---പരസ്യം---

കുരുക്കാകരുത്  പ്ലാസ്റ്റിക്

On: June 5, 2025 9:23 AM
Follow Us:
പരസ്യം

ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന രാജ്യങ്ങളിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. ഈ മാലിന്യം മണ്ണിലും ജലാശയങ്ങളിലുമായി വലിച്ചെറിയപ്പെടുകയാണ്

ണ്ണും മാനവും കടലും കാടുമൊക്കെ കളങ്കിതമാകുന്നൊരു കാലത്ത് ലോകം വീണ്ടുമൊരു പരിസ്ഥിതിദിനം ആചരിക്കുകയാണ്. പ്രകൃതിയെ മനുഷ്യൻ അമിതമായി ചൂഷണംചെയ്യുന്നതും മലിനീകരിക്കുന്നതുമാണ് വെല്ലുവിളികൾ. നമ്മുടെ ജീവിതശൈലിയിലുണ്ടായ മാറ്റമാണ് ഈ രണ്ടു വിപത്തുകളെയും ക്ഷണിച്ചുവരുത്തിയത്. ആവശ്യത്തിനുമാത്രം പ്രകൃതിവിഭവങ്ങൾ എടുക്കുക, ഉപയോഗിക്കുക, വലിച്ചെറിയാതിരിക്കുക എന്ന നയം സ്വീകരിച്ചാൽ തീരുന്നതേയുള്ളൂ പരിസ്ഥിതിനാശമെന്ന പ്രശ്നം. പക്ഷേ, പറയുംപോലെ അത്ര എളുപ്പമല്ല അത്. ദുര മനുഷ്യനെ അത്രമേൽ കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഈ പരിസ്ഥിതിദിനത്തിൽ ഐക്യരാഷ്ട്രസഭ(യുഎൻ) നമ്മളിൽനിന്ന് ആവശ്യപ്പെടുന്നത് ‘വലിച്ചെറിയാതിരിക്കാ’നുള്ള വിവേകമാണ്. ‘പ്ലാസ്റ്റിക് മലിനീകരണത്തെ പരാജയപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ യുഎൻ പരിസ്ഥിതിദിന പ്രമേയം. 

പത്തൊൻപതാംനൂറ്റാണ്ടിന്റെ അവസാനകാലത്ത് കണ്ടുപിടിച്ച പ്ലാസ്റ്റിക് ഇന്ന് സർവമേഖലയിലും ആവശ്യമായിവന്നിരിക്കുന്ന വസ്തുവാണ്. അലക്ഷ്യമായി കൈകാര്യംചെയ്യുന്ന പോളിത്തീൻ കാരിബാഗുകൾമുതൽ ജീവൻരക്ഷിക്കുന്ന കൃത്രിമ ഹൃദയവാൽവ് വരെ പ്ലാസ്റ്റിക്കിന് പല വകഭേദങ്ങളുണ്ട്. പക്ഷേ, ശരിയായി ഉപയോഗിച്ചില്ലെങ്കിൽ പ്രകൃതിക്കും അതുവഴി മനുഷ്യനും ഇത്രയേറെ ഹാനിവരുത്താവുന്ന മറ്റൊന്നില്ല. മണ്ണിൽ അലിയാത്തതും നശിപ്പിക്കാനാകാത്തതുമായ വസ്തുക്കൾ മിക്കതും പ്രകൃതിക്ക് എതിരുതന്നെ. അക്കൂട്ടത്തിലെ പ്രധാനിയാണ് പ്ലാസ്റ്റിക്. എന്തിനും ഏതിനും ഉപയോഗിക്കാവുന്ന ഈ വസ്തു പക്ഷേ, ഭൂമിയെയും സമുദ്രങ്ങളെയും ശ്വാസംമുട്ടിച്ച് ജീവജാലങ്ങൾക്കെല്ലാം ഭീഷണിയുയർത്തുന്നു. പ്ലാസ്റ്റിക് വ്യാപനത്തിന്റെ ഉത്തരവാദിത്വം മനുഷ്യനുമാത്രമുള്ളതാണ്. നിരുത്തരവാദപരമായി ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്, മണ്ണിനെ മലിനമാക്കുന്നു. കടലിൽ കലരുന്ന ചെറുതരി പ്ലാസ്റ്റിക്, മത്സ്യങ്ങളിലൂടെ നമ്മുടെ ശരീരത്തിലുമെത്തുന്നു. ഈ അപകടകാരിയെ പിടിച്ചുകെട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ലോകം ഇത്തവണ പരിസ്ഥിതിദിനം ആചരിക്കുന്നത്. പക്ഷേ, അതു യാഥാർഥ്യമാകണമെങ്കിൽ ഭരണകൂടങ്ങളുടെ ഇച്ഛാശക്തിയും ഓരോ വ്യക്തിയുടെയും സമർപ്പിതശ്രദ്ധയും അനിവാര്യമാണ്. 

കോടിക്കണക്കിന് ടൺ പ്ലാസ്റ്റിക്കാണ് ലോകത്ത് ഓരോവർഷവും ഉത്പാദിപ്പിക്കുന്നത്. ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന രാജ്യങ്ങളിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. ഈ മാലിന്യം മണ്ണിലും ജലാശയങ്ങളിലുമായി വലിച്ചെറിയപ്പെടുകയാണ്. തിരുവനന്തപുരത്ത് പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടി ആമയിഴഞ്ചാൻതോട്ടിൽ ശുചീകരണത്തൊഴിലാളി മരിച്ച സംഭവം നാം മറന്നിട്ടുണ്ടാവില്ല. അതിനുംമുൻപ്, ബ്രഹ്മപുരം ഖരമാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തം ദിവസങ്ങളോളം കൊച്ചിയെ വിഷപ്പുക ശ്വസിപ്പിച്ചപ്പോഴും കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഭവിഷ്യത്ത് നമ്മൾ അനുഭവിച്ചറിഞ്ഞതാണ്. ഒറ്റത്തവണയുപയോഗത്തിനുള്ള പ്ലാസ്റ്റിക്കിന് രാജ്യത്ത് നിരോധനമേർപ്പെടുത്തിയത് 2022-ലാണെങ്കിൽ, 2020-ൽത്തന്നെ അതു നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. പക്ഷേ, അഞ്ചുവർഷത്തിനുശേഷവും ഇതു ഫലവത്തായി എന്നു തീർത്തുപറയാനാകില്ല. ആമയിഴഞ്ചാൻതോട്ടിൽ കഴിഞ്ഞകൊല്ലമുണ്ടായ ദാരുണസംഭവം മാലിന്യസംസ്കരണത്തിൽ നാം കാണിക്കുന്ന വീഴ്ചയുടെ സാക്ഷ്യമായിരുന്നു. ഹരിതകർമസേനപോലുള്ള സംരംഭങ്ങൾ ഇക്കാര്യത്തിൽ ആവതുചെയ്യുന്നുണ്ടെങ്കിലും ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന അവബോധത്തിലേക്ക് സമൂഹം ഇനിയും ഉണർന്നിട്ടില്ല. പ്ലാസ്റ്റിക് പുനഃചംക്രമണത്തിന് സാധ്യമായ എല്ലാ വഴികളും ആരായാൻ ഭരണകൂടങ്ങളും തയ്യാറാകണം. (കടപ്പാട്‌ മാതൃഭൂമി)

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!