അപകടം നടന്ന് ഏഴു ദിവസത്തെ ചികില്‍സയാണ് പദ്ധതിയില്‍ ലഭിക്കുന്നത്
രാജ്യത്ത് എവിടെയും റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപയുടെ ചികില്‍സാ ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. കേന്ദ്ര ഗതാഗത മന്ത്രാലയം ദേശീയ ഹെല്‍ത്ത് അതോറിട്ടി മുഖേന നടപ്പാക്കുന്ന പദ്ധതി, അപകടത്തില്‍ പെടുന്നവര്‍ക്ക് വേഗത്തില്‍ ചികില്‍സ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ പണമൊന്നും അടക്കാതെ 1.5 ലക്ഷം രൂപ വരെയാണ് ചികില്‍സ ലഭ്യമാകുക.
ഇതിനായി രാജ്യ വ്യാപകമായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ സംസ്ഥാനങ്ങളിലും റോഡ് സേഫ്റ്റി കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൗണ്‍സിലിന്റെയും ദേശീയ ഹെല്‍ത്ത് അതോറിട്ടിയുടെയും വെബ് സൈറ്റുകളില്‍ ആശുപത്രികളുടെ വിവരങ്ങള്‍ ലഭ്യമാണ്.
ലഭിക്കുന്ന സേവനങ്ങള്‍
അപകടത്തില്‍ പരിക്കേറ്റവരെ ആശൂപത്രികളില്‍ എത്തിച്ചാല്‍ അടിയന്തിര ചികില്‍സ സൗജന്യമായി നല്‍കും. പദ്ധതിയില്‍ ഉള്‍പ്പെടാത്ത ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നതെങ്കില്‍ അപകടനില തരണം ചെയ്യുന്നതുവരെയുള്ള ചികില്‍സ നല്‍കും. തുടര്‍ന്ന് പദ്ധതിയിലുള്ള ആശുപത്രിയിലേക്ക് മാറ്റും. അപകട വിവരം ബന്ധുക്കള്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നിര്‍ബന്ധമായി അറിയിക്കണം. ആശുപത്രികള്‍ക്ക് ചികില്‍സാ ചെലവിന്റെ പണം ദേശീയ ഹെല്‍ത്ത് അതോറിട്ടി പിന്നീട് നല്‍കും. ചികില്‍സയുടെ രേഖകള്‍ അപകടത്തില്‍ പെടുന്നവരോ ബന്ധുക്കളോ സൂക്ഷിച്ചു വെക്കണം.
ഏഴു ദിവസം ചികില്‍സ
അപകടം നടന്ന് ഏഴു ദിവസത്തെ ചികില്‍സയാണ് പദ്ധതിയില്‍ ലഭിക്കുന്നത്. തുടര്‍ന്ന് ചികില്‍സ ആവശ്യമായാല്‍ ചെലവ് വ്യക്തിപരമായി വഹിക്കണം. 2024 മാര്‍ച്ചിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. കേന്ദ്ര റോഡ്‌സ് വിഭാഗം സെക്രട്ടറി, ദേശീയ പാത അതോറിട്ടി, ആഭ്യന്തര, ധനകാര്യ, ആരോഗ്യ മന്ത്രാലയങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, എന്‍.ജി.ഒകള്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിയാണ് പദ്ധതിയുടെ നടത്തിന് നേതൃത്വം നല്‍കുന്നത്.