കൊല്ലം: വല്ലാത്തൊരു നിമിഷത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് കൊല്ലം ജില്ലയിലെ തേവലക്കര ബോയ്സ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി. മിഥുന് ഷോക്കേൽക്കുന്നത് കണ്ടത് ഈ വിദ്യാർഥിയായിരുന്നു. ’രാവിലെ എട്ടരയായിക്കാണും. മിഥുൻ കളിക്കുകയായിരുന്നു. അതിനിടെ ചെരിപ്പ് സൈക്കിൾ ഷെഡിന് മുകളിലേക്ക് വീണു. അതെടുക്കാനായി കയറിയപ്പോൾ ഷോക്കേറ്റു. അവൻ വൈദ്യുതിലൈനിൽ തൂങ്ങി നിൽക്കുന്ന രീതിയിലാണ് ഞാൻ കണ്ടത്. അപ്പോൾ വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. വല്ലാത്തൊരു അവസ്ഥയിലായിരുന്നു. എല്ലാവരും അവനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു”-വിദ്യാർഥി പറയുന്നു.
മരണ വിവരമറിഞ്ഞ് മിഥുന്റെ അച്ഛന്റെ സഹോദര് കണ്ണീരടക്കാനാകുന്നില്ല. ”രാവിലെ ട്യൂഷൻ കഴിഞ്ഞ് ബസ് കയറി പോയതാണ് അവൻ. സമയം പോയി എന്ന് പറഞ്ഞാ ഇറങ്ങിയത്. ഇപ്പോ ദേ പോയെന്ന് പറയുന്നു…എന്തു പറയാനാ…എങ്ങനെ സംഭവിച്ചു എന്നൊന്നും അറിയില്ല”-അദ്ദേഹം പറയുന്നു.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ മിഥുൻ ആണ് ഷോക്കേറ്റ് മരിച്ചത്. കളിയിൽ പെട്ടെന്ന് മിഥുന്റെ ചെരിപ്പ് തൊട്ടടുത്തുള്ള സൈക്കിൾ ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മിഥുന് ഷോക്കേറ്റത്. ബെഞ്ച് എടുത്ത് ഷീറ്റിനുമേൽ വെച്ചശേഷമായിരുന്നു ചെരിപ്പെടുക്കാനുള്ള ശ്രമം. തെന്നിയപ്പോൾ വീഴാതിരിക്കാൻ വേണ്ടി കൈ നീട്ടിയത് തൊട്ടടുത്തുള്ള ത്രീ ഫെയ്സ് ലൈനിലായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകർ ഉടൻ തന്നെ ട്രാൻസ്ഫോർമർ ഓഫ് ചെയ്തു. മിഥുനെ മേൽക്കൂരയിൽ നിന്ന് താഴെയിറക്കി ശാസ്താം കോട്ട ആശുപത്രിയിലേക്ക് കുതിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. വലിയപാടം മിഥുന്‍ ഭവനില്‍ മനോജിന്റെ മകനാണ് മിഥുൻ (13). സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ വിശദ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.












