ദോഹ: മക്കളും ഭാര്യയും ഉമ്മയും ഉൾപ്പെടുന്ന കുടുംബത്തിനൊപ്പം കടൽത്തീരത്ത് കളിക്കുന്നതിനിടെ രണ്ടു മക്കൾ ആപത്തിൽപെടുക. നോക്കിനിൽക്കെ, പത്തും ഏഴും വയസ്സുള്ള മക്കൾ കടലിൽ രണ്ടു ദിക്കിലേക്ക് അകന്നു പോകുമ്പോൾ ആരെ കരയിലെത്തിക്കുമെന്നറിയാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന പിതാവ്. സർവശക്തിയുമെടുത്ത് നീന്തി ഒരാളെ കരയിലെത്തിക്കുമ്പോഴേക്കും, രണ്ടാമത്തെ ആൾ കടലിലെ അകലങ്ങളിലേക്ക് വീണ്ടും തെന്നി നീങ്ങുന്നു.
ഇതുകണ്ട് കരയിൽ ഭാര്യയും ഉമ്മയും ഹൃദയംപൊട്ടി കരയുന്ന ഭീതിദമായ കാഴ്ച. കുടുംബവുമൊത്ത് ഒത്തിരിനേരം ഉല്ലസിക്കാനായി ഖത്തറിലെ സിമൈസിമ നോർത്ത് കടൽത്തീരത്തേക്ക് പോയ അഞ്ചംഗ കുടുംബം മരണത്തെ മുഖാമുഖം കണ്ട ഞെട്ടലിലാണ്. ആ നിമിഷം ഓർത്തെടുക്കുമ്പോൾ കടലിന്റെ നിഗൂഢതപോലെ കഴിഞ്ഞുപോയ സമയങ്ങളിലെ ഭീതി അവരെ വലയം ചെയ്യുന്നു.
തൃശൂർ ചാവക്കാട്ടുനിന്നുള്ള കുടുംബമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച സിമൈസിമയിൽ ആ ദുരിത നിമിഷത്തെ അഭിമുഖീകരിച്ചത്. ഒടുവിൽ രക്ഷാപ്രവർത്തകരുടെ ഇടപെടലിലൂടെ കുട്ടിയെ തിരിച്ചുകിട്ടിയ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയവർ ദൈവത്തിന് നന്ദി പറഞ്ഞു. ഒപ്പം, തങ്ങളുടെ അനുഭവം മറ്റുള്ളവർക്കും പാഠമാകട്ടെ എന്ന ചിന്തയിൽ ഖത്തറിലെ പ്രവാസി മലയാളികളുടെ സമൂഹ മാധ്യമ കൂട്ടായ്മയായ ‘ഖത്തർ മലയാളീസിലും’ പങ്കുവെച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പേരാണ് ചാവക്കാട്ടുകാരന്റെ അനുഭവ കഥ വായിച്ച് ഷെയർ ചെയ്തത്.
പേരുവെളിപ്പെടുത്താൻ താൽപര്യമില്ലെന്ന ഉപാധിയിൽ അദ്ദേഹം ആ കഥ വിവരിക്കുന്നത് ഇങ്ങനെ,
‘രണ്ടു മക്കളും ഒരേസമയം ആപത്തിൽ പെട്ടിരിക്കുമ്പോൾ ഒരാളെ കൈവെടിയേണ്ട അവസ്ഥ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? ഒന്നും ചെയ്യാനാവാതെ അലറിക്കരയുന്ന ഭാര്യയുടെയും ഉമ്മയുടെയും മുന്നിൽ നിസ്സഹായനായി നിന്നുപോയിട്ടുണ്ടോ? അത്തരം സാഹചര്യത്തിലൂടെയാണ് കഴിഞ്ഞ ദിവസം ഞാൻ കടന്നുപോയത്.
വെള്ളിയാഴ്ച ജുമുഅ നമസ്കാരവും ഭക്ഷണവും കഴിഞ്ഞ് ഒന്ന് മയങ്ങാൻ തുടങ്ങുമ്പോൾ മക്കൾ രണ്ടുപേർക്കും കടലിൽ കുളിക്കാൻ പോകണമെന്ന് ഒരേ നിർബന്ധം. അവസാനം സ്ഥിരം പോകുന്ന സിമൈസിമ നോർത്ത് ബീച്ചിലേക്ക് വെച്ചുപിടിച്ചു. ഏകദേശം 3.30 ആയപ്പോൾ അവിടെയെത്തി.
