പ്രകൃതി ദുരന്ത സാധ്യത മുന്‍കൂട്ടി അറിഞ്ഞാല്‍ ഒരു പരിധിവരെ ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവും. ധാരാളം പ്രവചനങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും വ്യക്തമായ വിവരം വേണ്ട സമയത്ത് നമുക്ക് ലഭിക്കാറില്ല. പല ആപ്പുകളില്‍ നിന്നും അനൗദ്യോഗിക, വ്യക്തതയില്ലാത്ത വിവരങ്ങളാണ് ലഭിക്കാറുള്ളത്. എന്നാല്‍ ഇനി മുതല്‍ ഉടനടി പ്രകൃതി ദുരന്ത സാധ്യത മുന്നറിയിപ്പുകള്‍ ലഭിക്കും.
ഗൂഗിള്‍ എര്‍ത്ത് കൂടുതല്‍ മികവോടെ ജനങ്ങളിലേക്കെത്തുന്നു. വെള്ളപ്പൊക്കം,കാട്ടുതീ , വരള്‍ച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മനസിലാക്കി കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി ജെമിനി എഐ മോഡലുകള്‍ ഗൂഗിള്‍ എര്‍ത്തില്‍ സംയോജിപ്പിച്ച് കൃത്യമായ ഫലം ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍.
എഐയെ ഉപയോഗപ്പെടുത്തുന്നതിലൂടെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന സങ്കീര്‍ണ്ണമായ വിശകലനങ്ങള്‍ ഇപ്പോള്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഉപഗ്രഹ ചിത്രങ്ങള്‍, കാലാവസ്ഥാ വിവരങ്ങള്‍, ജനസംഖ്യാ ഭൂപടങ്ങള്‍ എന്നിവ ഒരുമിച്ച് ചേര്‍ത്ത് ഭൂമിയിലെ മാറ്റങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ ഇത് ഗവേഷകരെയും സാധാരണക്കാരെയും സഹായിക്കും. കൂടാതെ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ അടിയന്തരഘട്ടങ്ങളില്‍ എ ഐ യുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫലപ്രദമായി സഹായിക്കുകയും ചെയ്യും.
നിലവില്‍ ഗൂഗിളിന്റെ വെള്ളപ്പൊക്ക പ്രവചന സംവിധാനം രണ്ട് ബില്യണിലധികം ആളുകളിലേക്ക് എത്തുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗൂഗിള്‍ എര്‍ത്തില്‍ സംയോജിപ്പിച്ച ജെമിനി എഐയുടെ പ്രധാന സവിശേഷതയാണ് ജിയോസ്‌പേഷ്യല്‍ റീസണിംഗ് ഫീച്ചര്‍. ജനസംഖ്യാ കണക്കുകള്‍, കാലാവസ്ഥ, ഉപഗ്രഹ ഇമേജറി എന്നിങ്ങനെ വിവിധ ഡാറ്റാ സ്രോതസ്സുകള്‍ സംയോജിപ്പിച്ചുകൊണ്ട് സമഗ്രമായ വിശകലനം നടത്താന്‍ സാധിക്കുന്ന ഫീച്ചറാണിത്. അതായത് വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയവയെല്ലാം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് കൃത്യമായി നിര്‍ണയിക്കാന്‍ ഈ ഫീച്ചര്‍ സഹായകമാകും.











