സാധാരണക്കാരായ ഗ്രാമീണ രാഷ്ട്രീയക്കാർക്ക് ലഭിക്കുന്ന ഒരു വലിയ അവസരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്.
വാർഡ് മെമ്പർ മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ള പദവികളും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് പ്രസിഡന്റ്, അതിലുപരി ജില്ലാ പഞ്ചായത്ത് മെമ്പർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ — എല്ലാം കുറച്ച് പേർക്ക് മാത്രമേ ലഭിക്കാറുള്ളു.
എന്നാൽ ചിലർക്ക് ആഗ്രഹിച്ച പദവി ലഭിക്കാതിരിക്കും. കാരണം, ഓരോ രാഷ്ട്രീയ പാർട്ടിയും അവരുടെ സാധ്യത കണക്കാക്കി രണ്ടോ മൂന്നോ പേരെ തിരഞ്ഞെടുക്കും; അവരോട് പ്രവർത്തിക്കാനും പറയും. ഇരുവരും പ്രതീക്ഷയോടെ പണിയെടുക്കും. പക്ഷേ എതിർ പാർട്ടി കരുത്തനായ ഒരു ഇറക്കുമതി സ്ഥാനാർത്ഥിയെ രംഗത്തിറക്കുമ്പോൾ, ഇവിടെയും സ്ഥാനാർത്ഥിയെ മാറ്റുക പതിവാണ്.
അപ്പോൾ ആദ്യം പ്രവർത്തിച്ചവനും വോട്ട് ചേർക്കലും പ്രചാരണവും നടത്തിയവനും പുറത്ത് പോകും. അങ്ങനെ അവൻ ഒരു രാഷ്ട്രീയ തൊഴിലാളിയായി മാറും. മറ്റൊരാളുടെ ഭാഗ്യത്താൽ സ്ഥാനാർത്ഥി മത്സരരംഗത്ത് എത്തി, ഒരുപക്ഷേ ജയിച്ച് മെമ്പറോ പ്രസിഡന്റോ ആകും. അവൻ പിന്നീട് ഒരു രാഷ്ട്രീയ ഇടത്തരം കാരനായി മാറും.
ഗ്രാമീണ മേഖലയിൽ ഇത് ഒരു സാധാരണ കാഴ്ചയാണ്.
മുമ്പ് കാലങ്ങളിൽ കൂലിപ്പണിക്കാരനും ദരിദ്രനും ഈ സ്ഥാനങ്ങളിൽ നിന്ന് അകന്നിരുന്നത് പതിവായിരുന്നു. എന്നാൽ ഇന്ന് അതിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഗ്രാമസ്വരാജ് വന്നതും സ്ത്രീ സംവരണം അൻപത് ശതമാനമായി ഉയർന്നതുമാണ് അതിന് പ്രധാന കാരണം.
ഒരു വാർഡിലെ ആക്ടീവ് വർക്കർ കരുതിയ സീറ്റ് സ്ത്രീ സംവരണമായി മാറിയാൽ, അയാളുടെ ഭാര്യ മത്സരിക്കാൻ തയ്യാറാണെങ്കിൽ ആ സീറ്റ് അവർക്ക് വേണം എന്ന ആവശ്യം ഉയരും. ചിലർ പറയും:
“എന്റെ ജാതിക്കാരാണ് വാർഡിൽ ഭൂരിപക്ഷം ഉള്ളത്, അതുകൊണ്ട് ഞാൻ മത്സരിക്കും.”
മറ്റൊരാൾ പറയും:
“എന്റെ മതക്കാരാണ് കൂടുതലുള്ളത്, അതുകൊണ്ട് ആ സീറ്റ് എന്റെ കുടുംബാംഗത്തിന് വേണം.”
മറ്റു ചിലർ എപ്പോഴും രാഷ്ട്രീയത്തിന് അതീതമായി പൊതു കാര്യങ്ങളിൽ ഇടപെടുന്നവരായിരിക്കും — കല്യാണവീടുകൾ, മരണവീടുകൾ, ആശ്രിതരില്ലാത്ത രോഗികളുടെ വീടുകൾ, സ്കൂളുകൾ, ആംഗൻവാടികൾ തുടങ്ങി എല്ലായിടത്തും അവരുടെ സാന്നിധ്യം കാണാം.