ഫ്രീ ആയ ഒരു ടെന്റ് കണ്ടുപിടിച്ച് സാധനങ്ങളൊക്കെ അവിടെ അറേഞ്ച് ചെയ്തു. വേഗത്തിലുള്ള കാറ്റ് വീശുന്നത് കാരണം ആൾക്കാർ പൊതുവെ കുറവായിരുന്നു. ഞാനും മക്കളും കടലിൽ ഇറങ്ങാനുള്ള തയാറെടുപ്പ് തുടങ്ങി. ഏഴു വയസ്സുള്ള മകളെ സേഫ്റ്റി വേസ്റ്റും ആം ബാൻഡ്സും ധരിപ്പിച്ചു. 10 വയസ്സുള്ള മകൻ അരയിൽ ധരിക്കുന്ന ട്യൂബുമായി കടലിൽ ഇറങ്ങി. ഏകദേശം അര മണിക്കൂർ ഞങ്ങൾ അരക്കൊപ്പം വെള്ളത്തിൽ നീന്തിക്കളിച്ചു. മകൻ ട്യൂബ് ഇല്ലാതെ നീന്തണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ അവന്റെ ട്യൂബ് ഊരി മകളെ ധരിപ്പിച്ചു.
ഞാൻ മകനെ നീന്തിക്കുമ്പോൾ മകൾ തൊട്ടടുത്തുണ്ടായിരുന്നു. ഏകദേശം രണ്ടു മിനിറ്റ് കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ മകൾ ശക്തമായ കാറ്റിൽ ദൂരേക്ക് പോയിക്കൊണ്ടിരിക്കുന്നു. അപ്പോഴേക്കും അവൾ നിലയില്ലാത്ത സ്ഥലത്തേക്ക് എത്തിയിരുന്നു. ഇതെല്ലാം സംഭവിച്ചത് മിനിറ്റുകൾക്കുള്ളിലായിരുന്നു. ഞാൻ മകനോട് കരയിലേക്ക് പോകാൻ പറഞ്ഞു, മകളെ രക്ഷിക്കാനായി നീന്താൻ ആരംഭിച്ചു. ഒരു വിധേന അവളുടെ അടുത്ത് നീന്തി എത്തിയപ്പോഴേക്കും കിതച്ച് അവശനായിരുന്നു. അവളുടെ ട്യൂബിൽ സപ്പോർട്ട് ചെയ്ത് കരയിലേക്കു തിരിച്ചു നീന്താൻ തുടങ്ങി. കുറച്ച് ദൂരം പിന്നിട്ടപ്പോൾ മകൻ അതാ വെള്ളത്തിൽ കിടന്നു മുങ്ങിപ്പൊങ്ങുന്നു. അവൻ കരയിലേക്ക് പോകുന്നതിന് പകരം എന്റെ പിന്നാലെ കടലിലേക്കാണ് വന്നത്. അടിത്തട്ടിൽ എല്ലായിടത്തും ഒരുപോലെ മണൽ ഉണ്ടാകുമെന്ന് വിചാരിച്ചെന്ന് തോന്നുന്നു. എന്ത് ചെയ്യണമെന്നും ആരെ രക്ഷിക്കണമെന്നും അറിയാതെ തളർന്നുപോയ നിമിഷം.
ഒടുവിൽ രണ്ടും കൽപിച്ച് മകളെ കൈവിട്ട് മകന്റെ അടുത്തേക്ക് എല്ലാ ശക്തിയുമെടുത്തു നീന്തി. മകൾ വെള്ളത്തിൽ പൊന്തിക്കിടക്കുമല്ലോ എന്ന ആശ്വാസവും, മകനെ രക്ഷിച്ചു തിരികെ വരാമെന്നുള്ള പ്രതീക്ഷയിലാണ് അങ്ങനെ ചെയ്തത്. മകനെ പിടിച്ചു കരയിൽ എത്തിച്ചപ്പോഴേക്കും ഞാൻ അവശനായിരുന്നു. പണ്ട് നാട്ടിൽ കുളത്തിലും പുഴയിലുമൊക്കെ നീന്തിയുള്ള പരിചയമൊന്നും കടലിൽ വിലപ്പോവില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം. തിരികെ കടലിലേക്ക് നോക്കുമ്പോൾ മകൾ എത്തിപ്പിടിക്കാൻ കഴിയാത്ത ദൂരത്തേക്ക് എത്തിയിരുന്നു. അപ്പോഴേക്കും ആളുകളെല്ലാം കൂടിക്കഴിഞ്ഞു. ഉമ്മയും ഭാര്യയും അലറിക്കരയുന്നു. മകൻ പ്ലീസ് ഹെൽപ് എന്ന് പറഞ്ഞു ഓടിനടക്കുന്നു.
