റിയാദ്: സൗദി അറേബ്യയിലെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ”അജീര്‍ അല്‍-ഹജ്ജ്” സേവനത്തിനായി അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ സീസണല്‍ കരാറിലുള്ള തൊഴിലാളികളുടെ തൊഴില്‍ സുഗമമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഹജ്ജ് കാലയളവിലേക്ക് പ്രത്യേകമായി സീസണല്‍ കരാറുകള്‍ വഴി താല്‍ക്കാലിക തൊഴിലാളികളെ നിയമിക്കാന്‍ ബിസിനസുകളെ പ്രാപ്തമാക്കുന്ന സംവിധാനമാണിത്.
‘ബാബ് അജീര്‍’ പ്ലാറ്റ്ഫോം വഴി തൊഴിലന്വേഷകരെയും തൊഴിലുടമകളെയും ബന്ധിപ്പിച്ച് കൊണ്ട് സീസണല്‍ തൊഴില്‍ കരാറുകളുടെ പ്രയോജനം നേടാന്‍ ബിസിനസ്സ് ഉടമകളെ ഈ സേവനം അനുവദിക്കും. തൊഴിലന്വേഷകരെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു പാലമായി പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നു. ഹജ്ജ് സീസണില്‍ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയുള്ള വര്‍ക്ക്ഫ്ലോകള്‍ ഇത് സുഗമമാക്കുകയും നടപടികള്‍ ലളിതമാക്കുകയും ചെയ്യും
ഹജ്ജ് സീസണിലെ ജോലി ഒഴിവുകള്‍ പ്ലാറ്റ്ഫോം വഴി പോസ്റ്റ് ചെയ്യാന്‍ സ്ഥാപനങ്ങള്‍ക്ക് ഇത് വഴി സാധിക്കും. അതേസമയം തൊഴിലന്വേഷകര്‍ക്ക് ബ്രൗസ് ചെയ്യാനും ഈ അവസരങ്ങള്‍ക്കായി അപേക്ഷിക്കാനും കഴിയും. സൗദി നിവാസികളെയും പ്രവാസികളെയും താല്‍ക്കാലികമായി നിയമിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ക്ക് ‘അജീര്‍ അല്‍-ഹജ്ജ്’ വര്‍ക്ക് പെര്‍മിറ്റുകളും നല്‍കും.
സ്ഥാപനങ്ങള്‍ അവരുടെ സീസണല്‍ തൊഴിലാളികള്‍ക്ക് ഹജ്ജ് പെര്‍മിറ്റുകള്‍ നല്‍കണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നു. അതേസമയം നിയമലംഘകര്‍ക്ക് ചട്ടങ്ങള്‍ പ്രകാരം പിഴ ചുമത്തും. ഹജ്ജ് സീസണില്‍ പുണ്യസ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അബയോഡാറ്റ അപ്ലോഡ് ചെയ്യണം എന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ‘അജീര്‍’ സേവനം തൊഴില്‍ വിപണിയുടെ വഴക്കം വര്‍ധിപ്പിക്കുന്നതിനും പ്രാദേശിക തൊഴില്‍ സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
അതേസമയം തിരക്കേറിയ സീസണുകളില്‍ ബാഹ്യ റിക്രൂട്ട്മെന്റിനെ ആശ്രയിക്കുന്നത് ഈ മേഖലയിലെ തൊഴിലാളികളുടെ അഭാവം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഹജ്ജ് സീസണില്‍ സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും തീര്‍ത്ഥാടകരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
തീര്‍ത്ഥാടകര്‍ക്ക് ഫാമിലി കൗണ്‍സിലിംഗും പരിശീലനം ലഭിച്ച പ്രൊഫഷണലുകള്‍ നടത്തുന്ന കുട്ടികളുടെ ഹോസ്പിറ്റാലിറ്റി സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിവിധ സാമൂഹിക പിന്തുണാ സേവനങ്ങളും ലഭ്യമാകും. അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുന്നത് മുതല്‍ ഗ്രാന്‍ഡ് മോസ്കിനുള്ളില്‍ മാര്‍ഗനിര്‍ദേശവും സഹായവും നല്‍കുന്നത് വരെയുള്ള നിരവധി മേഖലകളില്‍ മന്ത്രാലയം സന്നദ്ധസേവന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.