ഇന്നത്തെ സാഹചര്യത്തിൽ ഇവർക്ക് അറുപത് ശതമാനം പിന്തുണ ലഭിക്കുന്നതായിരിക്കും. എന്നാൽ ചിലർ അവരുടെ സ്വാധീനം കുറയ്ക്കാനും പിന്നിൽ നിന്ന് കളി നടത്താനും നോക്കും.
ചില പ്രദേശങ്ങളിൽ തമാശയായി പറയുന്ന ഒരു വാക്കുണ്ട് — “ആടുന്ന വോട്ട്.”
ഈ സമയങ്ങളിൽ അതിന് വലിയ വിലയുണ്ട്. തോളിൽ കൈ വെച്ച് കൂടെ കൂട്ടാനോ, ചില ചെലവുകൾ നൽകി കൂട്ടിനിർത്താനോ ശ്രമിക്കുന്നവരും കാണാം. എന്നാൽ വില്ലന്മാരായ ചിലർ അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കും. തെരഞ്ഞെടുപ്പ് ദിവസം അതികാലത്ത് അവരെ കൂട്ടി ബൂത്തിലേക്ക് എത്തിച്ച് ഓപ്പൺ വോട്ട് ചെയ്യിക്കും. ഇതെല്ലാം രസത്തോടെ കാണുന്ന പ്രേക്ഷകരും ഉണ്ടാകും.
ഇലക്ഷൻ അടുത്താൽ ഏട്ടന്മാരും ഏട്ടത്തിമാരും വാർഡിൽ സജീവ സാന്നിധ്യമായി മാറും. പലരോടും അധിക ബഹുമാനം കാണിക്കും. ഇതെല്ലാം ഗ്രാമീണ കാഴ്ചയാണ്.
ചിലർ റിബൽ സ്ഥാനാർത്ഥികളായി രംഗത്തിറങ്ങും; ജയസാധ്യതയുള്ള സ്ഥാനാർത്ഥികളുടെ ഉറക്കം കെടുത്താൻ ഇവർക്ക് കഴിയും.
പഴയകാലത്ത് അടിയും തൊഴിയും വോട്ട് ഉറപ്പിക്കാൻ പ്രധാന ആയുധമായിരുന്നെങ്കിൽ, ഇന്ന് നല്ല പ്രവർത്തിയും നല്ല പെരുമാറ്റവുമാണ് ജനങ്ങളെ ആകർഷിക്കുന്നത്.
മുമ്പ് യുവാക്കളായിരുന്നു സജീവ പ്രവർത്തകർ, എന്നാൽ ഇന്ന് മധ്യവയസ്സുകാരും വൃദ്ധരുമാണ് കൂടുതൽ സജീവമായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്താൽ വൈകുന്നേരങ്ങളിൽ പ്രകടനങ്ങളും പോസ്റ്റർ ഒട്ടിക്കലും എല്ലാം ജോറായിരിക്കും. അവിടെ തന്നെയായിരുന്നു സ്ഥാനാർത്ഥിയുടെ മിടുക്ക്. എന്നാൽ ഇന്ന് അവയെല്ലാം ‘നമാ വിശേഷം’ ആയി മാറിയിരിക്കുന്നു.
ഇപ്പോൾ എല്ലാം സോഷ്യൽ മീഡിയയിലേക്കാണ് മാറിയിരിക്കുന്നത്.
മുമ്പ് പ്രായമായവരെ തോളിലേറ്റി ബൂത്തിലേക്ക് എത്തിക്കാറുണ്ടായിരുന്നു.
ഇന്ന് കിടപ്പ് രോഗികൾക്കും എൺപതിനു മുകളിലുള്ളവർക്കും വീട്ടിൽ വോട്ട് ചെയ്യാനുള്ള സംവിധാനമുണ്ട്.
എന്നും കൂടുതൽ മാറ്റങ്ങൾ വരുത്തി ജനാധിപത്യം മുന്നോട്ട് പോകട്ടെ.
എല്ലാ വോട്ടർമാരും സമതിദാനാവകാശം നൂറു ശതമാനം രേഖപ്പെടുത്താൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
-മനോജൻ, കുറുമയിൽ താഴ