ആരൊക്കെയോ 999ൽ വിളിച്ചു. നീന്തി രക്ഷിക്കാൻ ആർക്കും ധൈര്യം ഇല്ല. ഒന്നോ രണ്ടോ അറബ് വംശജർ പകുതി നീന്തി തിരിച്ചുപോന്നു. മകൾ അകന്നുപോകുന്നത് കണ്ട് ഒന്നും ചെയ്യാനാവാതെ അവശനായി ഞാൻ ഇരുന്നു. അപ്പോഴേക്കും കുതിരപ്പുറത്ത് ഒരു റെസ്ക്യൂ ടീം എത്തി. അയാൾ വാക്കി ടോക്കിയിലൂടെ മെസ്സേജ് പാസ് ചെയ്തു. കുറച്ച് കഴിഞ്ഞ് അകലെനിന്ന് ഒരു സ്പീഡ് ബോട്ട് വരുന്നത് കണ്ടു. ആറ്-ഏഴ് മിനിറ്റിനുള്ളിൽ അത് ഞങ്ങൾ നിൽക്കുന്ന സ്ഥലത്തേക്ക് എത്തി. മകളെ രക്ഷിച്ചു സുരക്ഷിതമായി കരയിൽ എത്തിച്ചു. എല്ലാം മറന്ന് പടച്ചവന് നന്ദി പറഞ്ഞ നിമിഷം. ചെറുതായി കരയുന്ന മകളെയും എടുത്ത് ഞാൻ കരയിലേക്ക് ഓടി. അപ്പോഴേക്കും ആംബുലൻസ്, അൽഫാസ പൊലീസ് എല്ലാം എത്തിയിരുന്നു.
നഴ്സുമാർ മകളെ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി. പൊലീസിനോട് നടന്ന കാര്യങ്ങൾ വിശദീകരിച്ചു. ക്യൂ.ഐഡി ഉൾപ്പെടെ വിവരങ്ങൾ ശേഖരിച്ച് അവർ പോയി. അതിനു ശേഷം നിരവധി ഫോൺ കാളുകൾ വന്നു. എല്ലാവരും മകൾ ഓക്കെ അല്ലേ, എന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്ന് അന്വേഷിച്ചുള്ളതായിരുന്നു. എല്ലാം കഴിഞ്ഞു കുറച്ചുനേരംകൂടി അവിടെ തുടർന്ന് ആശ്വാസത്തേടെ എല്ലാർക്കും നന്ദി പറഞ്ഞ് റൂമിലേക്ക് മടങ്ങി. റെസ്ക്യൂ ടീമിനെയും ഖത്തർ പൊലീസിനെയും നന്ദിയോടെ സ്മരിക്കുന്നു. സർവോപരി ദൈവത്തിന് സ്തുതി.കടലിൽ ഇറങ്ങും മുമ്പ്; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ദോഹ: ഈ അപകടം തന്നെ ഏറെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്ന് ചാവക്കാട് സ്വദേശി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. എല്ലാവർക്കും ഒരു ഓർമപ്പെടുത്തലാവട്ടെ എന്ന നിലയിലാണ് ഫേസ്ബുക്കിൽ സുഹൃത്തിന്റെ പ്രൊഫൈലിൽനിന്ന് പോസ്റ്റ് പങ്കുവെച്ചത്. തനിക്കും മക്കൾക്കും നീന്തൽ അറിയാമെന്ന ധൈര്യമുണ്ടായിരുന്നു.
എന്നാൽ, ചില കാര്യങ്ങളിൽ നമ്മൾ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ ദുരന്തമായിരിക്കും കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കടലുകളാൽ ചുറ്റപ്പെട്ട ഖത്തറിൽ കുടുംബസമേതം തീരത്തേക്ക് പോകുന്നതാണ് മലയാളികൾ ഉൾപ്പെടെ പ്രവാസികളുടെ പ്രധാന വിനോദം. കുട്ടികളുമൊത്ത് പുറപ്പെടുമ്പോൾ ഇക്കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നു.
- ഒരിക്കലും ഒറ്റക്ക് കടലിൽ കുളിക്കാൻ ഇറങ്ങരുത്. ആളുകളും റെസ്ക്യൂ ടീമും ഉള്ള ബീച്ചിൽ മാത്രം കുട്ടികളുമായി ഇറങ്ങണം
- നന്നായി നീന്തൽ അറിയുന്ന ആളുകളുടെ കൂടെ മാത്രം ബീച്ചിൽ കുളിക്കാൻ ഇറങ്ങുക
- വേഗത്തിൽ കാറ്റ് വീശുമ്പോൾ കുട്ടികളുടെ ഫ്ലോട്ടിങ് ഉപകരണങ്ങളും വിപരീത ഫലം ചെയ്യും.
- ഇൻലാൻഡ് സീ പോലുള്ള വിദൂരമായ സ്ഥലങ്ങളിൽ പോകുന്നവർ കടലിൽ കുട്ടികളുമായി ഇറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ഒറ്റക്ക് ഒരിക്കലും ആ ഭാഗങ്ങളിൽ പോകാതിരിക്കുക.
- എത്ര വലിയ നീന്തൽ വിദഗ്ധനാണെങ്കിലും, കടലിൽ ചിലപ്പോൾ നിങ്ങളുടെ വൈദഗ്ധ്യം വിലപ്പോകില്ല.
ശക്തമായ കാറ്റുള്ളപ്പോൾ കടലിൽ കുളിക്കാൻ ഇറങ്ങരുത്.