ച വീണ്ടും ഇന്ത്യ-പാക് ചർച്ച നടക്കും.
ഇന്ത്യയും പാകിസ്താനും തങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തലിന് സമ്മതിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് വൈകുന്നേരം ആറു മണിക്കുള്ള വാർത്താ സമ്മേളനത്തിൽ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ, വെടിനിർത്തൽ അഭ്യർഥനയുമായി സമീപിച്ചത് പാകിസ്താനാണെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. പാക് ഡി.ജി.എം.ഒ ഇന്ത്യയെ വൈകീട്ട് 3.35ന് വിളിച്ചെന്ന് വിക്രം മിസ്രി പറഞ്ഞു.